| Saturday, 22nd March 2025, 5:41 pm

ആ നടനെ വെച്ച് ചെയ്യാനുള്ള സീന്‍ പെട്ടെന്ന് ചെയ്‌തോ, അയാളെ ഞാന്‍ എമ്പുരാനിലേക്ക് കൊണ്ടുപോവുകയാണെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുകയാണ് എമ്പുരാന്‍. മേക്കിങ് കൊണ്ടും കഥപറച്ചില്‍ കൊണ്ടും മലയാളത്തില്‍ വന്നതില്‍ ഏറ്റവും വലിയ സിനിമയാകും എമ്പുരാനെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ തെളിയിക്കുന്നുണ്ട്. മലയാളത്തിന് പുറത്ത് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്നുണ്ട്. ഗെയിം ഓഫ് ത്രോണ്‍സില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം.

ചിത്രത്തിന്റെ കാസ്റ്റിങ്ങില്‍ പലരെയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു കാര്‍ത്തികേയ ദേവിന്റേത്. സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ചാണ് കാര്‍ത്തികേയ ശ്രദ്ധേയനാകുന്നത്. എമ്പുരാനിലും പൃഥ്വിയുടെ ചെറുപ്പം തന്നെയാണ് കാര്‍ത്തികേയ അവതരിപ്പിക്കുന്നത്. എമ്പുരാനിലേക്ക് കാര്‍ത്തികേയയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

സലാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരുദിവസം പ്രശാന്ത് നീല്‍ അര്‍ധരാത്രി തന്നെ ഫോണ്‍ ചെയ്‌തെന്ന് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹം തനിക്ക് ഒരു വീഡിയോ അയച്ചിട്ട്, തിരക്കില്ലെങ്കില്‍ ഒന്ന് കണ്ടുനോക്കാന്‍ ആവശ്യപ്പെട്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. താന്‍ ആ വീഡിയോ പ്ലേ ചെയ്തപ്പോള്‍ അത് സലാറിലെ ഒരു റഫ് ഫൂട്ടേജായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു.

കാര്‍ത്തികേയയുടെ കഥാപാത്രം അയാളുടെ അധികാരചിഹ്നമായ കൈത്തള ഊരിയെറിയുന്ന സീനായിരുന്നു അതെന്നും അന്നാണ് താന്‍ കാര്‍ത്തികേയയെ ആദ്യമായി കണ്ടതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ പ്രശാന്ത് നീലിനെ ഫോണ്‍ ചെയ്‌തെന്നും കാര്‍ത്തികേയയുടെ പോര്‍ഷന്‍സ് പെട്ടെന്ന് എടുത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും പൃഥ്വി പറഞ്ഞു.

ഭാവിയില്‍ തെലുങ്കിലെ വലിയൊരു സ്റ്റാറാകാനുള്ള എല്ലാ പൊട്ടന്‍ഷ്യലും കാര്‍ത്തികേയക്കുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘കാര്‍ത്തികേയയെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. സലാറില്‍ വരദരാജമന്നാറിന്റെ ചെറുപ്പം അവതരിപ്പിച്ചയാളാണ് അവന്‍. സലാറില്‍ എനിക്കും അവനും ഒരുമിച്ച് ഷൂട്ടില്ലാത്തതുകൊണ്ട് നേരിട്ട് കണ്ടിരുന്നില്ല. ഷൂട്ടിനിടയില്‍ ഒരുദിവസം രാത്രി പ്രശാന്ത് നീല്‍ എന്നെ വിളിച്ചു. ‘ഞാനൊരു വീഡിയോ അയച്ചിട്ടുണ്ട്. തിരക്കില്ലെങ്കില്‍ ഒന്ന് നോക്കുമോ’ എന്ന് പ്രശാന്ത് ചോദിച്ചു.

ഞാന്‍ നോക്കിയപ്പോള്‍ അത് സലാറിലെ റഫ് ഫൂട്ടേജാണ്. കാര്‍ത്തികേയയുടെ ക്യാരക്ടര്‍ തന്റെ കൈത്തള ഊരിയെറിയുന്ന ഷോട്ടായിരുന്നു അത്. ആ സീന്‍ കണ്ടതും ഞാന്‍ പ്രശാന്തിനെ തിരിച്ചുവിളിച്ചു. ‘ആ നടനെ വെച്ച് ചെയ്യാനുള്ള സീന്‍ മുഴുവന്‍ പെട്ടെന്ന് എടുത്തോ, എനിക്കവനെ എമ്പുരാനിലേക്ക് വേണം’ എന്നായിരുന്നു പറഞ്ഞത്. ഭാവിയില്‍ തെലുങ്കിലെ മികച്ച നടന്മാരിലൊരാളായി അവന്‍ മാറുമെന്ന് ഉറപ്പാണ്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj shares how he casted Karthikeya Dev in Empuraan

We use cookies to give you the best possible experience. Learn more