| Monday, 27th January 2025, 3:05 pm

ഈയടുത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ട്രെയ്‌ലര്‍ ആ തമിഴ് സിനിമയുടേത്: പൃഥ്വിരാജ് സുകുമാരന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ തുടര്‍ഭാഗം വരുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ലൂസിഫറിനെക്കാള്‍ വലിയ ലോകം എമ്പുരാനില്‍ കാണിക്കുന്നുണ്ടെന്നാണ് ഗ്ലിംപ്‌സ് നല്‍കുന്ന സൂചന. ആശീര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാന്റെ നിര്‍മാണപങ്കാളിയാകുന്നുണ്ട്.

ഗ്ലിംപാസിന്റെ ലോഞ്ചിനിടെ ലൈക്ക പ്രൊഡക്ഷന്‍സിനെക്കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ലൈക്ക പ്രൊഡക്ഷന്‍സ് ഒരുപാട് ബിഗ് ബജറ്റ് സിനിമകള്‍ ചെയ്ത് എക്‌സ്പീരിയന്‍സുള്ളവരാണെന്ന് പൃഥ്വി പറഞ്ഞു. എമ്പുരാനൊപ്പം ലൈക്ക നിര്‍മിക്കുന്ന മറ്റൊരു ചിത്രമായ വിടാമുയര്‍ച്ചിയും ഉടനെ റിലീസുണ്ടാകുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

താന്‍ ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ട്രെയ്‌ലര്‍ വിടാമുയര്‍ച്ചിയുടേതാണെന്നും പൃഥ്വി പറഞ്ഞു. വിടാമുയര്‍ച്ചി വലിയൊരു വിജയമാകണമെന്ന് സംവിധായകന്‍ മഗിഴ് തിരുമേനിയെപ്പോലെ താനും ആഗ്രഹിക്കുന്നുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. വിടാമുയര്‍ച്ചിയെപ്പോലെ വലിയൊരു സ്‌കെയിലിലാണ് എമ്പുരാനും ഒരുങ്ങുന്നതെന്നും രണ്ട് സിനിമകളും പ്രേക്ഷകര്‍ ഒരുപോലെ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘ആശീര്‍വാദിനൊപ്പം ഈ സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ലൈക്കയുടെ ആദ്യത്തെ മലയാളസിനിമയാണ്. ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മിച്ച് ഒരുപാട് എക്‌സ്പീരിയന്‍സ് ഉള്ളവരാണ് അവര്‍. എമ്പുരാനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സ് മറ്റൊരു ബിഗ് ബജറ്റ് സിനിമയും നിര്‍മിച്ചിരുന്നു. അജിത് സാറിന്റെ വിടാമുയര്‍ച്ചിയാണ് ആ സിനിമ.

അതിന്റെ സംവിധായകന്‍ മഗിഴ് തിരുമേനിയും ഇന്ന് ഈ ചടങ്ങിന് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ആ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ഈയടുത്ത് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ട്രെയ്‌ലര്‍ വിടാമുയര്‍ച്ചിയുടേതാണ്. മഗിഴ് തിരുമേനിയെപ്പോലെ ആ സിനിമ വലിയ വിജയമാകണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. എമ്പുരാനും വിടാമുയര്‍ച്ചിയും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj saying he felt amazed after watching Vidamuyarchi trailer

We use cookies to give you the best possible experience. Learn more