എമ്പുരാന്‍ ഇഷ്ടമാകാത്തവരുണ്ട്, പക്ഷേ മൂന്നാം ഭാഗം ചെയ്യാന്‍ എനിക്ക് മോട്ടിവേഷന്‍ നല്‍കുന്നത് ആ ഒരു കാര്യം: പൃഥ്വിരാജ്
Malayalam Cinema
എമ്പുരാന്‍ ഇഷ്ടമാകാത്തവരുണ്ട്, പക്ഷേ മൂന്നാം ഭാഗം ചെയ്യാന്‍ എനിക്ക് മോട്ടിവേഷന്‍ നല്‍കുന്നത് ആ ഒരു കാര്യം: പൃഥ്വിരാജ്
അമര്‍നാഥ് എം.
Thursday, 16th April 2026, 10:54 pm

മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലും ആഘോഷത്തിലും പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. ലൂസിഫറിന്റെ സീക്വലായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും കടപുഴക്കിയിരുന്നു. വമ്പന്‍ കളക്ഷന്‍ നേടിയെങ്കിലും ആദ്യഭാഗത്തോട് നീതി പുലര്‍ത്താന്‍ എമ്പുരാന് സാധിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

250 കോടിയോളമായിരുന്നു എമ്പുരാന്റെ കളക്ഷന്‍. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാന്‍ഡ് മേക്കിങ്ങുമായി എത്തിയ എമ്പുരാന്‍ പ്രേക്ഷകരെ പല കാര്യങ്ങളിലും വിസ്മയിപ്പിച്ചു. എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സംഘപരിവാറിനെ ചൊടിപ്പിച്ചതും പൃഥ്വിരാജിനെതിരെ സൈബര്‍ അറ്റാക്ക് നടന്നതും വലിയ വാര്‍ത്തയായി.

പൃഥ്വിരാജ് Photo: Screen grab/ Asianet News

ഇപ്പോഴിതാ ലൂസിഫര്‍ ട്രിലോജിയിലെ മൂന്നാമത്തെ ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തോടും എമ്പുരാനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയാണ് പൃഥ്വിരാജ്. വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നതാണ് തന്റെ ശൈലിയെന്ന് പൃഥ്വിരാജ് പറഞ്ഞു. പള്ളിച്ചട്ടമ്പിയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരാളല്ല ഞാന്‍. എമ്പുരാന്‍ എന്ന സിനിമ ഇഷ്ടമാകാത്ത ഒരുപാട് ആളുകളുണ്ടാകും. എന്നിരുന്നാലും പൊതുവായി നോക്കുമ്പോള്‍ ആ സിനിമക്ക് ഒരു തുടര്‍ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം, ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ പലരും ചോദിക്കുന്നത് L3 ഉണ്ടാകുമോ എന്നാണ്. ഒരു ചോദ്യമെങ്കിലും അതിനെക്കുറിച്ച് ഉണ്ടാകും.

L3, എമ്പുരാന്‍ Photo: Reddit

അല്ലാതെ ഇന്നുവരെ ഞാന്‍ ഏതെങ്കിലും പ്രസ്മീറ്റില്‍ വന്നിരുന്നിട്ട് ‘എന്റമ്മോ, L3യെക്കുറിച്ച് ഒന്നും ചോദിക്കല്ലേ’ എന്ന് പറയാറില്ല. ആ പ്രൊജക്ട് തുടങ്ങാന്‍ ഏറ്റവും വലിയ തടസമെന്ന് പറയുന്നത് എന്റെ അവൈലബിലിറ്റിയാണ്. ലാലേട്ടന്റെ സമയം എന്റെ സമയത്തെക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ, അതിന്റെ ഏറ്റവും വലിയ ചാലഞ്ചെന്ന് പറയുന്നത് ഞാന്‍ ആ സിനിമക്ക് വേണ്ടി സമയം മാറ്റിവെക്കേണ്ടി വരുന്നതാണ്. അത് മാത്രമല്ല, സംവിധാനം ചെയ്യാന്‍ വേറെയും പ്രൊജക്ടുകളുണ്ട്. അതൊക്കെയാണ് പ്രധാന തടസം,’ പൃഥ്വിരാജ് പറഞ്ഞു.

പള്ളിച്ചട്ടമ്പിയില്‍ പൃഥ്വിരാജ് അതിഥിവേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ ആം നോബഡിയാണ് പൃഥ്വിയുടെ അടുത്ത റിലീസ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ, രാജമൗലിയുടെ വാരണാസി, വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി എന്നിവയാണ് ഈ വര്‍ഷം പൃഥ്വിയുടെ പ്രൊജക്ടുകള്‍.

Content Highlight: Prithviraj Sukumaran about the update of L3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം