| Wednesday, 5th February 2025, 4:02 pm

നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്ത് അച്ഛന്റെ കൂടെപ്പോയി കണ്ട ആ സിനിമ എന്നെ ഡിസ്റ്റേര്‍ബ്ഡ് ആക്കി: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത് സംവിധാനം നന്ദനത്തിലൂടെ സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വി, വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനും പൃഥ്വിക്ക് സാധിച്ചു.

തനിക്ക് സിനിമയോട് താത്പര്യമുണ്ടായതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. താന്‍ ചെറുപ്പത്തില്‍ വലിയൊരു മൂവീ ബഫ് അല്ലായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ തന്റെ അച്ഛന്‍ സുകുമാരന്‍ നടന്‍ എന്നതിനോടൊപ്പം ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നെന്നും ഒരുപാട് സിനിമകള്‍ അദ്ദേഹം കാണുമായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഗവണ്മെന്റിന്റെ കീഴിലുള്ള തിയേറ്ററുകളില്‍ ചില ദിവസങ്ങളില്‍ പോകുമായിരുന്നെന്നും ഇടയ്ക്ക് തന്നെയും കൂട്ടുമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. 25 രൂപയുടെ ടിക്കറ്റെടുത്ത് ആളുകള്‍ ഇരിക്കുന്ന ഭാഗത്ത് ഇരുന്നാകും സിനിമ കാണാറുള്ളതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. പലപ്പോഴും സെക്കന്‍ഡ് ഷോയ്ക്ക് ആയിരിക്കും പോകാറുള്ളതെന്നും അങ്ങനെ കണ്ട സിനിമകളിലൊന്നായിരുന്നു ഷിന്‍ഡ്‌ലേഴ്‌സ് ലിസ്‌റ്റെന്നും പൃഥ്വിരാജ് പറഞ്ഞു.

താന്‍ ആ സമയത്ത് നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നെന്നും ആ പ്രായത്തില്‍ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് കണ്ട് താന്‍ ഡിസ്റ്റേര്‍ബ്ഡ് ആയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. അച്ഛന് ചരിത്രത്തെപ്പറ്റി നല്ല അറിവുണ്ടായിരുന്നെന്നും സിനിമ കണ്ട ശേഷം അന്നത്തെ കാലത്ത് എന്താണ് ശരിക്ക് സംഭവിച്ചതെന്ന് വിശദീകരിച്ച് തന്നെന്നും പൃഥ്വി പറഞ്ഞു.

സിനിമ എന്ന മാധ്യമം അത്രക്ക് ശക്തമാണെന്ന് അന്നാണ് തനിക്ക് മനസിലായതെന്നും അതിന് ശേഷം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെട്ടതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയെ താന്‍ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത് ഒരു നടനായതിന് ശേഷമായിരുന്നെന്നും പൃഥ്വി പറഞ്ഞു. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഞാന്‍ ചെറുപ്പം തൊട്ടേ മൂവീ ബഫ് ആയിട്ടുള്ള ആളൊന്നും അല്ലായിരുന്നു. കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമേ സിനിമ കാണാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്റെ അച്ഛന്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി കുറച്ചുകാലം ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം പല ക്ലാസിക് സിനിമകളും കണ്ടിരുന്നത് ഗവണ്മെന്റിന്റെ തിയേറ്ററില്‍ നിന്നായിരുന്നു. ആരെയും അറിയിക്കാതെ സെക്കന്‍ഡ് ഷോയ്ക്ക് ഒക്കെയായിരിക്കും പോവാറുണ്ടായിരുന്നത്.

ചിലപ്പോഴൊക്കെ എന്നെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. സാധാരണ ആളുകള്‍ ഇരിക്കുന്ന അതേ ഏരിയയില്‍ തന്നെയായിരിക്കും ഞങ്ങളും ഇരിക്കുക. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ കൂടെ പോയി ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ കണ്ട്. ആ സിനിമ കണ്ട് ഞാന്‍ വല്ലാതെ ഡിസ്റ്റര്‍ബ്ഡ് ആയി.

അച്ഛന് ചരിത്രത്തില്‍ നല്ല അറിവുണ്ടായിരുന്നു. കോളേജ് ലക്ചററായിരുന്നു അദ്ദേഹം. ആ സിനിമ കണ്ടതിന് ശേഷം അന്ന് എന്താണ് ശരിക്ക് സംഭവിച്ചതെന്നൊക്കെ പറഞ്ഞ് തന്നു. സിനിമ എന്ന മാധ്യമത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന് അന്നാണ് മനസിലായത്. പിന്നീട് തിയേറ്ററില്‍ നിന്ന് കൂടുതലായി സിനിമ കാണാന്‍ ശ്രമിച്ചു. എന്നാല്‍ സിനിമയോട് വലിയ ഇഷ്ടം തോന്നിയത് ഞാനും ഒരു നടനായപ്പോഴാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj shares the memories of movies he watched with Sukumaran

We use cookies to give you the best possible experience. Learn more