മലയാളസിനിമ അടുത്തെങ്ങും കാണാത്ത ഗംഭീര ക്ലാഷിനാണ് ഈ വര്‍ഷത്തെ ഓണം സീസണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബിഗ് എംസ് മത്സരത്തിനിറങ്ങാത്തതുകൊണ്ട് കളംപിടിക്കാനായി യുവതാരങ്ങള്‍ കച്ചകെട്ടിയിറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും പൃഥ്വിരാജും നേര്‍ക്കുനേര്‍ ക്ലാഷിനെത്തുമ്പോള്‍ 2023ന് ശേഷം വീണ്ടും ഓണം റിലീസുമായി നിവിനും എത്തുന്നുണ്ട്.

മൂന്ന് സിനിമകളും പരമാവധി സ്‌ക്രീനുകള്‍ ഇതിനോടകം ലോക്ക് ചെയ്തുകഴിഞ്ഞു. മൂന്ന് സിനിമകള്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസില്‍ റെക്കോഡുകളുടെ പെരുമഴയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ ക്ലാഷിന് മുമ്പ് ദുല്‍ഖര്‍, നിവിന്‍, പൃഥ്വി എന്നിവര്‍ ചെയ്ത സിനിമകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അവസാനമായി മൂവരും ചെയ്ത സിനിമകള്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെ കളംവിടുകയായിരുന്നു. ദുല്‍ഖറിന്റെ ഏറ്റവുമൊടുവിലത്തെ മലയാളം റിലീസ് കിങ് ഓഫ് കൊത്തയായിരുന്നു. കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങിയ കൊത്ത ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ വീണു. മാസ് ഹീറോയിലേക്കുള്ള ദുല്‍ഖറിന്റെ ആദ്യചുവട് പിഴച്ചു.

45 കോടിയോളം ചെലവഴിച്ച് ഒരുക്കിയ കിങ് ഓഫ് കൊത്ത തിയേറ്ററില്‍ നിന്ന് 38 കോടിക്കടുത്ത് മാത്രമാണ് നേടിയത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സിലൂടെ ദുല്‍ഖറെന്ന നിര്‍മാതാവ് സേഫായി. കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായിട്ടില്ല. അന്യഭാഷയില്‍ ശ്രദ്ധ നല്‍കിയ ദുല്‍ഖറിന്റെ ഹോംകമിങ്ങെന്നാണ് ഐ ആം ഗെയിമിനെ വിശേഷിപ്പിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുണ്ട്.

അതേസമയം പൃഥ്വിയുടെ അവസാന മലയാള റീലിസിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. സച്ചിയുടെ ഡ്രീം പ്രൊജക്ടായ വിലായത്ത് ബുദ്ധ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം വെറും ആറ് കോടി മാത്രമായിരുന്നു നേടിയത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് പോലും ഇതുവരെ വിറ്റുപോയിട്ടില്ല.

എന്നാല്‍ ഖലീഫക്ക് മുമ്പ് ഐ, നോബഡിയുമായി പൃഥ്വി ബോക്‌സ് ഓഫീസിലേക്ക് എത്തുന്നുണ്ട്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രം സര്‍പ്രൈസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ഐ, നോബഡി വിജയിച്ചാല്‍ ഖലീഫക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. മോഹന്‍ലാലിന്റെ അതിഥിവേഷവും ഖലീഫക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.

സര്‍വ്വം മായയുടെ വിജയം പിന്നീട് വന്ന രണ്ട് സിനിമകളിലും ആവര്‍ത്തിക്കാന്‍ നിവിന് സാധിച്ചിട്ടില്ല. ബേബി ഗേള്‍ വന്‍ പരാജയമായപ്പോള്‍ പ്രതിച്ഛായ നിവിന് എടുത്താല്‍ പൊങ്ങാത്ത വേഷമെന്ന് വിമര്‍ശനമുയര്‍ന്നു. തന്റെ സേഫ് സോണായ ഫീല്‍ ഗുഡില്‍ നിവിന്‍ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ചെയ്യുന്ന സിനിമകള്‍ക്കെല്ലാം മിനിമം ഗ്യാരണ്ടി നല്‍കുന്ന ഗിരീഷ് എ.ഡിയും കൂടി ചേരുമ്പോള്‍ ഓണത്തിന് നിവിന്റെ തിരിച്ചുവരവിനും സാധ്യതയുണ്ട്.

Content Highlight: Prithviraj Nivin Pauly and Dulquer Salmaan’s last malayalam movie were flop

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ