2013ലും 2020ലും ക്ലാഷ്; 2026ലും ചരിത്രം ആവര്‍ത്തിക്കാന്‍ പൃഥ്വിയും ദുല്‍ഖറും
Malayalam Cinema
2013ലും 2020ലും ക്ലാഷ്; 2026ലും ചരിത്രം ആവര്‍ത്തിക്കാന്‍ പൃഥ്വിയും ദുല്‍ഖറും
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 2nd June 2026, 4:10 pm

മലയാള സിനിമയില്‍ വലിയ മാര്‍ക്കറ്റുള്ള യുവനടന്മാരില്‍ രണ്ടുപേരാണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. മലയാള സിനിമയ്‌ക്കൊപ്പം തന്നെ ഇരുവര്‍ക്കും പാന്‍ ഇന്ത്യന്‍ തലത്തിലുള്ള റീച്ചും ശ്രദ്ധേയമാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും നായകനായി ദുല്‍ഖര്‍ തിളങ്ങിയപ്പോള്‍ പ്രഭാസിനൊപ്പം സലാറിലും വരാനിരിക്കുന്ന രാജമൗലി ചിത്രം വാരണാസിയിലും പ്രധാനവേഷത്തിലെത്തിയാണ് പൃഥ്വി കരുത്ത് തെളിയിക്കുന്നത്.

എന്നാല്‍ മലയാളത്തില്‍ പൃഥ്വിയുടെതായി ഒട്ടനവധി പ്രൊജക്ടുകള്‍ വന്നപ്പോഴും 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഈ ക്ഷീണമെല്ലാം തീര്‍ക്കാനാണ് ആഗസ്റ്റ് 20ന് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന അയാം ഗെയിമുമായി ദുല്‍ഖറെത്തുന്നത്. ചിത്രത്തിന് ക്ലാഷുമായി വൈശാഖ് സംവിധാനം ചെയ്യുന്ന ഹൈ വോള്‍ട്ട് ആക്ഷന്‍ ചിത്രം ഖലീഫയുമായി പൃഥ്വിയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആവേശത്തിലാണ് സിനിമാ ആരാധകര്‍.

Photo: Fazal/ X.com

ഇതാദ്യമായല്ല ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ തമ്മില്‍ ക്ലാഷിനെത്തുന്നത്. 2013ലും 2020ലും ദുല്‍ഖറും പൃഥ്വിയും നായകന്മാരായി അഭിനയിച്ച ചിത്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2013ല്‍ പൃഥ്വിരാജ് അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് തിയേറ്ററുകളിലെത്തിയതിന് ഒരു ദിവസം മുമ്പായിരുന്നു ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും പ്രധാനവേഷത്തിലെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമ തിയേറ്ററുകളിലെത്തിയത്. ഇരു ചിത്രങ്ങളും മലയാളത്തിലെ റിപ്പീറ്റിങ് വാല്യൂവുള്ള സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടുകയും ഒരുപാട് പേരുടെ ഫേവറിറ്റ് മൂവീസായി മാറുകയും ചെയ്തിരുന്നു.

ഇരുവരും രണ്ടാമതും 2020ല്‍ കൊമ്പുകോര്‍ത്തപ്പോഴും നല്ല ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലൂടെയും ബിജു മേനോനും പൃഥ്വിരാജും തങ്ങളുടെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ഡെലിവര്‍ ചെയ്തപ്പോള്‍ അതേദിവസം ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷത്തിലെത്തിയ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്. ഇരു ചിത്രങ്ങള്‍ക്കും മികച്ച കളക്ഷനായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

Photo: Fazal/ X.com

ആദ്യ രണ്ട് തവണയെക്കാള്‍ വ്യത്യസ്തമായി മൂന്നാം തവണയും ഇരുവരും ഏറ്റുമുട്ടുമ്പോള്‍ രണ്ട് മാസ് ആക്ഷന്‍ ബിഗ്ബജ്റ്റ് ചിത്രങ്ങളാണ് ക്ലാഷിനെത്തുന്നത് എന്ന പ്രത്യകതയുമുണ്ട്. നൂറുകോടിയില്‍ കുറഞ്ഞതൊന്നും ഇരുവരും പ്രതീക്ഷിക്കുന്നില്ലെന്നിരിക്കെ ഖലീഫയുടെ റിലീസ് ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിക്കൊപ്പം മോഹന്‍ലാലും അതിഥിവേഷത്തിലെത്തുന്നതോടെ ഖലീഫയ്ക്കാണ് മുന്‍തൂക്കമെന്നതില്‍ സംശയമില്ല.

Content Highlight: Prithviraj and  Dulquer Salman to clash in boxoffice after 2013 and 2020

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.