| Thursday, 30th January 2025, 4:09 pm

ലൂസിഫര്‍ പന്ത്രണ്ട് എപ്പിസോഡുള്ള സീരീസായി ഇറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. കഴിഞ്ഞദിവസം എമ്പുരാന്റെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്. ലൂസിഫര്‍ മൂന്ന് ഫ്രാഞ്ചൈസികളായി ഇറക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ പന്ത്രണ്ട് എപ്പിസോഡുള്ള വെബ് സീരീസ് ആകാമെന്നാണ് കരുതിയതെന്നും അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഈ മെയിന്‍ സ്ട്രീം സിനിമയുടെ പല ഫ്ളെയ്വറും ഉണ്ടായെന്ന് വരില്ലെന്നും പൃഥ്വിരാജ് പറയുന്നു.

സിനിമയായി ചെയ്യാം എന്ന് തീരുമാനിച്ചപ്പോള്‍ മൂന്ന് ഭാഗങ്ങള്‍ ആകാമെന്ന് കരുതിയെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ആദ്യമായി താന്‍ സംവിധായകന്‍ ആകുമ്പോള്‍ മൂന്ന് ഭാഗമുള്ള സിനിമയാണ് ചെയ്യുന്നതെന്നറിഞ്ഞാല്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും എന്നതിനാല്‍ ലൂസിഫറിന്റെ സക്‌സസ് സെലിബ്രേഷനിലാണ് രണ്ടും മൂന്നും ഭാഗത്തിന്റെ കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ലൂസിഫര്‍ മൂന്ന് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായി ഇറക്കണം എന്നുതന്നെയാണ് തീരുമാനിച്ചിരുന്നത്. ആദ്യം മുതലേ അത് അങ്ങനെ ആയിരുന്നു. കഥ ആദ്യം കേട്ടപ്പോള്‍ വളരെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ആദ്യം ഞങ്ങള്‍ പന്ത്രണ്ട് എപ്പിസോഡുള്ള വെബ് സീരീസ് ആകാം എന്നാണ് കരുതിയത്. അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഈ മെയിന്‍ സ്ട്രീം സിനിമയുടെ പല ഫ്ളെയ്വറും ഉണ്ടായെന്ന് വരില്ല.

സിനിമയായി ചെയ്യാം എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മൂന്ന് ഭാഗങ്ങള്‍ ആകാമെന്ന് തീരുമാനിച്ചിരുന്നു.

എന്നാല്‍ 2016 -17 കാലത്തൊന്നും ഈ രണ്ടും മൂന്നും പാര്‍ട്ടായി സിനിമ എടുക്കുന്നത് അത്ര പോപ്പുലര്‍ അല്ല. മാത്രമല്ല ഞാന്‍ ആദ്യമായി സംവിധായക കുപ്പായം അണിയുമ്പോള്‍ തന്നെ ഒരു മൂന്ന് ഭാഗങ്ങളുള്ള സിനിമയാണ് ചെയ്യുന്നത് എന്നറിഞ്ഞാല്‍ ആളുകള്‍ അത്ഭുതപ്പെടും.

ഒന്നാം ഭാഗം വര്‍ക്ക് ആയില്ലെങ്കില്‍ പിന്നെ രണ്ടാം ഭാഗത്തെ കുറിച്ച് നമ്മള്‍ ആലോചിച്ചിട്ട് കാര്യം ഇല്ലാലോ. അതുകൊണ്ടുതന്നെ ലൂസിഫറിന്റെ സക്‌സസ് സെലിബ്രേഷന്‍ വരെ ഞങ്ങള്‍ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. സക്‌സസ് സെലിബ്രേഷന്റെ അന്ന് വൈകുന്നേരം മാത്രമാണ് രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് ഞങ്ങള്‍ അനൗണ്‍സ് ചെയ്യുന്നത്,’ പൃഥ്വിരാജ് പറയുന്നു.

Content highlight: Prithviraj says Lucifer film was initially planned to create a 12 episode web series

We use cookies to give you the best possible experience. Learn more