| Wednesday, 26th February 2025, 3:17 pm

ഖുറേഷി അബ്രാമിനെ തൊടാന്‍ കഴിയുന്ന ആരെങ്കിലും എമ്പുരാനില്‍ ഉണ്ടാകുമോ? സംശയം ബാക്കിയാക്കി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനുമായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നത്. അതില്‍ 35ാമത്തെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് എമ്പുരാന്‍ ടീം.

ലൂസിഫറില്‍ ഏറ്റവുമധികം കൈയടി നേടിയ കഥാപാത്രങ്ങളിലൊരാളായിരുന്നു സയേദ് മസൂദ്. സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് സയേദായി വേഷമിട്ടത്. തിയേറ്ററുകളില്‍ പൃഥ്വിയുടെ ഇന്‍ട്രോയ്ക്ക് വന്‍ കൈയടിയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഖുറേഷി അബ്രാമിന്റെ വലംകൈയാണ് ഹിറ്റ് ഗ്രൂപ്പ് ലീഡര്‍ സയേദ് മസൂദ്.

ലൂസിഫറിലെക്കാള്‍ പ്രാധാന്യം എമ്പുരാനില്‍ സയേദിനുണ്ടാകുമെന്ന് പറയുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെ സയേദിനും ഒരു ഭൂതകാലമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ കഥാപാത്രത്തിന് ഒരു ലോകമുണ്ടായിരുന്നെന്നും അതിലേക്ക് ഖുറേഷി അബ്രാം എങ്ങനെയെത്തി എന്നും എമ്പുരാന്‍ പറയുന്നുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ലൂസിഫറിന്റെ ക്ലൈമാക്‌സില്‍ ഖുറേഷി അബ്രാമിന്റെ ഗ്യാങ്ങിനെ തൊടാന്‍ ലോകത്ത് വേറൊരു ശക്തിയുമില്ലെന്നാണ് ആളുകള്‍ ധരിച്ച് വെച്ചതെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ അത് ഒരു തെറ്റിദ്ധാരണയാണോ എന്ന ചോദ്യം പൃഥ്വിരാജ് ബാക്കിവെക്കുന്നുണ്ട്. എമ്പുരാന്റെ ക്യാരക്ടര്‍ റിവീലിങ് വീഡിയോയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ലൂസിഫറില്‍ ലോകത്തെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ട്രേഡിങ്ങില്‍ ഏറ്റവും ശക്തമായ നെക്‌സസിന്റെ തലവനാണ് ഖുറേഷി അബ്രാം. അയാളുടെ സ്വന്തം ഹിറ്റ് ടീമിന്റെ ഹെഡ്ഡായാണ് സയേദ് മസൂദിനെ കണ്ടത്. എന്നാല്‍ ഈ ഫ്രാഞ്ചൈസിയിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെ ഒരു പാസ്റ്റ് സയേദ് മസൂദിനുമുണ്ട്. അയാളുടേതായിട്ടുള്ള ഒരു ലോകമുണ്ട്. ആ ലോകത്തിലേക്ക് ഖുറേഷി അബ്രാം എങ്ങനെയെത്തി എന്ന് എമ്പുരാന്‍ പറയുന്നുണ്ട്.

ലൂസിഫറിന്റെ ക്ലൈമാക്‌സില്‍ ഖുറേഷി അബ്രാം ഗ്യാങ്ങിനെ തൊടാന്‍ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല എന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്. അത് തെറ്റായ ഒരു ധാരണയായിരുന്നോ? അതിനെക്കാള്‍ പവര്‍ഫുള്ളായിട്ടുള്ള ശക്തി വേറെയുണ്ടാകുമോ? എമ്പുരാനില്‍ അതിനുള്ള ഉത്തരമുണ്ടാകും,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj’s character revealing video of Empuraan out now

We use cookies to give you the best possible experience. Learn more