| Sunday, 30th March 2025, 7:22 pm

ഞാനും മുരളി ഗോപിയും സ്‌ക്രിപ്റ്റ് കംപ്ലീറ്റായ ഉടന്‍ പറഞ്ഞത് ഈ പ്രൊജക്ട് നടക്കില്ല എന്നായിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ പ്രേക്ഷകരിലേക്കെത്തിയത്. ബജറ്റും മേക്കിങ്ങും കൊണ്ട് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ ഇതിനോടകം 150 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. താനും മുരളി ഗോപിയും ചേര്‍ന്നാണ് ഈ പ്രൊജക്ട് കണ്‍സീവ് ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം താനും മുരളി ഗോപിയും ചേര്‍ന്ന് ഡിസ്‌കഷന് ഇരുന്നെന്നും ആ സമയത്ത് താന്‍ ആദ്യം പറഞ്ഞത് ഈ പ്രൊജക്ട് നടക്കില്ല എന്നായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സ്‌ക്രിപ്റ്റ് വായിച്ചയുടന്‍ അത് താന്‍ മനസില്‍ കണ്ടത് വലിയ ഒരു ക്യാന്‍വാസിലാണെന്നും അതേപടി സിനിമയാക്കുന്നത് ബുദ്ധിമുട്ടാണെന്ന് അപ്പോള്‍ തന്നെ മനസിലായെന്നും പൃഥ്വിരാജ് പറഞ്ഞു. അതിനായ താന്‍ മോഹന്‍ലാലിനെയും ആന്റണി പെരുമ്പവൂരിനെയും വിളിച്ച് സംസാരിച്ചിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ടെക്‌നിക്കല്‍ ക്രൂവല്ലാതെ എമ്പുരാന്റെ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നരേഷന്‍ കേട്ട രണ്ടുപേര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു. അവരുടെ സപ്പോര്‍ട്ട് ആദ്യാവസാനം ഈ പ്രൊജക്ടിനൊപ്പം ഉണ്ടായിരുന്നെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്റെ പ്രസ്മീറ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘മുരളി ഗോപി ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ അതിനെ എങ്ങനെ കണ്‍സീവ് ചെയ്യണമെന്ന ചിന്തയില്‍ ഒരു ഡിസ്‌കഷന് ഇരുന്നു. ആ ഡിസ്‌കഷനില്‍ ഞാന്‍ ആദ്യം പറഞ്ഞത് ‘ഈ പ്രൊജക്ട് നടക്കില്ല’ എന്നായിരുന്നു. കാരണം സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച കാര്യങ്ങള്‍ ഞാന്‍ മനസില്‍ കണ്ടത് വലിയൊരു ക്യാന്‍വാസിലായിരുന്നു.

അത് അതേപടി എടുത്ത് സിനിമയാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലായി. ഞാന്‍ ലാലേട്ടനെയും ആന്റണി ചേട്ടനെയും വിളിച്ച് സംസാരിച്ചു. ഈ പടത്തിന്റെ ക്രൂവല്ലാതെ ഇതിന്റെ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നരേഷന്‍ കേട്ട രണ്ടുപേര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മാത്രമാണ്. അവരുടെ സപ്പോര്‍ട്ടാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj shares the pre production of Empuraan movie

We use cookies to give you the best possible experience. Learn more