| Thursday, 20th March 2025, 3:23 pm

ഊട്ടിയിലാണ് ഷൂട്ടെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

പ്രകാശ് രാജ്, തൃഷ, ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാധാമോഹന്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഭിയും നാനും. മൊഴി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രാധാമോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് അതിഥിവേഷത്തിലെത്തിയിരുന്നു. മലയാളത്തിലും തമിഴിലും തിരക്കുള്ള നായകനായി നില്‍ക്കുമ്പോള്‍ അഭിയും നാനും എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തതിന്റെ കാരണം വ്യക്തമാക്കുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന്റെ ഷൂട്ട് ഊട്ടിയില്‍ നടക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞെന്നും എന്തെങ്കിലും വേഷമുണ്ടോ എന്ന് സംവിധായകനോട് ചോദിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. ചെറിയൊരു വേഷമുണ്ടെന്ന് കേട്ടപ്പോള്‍ കഥ എന്താണെന്ന് പോലും ചോദിക്കാതെ താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. മൊഴിയുടെ അതേ ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്ന് മാത്രമേ താന്‍ ആഗ്രഹിച്ചുള്ളൂവെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പൃഥ്വി പറഞ്ഞു.

മൊഴി എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് വല്ലാത്തൊരു കെമിസ്ട്രി തനിക്കും പ്രകാശ് രാജിനുമിടയില്‍ രൂപപ്പെട്ടെന്നും അത് ഇന്നും തുടരുന്നുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. അഭിയും നാനും എന്ന ചിത്രത്തില്‍ തനിക്ക് കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എല്ലാം പ്രകാശ് രാജുമൊത്തുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മൊഴി എന്ന സിനിമ ഒരുപാട് നല്ല ഓര്‍മകള്‍ തന്ന സെറ്റായിരുന്നു. ആ സിനിമ പൂര്‍ത്തിയായ ശേഷം അതേ ടീമിന്റെ കൂടെ ഇനി എപ്പോള്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം രാധാമോഹന്‍ സാറിനെ വിളിച്ചു. അദ്ദേഹം ആ സമയം പുതിയ പടത്തിന്റെ ഷൂട്ടിലായിരുന്നു. ആ സിനിമയെപ്പറ്റി അദ്ദേഹം എന്നോട് പറഞ്ഞു.

‘പ്രകാശ് രാജ് സാറാണ് ലീഡ് റോള്‍, ഊട്ടിയിലാണ് ഷൂട്ട്’ എന്ന് രാധാമോഹന്‍ സാര്‍ പറഞ്ഞു. ഊട്ടിയിലാണ് ഷൂട്ടെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഞാനും ഉണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. വേറൊന്നും കൊണ്ടല്ല, അതേ ടീമുമായി വര്‍ക്ക് ചെയ്യാനും ഊട്ടിയില്‍ ചുമ്മാ ജോളിയായി നടക്കാനും വേണ്ടിയാണ്. ആ പടത്തില്‍ എനിക്ക് കുറച്ച് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മുഴുവന്‍ പ്രകാശ് രാജ് സാറുമായുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു. നല്ല അനുഭവമായിരുന്നു ആ സിനിമയും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj explains why he chose Abhiyum Naanum movie

We use cookies to give you the best possible experience. Learn more