| Saturday, 1st March 2025, 10:20 am

ബാഹുബലി ഒഴികെ പല സിനിമകളും ബിസിനസ് കൂട്ടാമെന്ന ചിന്തയിലാണ് രണ്ടാം ഭാഗം ഉണ്ടാക്കുന്നത്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് ആദ്യമായി സംവിധായകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. സംവിധായകന്റെ ആദ്യചിത്രമാണെന്നുള്ള യാതൊരു തോന്നലുമില്ലാത്ത തരത്തിലാണ് പൃഥ്വി ലൂസിഫര്‍ അണിയിച്ചൊരുക്കിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ചിത്രത്തിന്റെ തുടര്‍ഭാഗമായ എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ പല സിനിമകളും രണ്ടാം ഭാഗം എന്ന ട്രെന്‍ഡ് പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ബിസിനസ് സെന്‍സില്‍ മാത്രമാണ് ഇത്തരം ട്രെന്‍ഡ് പലരും പിന്തുടരുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു പ്രൊഡക്ഷന്‍ ഹൗസ് ഒരു സിനിമ ചെയ്ത് ഹിറ്റായ ശേഷം അടുത്ത സിനിമ അതേ യൂണിവേഴ്‌സിലാണെന്ന് പറഞ്ഞാലോ അല്ലെങ്കില്‍ ആ കഥയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാലോ ആ സിനിമക്ക് പ്രതീക്ഷ കൂടുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ക്കിടയില്‍ സിനിമക്ക് ഹൈപ്പ് കയറുന്നതിന് പുറമെ അതിന്റെ ബിസിനസില്‍ അക്കാര്യം പ്രതിഫലിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ആദ്യഭാഗത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് നേടിയ അതേ ഒ.ടി.ടി പ്ലാറ്റ്‌ഫോം തന്നെ രണ്ടാം ഭാഗവും വാങ്ങാന്‍ ശ്രമിക്കുമെന്നും അങ്ങനെ സിനിമയുടെ ബിസിനസ് നല്ല രീതിയില്‍ നടക്കുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രണ്ടാം ഭാഗത്തിനുള്ള ഡ്രൈവിങ് ഫോഴ്‌സ് ഒരിക്കലും ബിസിനസ് മൈന്‍ഡ് ആകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ കഥക്ക് രണ്ടാം ഭാഗം ആവശ്യമാണെങ്കില്‍ മാത്രമേ അങ്ങനെ ചെയ്യാവൂ എന്നും അത്തരം ട്രെന്‍ഡ് പോപ്പുലറായത് ബാഹുബലിക്ക് ശേഷമാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ആ കഥ രണ്ട് സിനിമയായി പറയേണ്ട ഒന്ന് തന്നെയാണെന്നും അത്തരം കഥകള്‍ക്ക് രണ്ടാം ഭാഗം ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ എന്ന സിനിമക്ക് രണ്ടാം ഭാഗം വന്നില്ലെങ്കില്‍ പോലും ഭാവിയില്‍ ഒരു സ്റ്റാന്‍ഡ് എലോണായി കാണാന്‍ കഴിയുന്ന തരത്തിലാണ് ആ സിനിമ അവസാനിപ്പിച്ചതെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എമ്പുരാന്റെ ക്ലൈമാക്‌സ് ഒരു ക്ലിഫ് ഹാങിങ് മൊമന്റിലാണ് അവസാനിക്കുന്നതെന്നും മൂന്നാം ഭാഗം കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുമെന്നും പൃഥ്വി പറഞ്ഞു. എച്ച്.ടി. സിറ്റിയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘പല സിനിമകളും രണ്ടാം ഭാഗം ഒരുക്കുന്നത് ബിസിനസ് സെന്‍സില്‍ മാത്രമാണ്. ഇപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ഒരു സിനിമ ചെയ്ത് അത് വലിയ ഹിറ്റായെന്ന് കരുതുക. അവരുടെ അടുത്ത സിനിമ അതേ യൂണിവേഴ്‌സില്‍ നടക്കുന്നതാണെന്നോ അല്ലെങ്കില്‍ ആ കഥയുടെ തുടര്‍ച്ചയാണെന്നോ സൂചന നല്‍കിയാല്‍ അതോടെ സിനിമയുടെ മേലുള്ള പ്രതീക്ഷ പെട്ടെന്ന് കൂടും.

അത് ബിസിനസിനെയും സഹായിക്കും. ആദ്യ ഭാഗത്തിന്റെ റൈറ്റ്‌സ് നേടിയ അതേ പ്ലാറ്റ്‌ഫോം തന്നെ രണ്ടാം ഭാഗത്തിനുള്ള റൈറ്റ്‌സ് സ്വന്തമാക്കാന്‍ ശ്രമിക്കും. എന്നാല്‍ രണ്ടാം ഭാഗത്തിനുള്ള ഡ്രൈവിങ് ഫോഴ്‌സ് ഒരിക്കലും ബിസിനസ് മൈന്‍ഡ് ആകരുത്. കഥ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ രണ്ടാം ഭാഗം ചെയ്യാന്‍ പാടുള്ളൂ. ഉദാഹരണത്തിന് ബാഹുബലി എന്ന കഥ ഒരു സിനിമയില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. അത്തരം സിനിമകള്‍ക്ക് രണ്ടാം ഭാഗം എന്തായാലും ആവശ്യമാണ്.

ലൂസിഫര്‍ എന്ന സിനിമ ആദ്യം മുതല്‍ക്കേ ട്രിലോജിയായി ഉദ്ദേശിച്ച ചിത്രമായിരുന്നു. എന്നാല്‍ ആ സിനിമ അവസാനിക്കുന്നത് ഒരു സാധാരണ പോയിന്റില്‍ തന്നെയാണ്. ഭാവിയില്‍ കാണുമ്പോള്‍ അതൊരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായി മാത്രമേ തോന്നുള്ളൂ. എന്നാല്‍ എമ്പുരാന്‍ അവസാനിക്കുന്നത് ഒരു ക്ലിഫ് ഹാങ്ങിങ് മൊമന്റിലാണ്. മൂന്നാം ഭാഗത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുന്ന തരത്തിലാണ് എമ്പുരാന്‍ അവസാനിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj shares his view on sequel trend in Indian cinema

We use cookies to give you the best possible experience. Learn more