ജംഗ്ലീ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ക്രൈം ഡ്രാമയായ ദായ്‌റയുടെ ചിത്രീകരണം തുടങ്ങി. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്‌ന ഗുല്‍സാറാണ് ദായ്‌റ സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്‌റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു.
റാസി, തല്‍വാര്‍, ബദായി ദോ തുടങ്ങിയ മികച്ച കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാല്‍ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെന്‍ സ്റ്റുഡിയോസും (ആര്‍.ആര്‍.ആര്‍, ഗംഗുബായി കത്തിയാവാഡി) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ദായ്‌റക്ക്. വലിയ കാന്‍വാസിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഈ വര്‍ഷം ഇറങ്ങിയ മലയാള ചിത്രമായ റോന്തിലൂടെ ജംഗ്ലീ പിക്‌ചേഴ്‌സ് മോളിവുഡിലും ചുവടുവെച്ചിരുന്നു. മേഘ്‌നയുമൊന്നിച്ചുള്ള ജംഗ്ലീ പിക്‌ചേഴ്‌സിന്റെ മൂന്നാമത്തെ ചിത്രമാണ് ദായ്‌റ.
ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്ന ദൃശ്യങ്ങള്‍ തന്നെ ദായ്‌റ ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ക്രൈം ത്രില്ലറായിരിക്കും എന്ന സൂചന നല്‍കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. 2026ലെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായി ഇതോടെ ദായ്‌റ മാറിയിരിക്കുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോള്‍ തന്റെ കഥാപാത്രവും അയാള്‍ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂര്‍ണമായും ആകര്‍ഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുല്‍സാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂര്‍ പോലുള്ള ഒരു നടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദ്ദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയില്‍ പറഞ്ഞിരുന്നു.
Content highlight: Prithviraj plays a police officer in Meghna Gulzar’s film Daayra, which has started shooting. Kareena Kapoor is the female lead