ബോളിവുഡിൽ താൻ അഭിനയിച്ച ചിത്രങ്ങളിലെ നായികമാരെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി പൃഥ്വിരാജ് സുകുമാരൻ. റാണി മുഖർജി, കാജോൾ, ഇപ്പോൾ കരീന കപൂർ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച പൃഥ്വിരാജിനോട്, ‘എപ്പോഴും ക്രഷായ നായികമാർക്കൊപ്പമാണല്ലോ അഭിനയിക്കുന്നത്’ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ പുതിയ ചിത്രമായ ദായ്റയുടെ പ്രസ്സ് മീറ്റിലായിരുന്നു പൃഥ്വിരാജ് രസകരമായ മറുപടി നൽകിയത്.
‘ഞാൻ ഐശ്വര്യ റായിക്കൊപ്പവും അഭിനയിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ ആ പാറ്റേൺ മനസിലായില്ലേ? ഞാൻ ഭാഗ്യവാനായ ഒരാളാണ്’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്നാൽ കരീന ‘ദായ്റ’യിൽ എത്തിയിരിക്കുന്നത് ആരുടെയെങ്കിലും ക്രഷായതിനാലല്ലെന്നും, അവർ മികച്ച നടിയായതിനാലാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ. Photo: Screen grab/ Youtube.com
രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് കരീനയെന്നും അവരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമാണെന്നും താരം പറഞ്ഞു. റാണി മുഖർജി, കാജോൾ തുടങ്ങിയ മികച്ച അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണിരത്‌നം സാറിനൊപ്പം പ്രവർത്തിക്കാനും ഐശ്വര്യ റായിക്കൊപ്പം അഭിനയിക്കാനും കഴിഞ്ഞത് തന്റെ ഭാഗ്യമായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ വലിയ അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ വലിയ ഭാഗ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. താൻ ഇന്ന് ഈ നിലയിൽ എത്തിയത് ഇത്തരത്തിലുള്ള മികച്ച അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാനും അവരിൽ നിന്ന് പഠിക്കാനും കഴിഞ്ഞതുകൊണ്ടാണെന്നും താരം വ്യക്തമാക്കി.
‘മികച്ചൊരു നടനോടൊപ്പവും നടിയോടൊപ്പവും ജോലി ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചില കാര്യങ്ങൾ പഠിക്കും. കരീനയിൽ നിന്നും താൻ ചില കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകാം. ഇപ്പോൾ അതെന്താണെന്ന് അറിയില്ലെങ്കിലും, വർഷങ്ങൾ കഴിഞ്ഞ് ഏതെങ്കിലും ഒരു സീനിൽ അഭിനയിക്കുമ്പോൾ അത് പെട്ടെന്ന് ഓർമ വന്നേക്കാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.
മേഘ്ന ഗുൽസാറിനൊപ്പം വീണ്ടും പ്രവർത്തിക്കാനും കരീനയ്ക്കൊപ്പം വീണ്ടും സിനിമ ചെയ്യാനും താൻ ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്നയ്ക്കൊപ്പമുള്ള ‘ദായ്റ’യുടെ അനുഭവം തനിക്ക് ഏറെ മികച്ചതായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘ദായ്റ’ മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിലെത്തുന്ന ക്രൈം ത്രില്ലറാണ്. കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.
Content Highlight: Prithviraj opens up about Bollywood and his experience of working with Kareena Kapoor