| Saturday, 1st February 2025, 3:15 pm

ആ നടന്റെ പ്രായമാകുമ്പോള്‍ എനിക്കും അയാളെപ്പോലെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കണമെന്ന് ആഗ്രഹമുണ്ട്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത് സംവിധാനം നന്ദനത്തിലൂടെ സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വി, വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനും പൃഥ്വിക്ക് സാധിച്ചു.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും ഈ പ്രായത്തില്‍ വ്യത്യസ്തമായ കഥകള്‍ ചെയ്തുകൊണ്ട് സ്വയം പുഷ് ചെയ്യില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമകള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന നടനാണ് മമ്മൂട്ടിയെന്നും അത് മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രായമാകുമ്പോള്‍ അദ്ദേഹം ചെയ്തതുപോലെ സിനിമകളില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയോട് മമ്മൂട്ടിക്കുള്ള പാഷന്‍ അത്രത്തോളമാണെന്നും അത് എല്ലാവരും കണ്ടുപഠിക്കേണ്ട ഒന്നാണെന്നും പൃഥ്വിരാജ കൂട്ടിച്ചേര്‍ത്തു. സൂം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂട്ടി സാര്‍, അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടതുണ്ട്. എങ്ങനെയാണ് ഒരു മനുഷ്യന് ഇപ്പോഴും ഓരോ സിനിമയിലും തന്റെ പരിധികളെ പുഷ് ചെയ്തുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കുന്നത് എന്ന് മമ്മൂക്കയെ കാണുമ്പോള്‍ തോന്നിപ്പോകും. മികച്ച സിനിമകള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ശ്രമിക്കുകയാണ് അദ്ദേഹം.

ഇന്ത്യയില്‍ മറ്റൊരു നടനും ഇതുപോലെ ഉണ്ടാകില്ല. ഏത് ഇന്‍ഡസ്ട്രി എടുത്ത് നോക്കിയാലും മമ്മൂട്ടി സാറിനെപ്പോലൊരു നടനെ കാണാന്‍ സാധിക്കില്ല. എന്റെ ആഗ്രഹം എന്താണെന്ന് വെച്ചാല്‍, എനിക്ക് മമ്മൂട്ടി സാറിന്റെ ഇപ്പോഴത്തെ പ്രായമാകുമ്പോള്‍ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്കും ചെയ്യാന്‍ കഴിയണം എന്ന് മാത്രമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. ആദ്യഭാഗത്തിലേത് പോലെ വന്‍ താരനിര തന്നെ എമ്പുരാനിലും ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെയും ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Prithviraj praises Mammootty’s script selection

We use cookies to give you the best possible experience. Learn more