| Friday, 28th March 2025, 3:18 pm

ഞാന്‍ ചിന്തിച്ച മൂന്ന് കാര്യങ്ങളും ആ സിനിമയിലൂടെ സാധിച്ചെന്നാണ് എന്റെ വിശ്വാസം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് മികച്ച നടനെന്ന് പേരെടുത്ത പൃഥ്വിരാജ് കൈവെച്ച മേഖലകളിലെല്ലാം മികച്ച അഭിപ്രായം സ്വന്തമാക്കി. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്കിണങ്ങുമെന്ന് തെളിയിച്ച പൃഥ്വി ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ്.

ഒരു സിനിമ ചെയ്യുമ്പോള്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് താന്‍ സാധിക്കാന്‍ ശ്രമിക്കാറുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതം എന്ന സിനിമ ഉദാഹരണമായെടുക്കാമെന്നും ആ സിനിമയിലൂടെ എന്താണോ പറയാനുദ്ദേശിച്ചത് അത് നടന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. അതില്‍ താന്‍ സന്തോഷവാനാണെന്നും പൃഥ്വിരാജ് പറഞ്ഞു.

രണ്ടാമത്തെ കാര്യം ആ സിനിമക്ക് വേണ്ടി തന്റെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കണമെന്ന് ചിന്തിച്ചെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സിനിമ റിലീസായ ശേഷം തനിക്ക് പകരം മറ്റൊരാളെ സങ്കല്പിക്കാന്‍ തോന്നരുതെന്ന് നിര്‍ബന്ധമുണ്ടെന്നും പൃഥ്വി പറഞ്ഞു. ചിത്രം കണ്ടിട്ട് ആരെങ്കിലും ബ്ലെസിയോട് തനിക്ക് പകരം ബിസിയല്ലാത്ത ആരെയെങ്കിലും നോക്കിക്കൂടായിരുന്നോ എന്ന് ചോദിക്കാന്‍ ഇടവരുത്തരുതെന്ന് ചിന്തിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. ആ കാര്യവും സാധിച്ചെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഒരുപാട് ആളുകള്‍ ആ സിനിമ കാണണമെന്നായിരുന്നു തന്റെ മൂന്നാമത്തെ ആഗ്രഹമെന്നും അക്കാര്യവും സാധിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. കൊവിഡ് പാന്‍ഡെമിക് കാരണം സിനിമയുടെ ബജറ്റ് പ്രതീക്ഷിച്ചതിലും അധികമായെന്നും ആ കാര്യം മാറ്റിനിര്‍ത്തിയാല്‍ ആടുജീവിതത്തിന്റെ കാര്യത്തില്‍ താന്‍ സന്തോഷവാനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഒരു സിനിമ ചെയ്യുമ്പോള്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുക. അതിലായിരിക്കും എന്റെ ശ്രദ്ധ മുഴുവന്‍. ഉദാഹരണത്തിനായി ആടുജീവിതം എടുക്കാം. ആദ്യത്തെ കാര്യം, ആ സിനിമ എങ്ങനെയാണോ എടുക്കാന്‍ ഉദ്ദേശിച്ചത് ആ രീതിയില്‍ പൂര്‍ണമായും എടുക്കുക. ആടുജീവിതത്തില്‍ അത് സാധിച്ചതില്‍ ഞാന്‍ ഹാപ്പിയാണ്.

രണ്ടാമത്തെ കാര്യം, എന്റെ മാക്‌സിമം എഫര്‍ട്ട് ആ സിനിമക്കായി നല്‍കുക. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ എനിക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ എന്ന് പറയാതിരിക്കുക. പടം കണ്ടിറങ്ങിയിട്ട് ബ്ലെസി ചേട്ടനോട് ആരെങ്കിലും ചെന്ന് ‘പൃഥ്വിക്ക് പകരം അത്ര ബിസിയല്ലാത്ത ആരെയെങ്കിലും കാസ്റ്റ് ചെയ്തുകൂടായിരുന്നോ’ എന്ന് ചോദിക്കാതിരിക്കുക. അതും സാധിച്ചു.

മൂന്നാമത്തെ കാര്യം, ആ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തുക, കൂടുതല്‍ ആളുകള്‍ കാണുക എന്നൊക്കെയാണ്. അതും നടന്നു. പക്ഷേ, കൊവിഡ് പാന്‍ഡെമിക് കാരണം ആ സിനിമയുടെ ബജറ്റ് ഞങ്ങള്‍ വിചാരിച്ചതിലും മുകളില്‍ പോയി. ആ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ കുറച്ച് നിരാശനാണ്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj shares the three things he always cares about when doing a film

We use cookies to give you the best possible experience. Learn more