| Sunday, 16th February 2025, 3:16 pm

ആ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഞാനും അൽഫോൺസ് പുത്രനും പ്ലാനിട്ടിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും  പൃഥ്വി സ്വന്തമാക്കി.

ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ് സിനിമകളിലും പൃഥ്വി തന്റെ സ്ഥാനം തെളിയിച്ചു. മലയാളത്തിൽ വലിയ ശ്രദ്ധ നേടിയ ഷട്ടർ എന്ന ചിത്രം ഹിന്ദിയിൽ ചെയ്യാൻ സംവിധായകൻ അൽഫോൺസ് പുത്രന് താത്‌പര്യം ഉണ്ടായിരുന്നുവെന്നും അതിനായി താനും അൽഫോൺസും രണ്ടുമൂന്ന് വട്ടം ഇരുന്നിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

‘പുതിയ ദൃശ്യഭാഷയും അവതരണ രീതിയും കൈവശമുള്ള ഫിലിം മേക്കേഴ്‌സ് വരുമ്പോൾ കൂടുതൽ ഗുണം നടൻമാർക്കാണ്. നമ്മളെയാണല്ലോ അവർ പുതിയ രീതിയിൽ ഇൻ്റർപ്രെട്ട് ചെയ്യുന്നത്. അൽഫോൺസ് പുത്രൻ ‘നേരം’ എന്ന സിനിമയ്ക്ക് ശേഷം ‘ഷട്ടർ’ ഹിന്ദിയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു.

അത് ഞാൻ അഭിനയിക്കേണ്ട സിനിമയായിരുന്നു. മുംബൈയിൽ അതുമായി ബന്ധപ്പെട്ട് അൽഫോൺസിനൊപ്പം രണ്ടുമൂന്നു പ്രാവശ്യം ഇരുന്നിട്ടുണ്ട്. അന്നേ അയാൾ അസാധാരണമായിട്ട് ചിന്തിക്കുന്ന നല്ല ഫിലിംമേക്കറാണെന്ന് തോന്നിയിരുന്നു. ഒരു സീൻ പറയുമ്പോൾ അതിന്റെ വേർഷൻ വളരെ ഡിഫറന്ററാണ്,’പൃഥ്വിരാജ് പറയുന്നു.

ഗോൾഡ് എന്ന ചിത്രത്തിലൂടെ അൽഫോൺസ് പുത്രനും പൃഥ്വിയും ഒന്നിച്ചിരുന്നു. വലിയ ഹൈപ്പിൽ എത്തിയ സിനിമ ബോക്സ് ഓഫീസിൽ വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്. 2019 ൽ സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ സിനിമ മാർച്ച് 27 നാണ് റിലീസാവുന്നത്. വിവിധ ഭാഷകളിൽ നിന്നായി വമ്പൻ താരനിര ഒന്നിക്കുന്ന സിനിമ വലിയ ഹൈപ്പോടെയാണ് ഇറങ്ങാൻ പോകുന്നത്.

Content Highlight: Prithviraj About A Dropped Project With Alphons Puthran

Latest Stories

We use cookies to give you the best possible experience. Learn more