കാര്യമായി വലിയ മലയാള ചിത്രങ്ങളൊന്നും റിലീസിനില്ലാത്ത ജൂലൈ മാസത്തില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ഐ നോബഡി. നാളെ (ജൂലൈ 9) തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രീ സെയലില്‍ കിട്ടുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാ പേജുകള്‍ പുറത്ത് വിടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ആപ്പുകളിലെ പ്രീ ബുക്കിങ്ങിലൂടെയും മറ്റും ചിത്രം ഇതിനോടകം 75 ലക്ഷം രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന്റെ അവസാന മണിക്കൂറുകളില്‍ വലിയ കുതിച്ചു ചാട്ടം പ്രീസെയിലില്‍ നടത്തിയേക്കുമെന്നാണ് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്.
ഐ നോബഡി . Photo: Pinkvilla
കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഐ നോബഡിയ്ക്ക് ഹൈപ്പേറെയാണ്. പൃഥ്വിരാജിന് പുറമെ പാര്‍വതി തിരുവോത്ത്, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറുകളും ട്രെയ്‌ലറുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും ചിത്രത്തിന്റെ ഴോണറിനെ കുറിച്ചുള്ള സൂചന നല്‍കാത്ത വിധത്തിലായിരുന്നു ടീസറുകളും ട്രെയ്‌ലറുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബാങ്ക് റോബറിയെ കുറിച്ച് ട്രെയ്‌ലറില്‍ സൂചന നല്‍കുന്നുണ്ടെങ്കിലും കഥാപശ്ചാത്തലം വ്യക്തമല്ല. എന്നാല്‍ ഐ മോബഡിയില്‍ ആക്ഷന് വലിയ പ്രധാന്യമുണ്ടെന്ന് അപ്‌ഡേറ്റുകള്‍ സൂചന നല്‍കുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ രാജീവന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്.
ഐ നോബഡി . Photo: X.com
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. കെട്ട്യോളാണ് മാലാഖ എന്ന ചിത്രം കണ്ടപ്പോള്‍ നല്ല ക്രാഫ്റ്റുള്ള സംവിധായകന്‍ മലയാള സിനിമയിലേക്ക് വരുന്നുണ്ടെന്ന് തനിക്ക് തോന്നിയതായി പൃഥ്വിരാജ്, നിസാം ബഷീറിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഐ നോബഡിയുടെ കഥ കേട്ടപ്പോള്‍ താന്‍ നിര്‍മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Prithviraj Starrer I nobody gests good pre Sale business