| Wednesday, 5th March 2025, 10:38 pm

നമുക്കാകെ ഒരൊറ്റ രാജുവേട്ടനല്ലേയുള്ളൂ, എമ്പുരാന്റെ പ്രൊമോഷന്‍ മാറ്റിവെച്ച് പൃഥ്വി രാജമൗലിയുടെ സെറ്റിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് എസ്.എസ്.എം.ബി 29. ലോകസിനിമയുടെ ശ്രദ്ധ നേടിയ ആര്‍.ആര്‍.ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് നായകന്‍. ചിത്രത്തിനായി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനായിരുന്നു രാജമൗലി നടത്തിയത്.

ചിത്രത്തില്‍ മലയാളി താരം പൃഥ്വിരാജും ഭാഗമാകുന്നുണ്ടെന്ന റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും അണിയറപ്രവര്‍ത്തകരില്‍ നിന്ന് വന്നിരുന്നില്ല. അടുത്തിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയുടെ താഴെ മല്ലിക സുകുമാരന്‍ ഇക്കാര്യം പറഞ്ഞെങ്കിലും പലര്‍ക്കും വിശ്വാസം വന്നിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ റൂമറുകള്‍ സത്യമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ പൃഥ്വിരാജും മഹേഷ് ബാബുവും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രാജമൗലിയുടെ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യാനാണ് ഇരുവരും ഒഡീഷയിലെത്തിയത്. താടി വളര്‍ത്തിയ മഹേഷ് ബാബുവും താടി വടിച്ച പൃഥ്വിരാജും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ പല കമന്റുകളും വന്നിരിക്കുകയാണ്.

ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന ചെറിയ ഷെഡ്യൂളാണ് ഒഡീഷയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സംവിധായകക്കുപ്പായമണിയുന്ന എമ്പുരാന്‍ ഈ മാസമാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ പ്രൊമോഷന്റെ ആദ്യഘട്ടം അടുത്തിടെ അവസാനിച്ചിരുന്നു. ചിത്രത്തലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ ക്യാമ്പയിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിന്റെ ഓഫ്‌ലൈന്‍ പ്രൊമോഷന്‍ ഉടനെ ആരംഭിക്കുമെന്ന് കരുതി കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് പൃഥ്വി പ്രൊമോഷന്‍ മാറ്റിവെച്ച് രാജമൗലിയുടെ സെറ്റിലേക്കെത്തിയത്. സലാറിലൂടെ തെലുങ്കില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ച പൃഥ്വി രാജമൗലി ചിത്രത്തിലൂടെ പാന്‍ വേള്‍ഡ് ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്.

ചിത്രത്തെക്കുറിച്ച് രാജമൗലി ആദ്യം പറഞ്ഞ വാക്കുകളാണ് ഓരോ അപ്‌ഡേറ്റിനും ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഗ്ലോബ് റോട്ടനിങ് സംഭവമാകും അടുത്ത ചിത്രമെന്നാണ് രാജമൗലി പറഞ്ഞത്. അഡ്വഞ്ചര്‍ ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാകും എസ്.എസ്.എം.ബി 29 എന്നാണ് റൂമറുകള്‍. ഏപ്രിലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Prithviraj joined in the sets of SSMb 29 with Mahesh Babu

We use cookies to give you the best possible experience. Learn more