കൊടുങ്കാറ്റായി പൃഥ്വി ഷാ; ഇരട്ടസെഞ്ച്വറിയില്‍ പിറന്നത് വമ്പന്‍ റെക്കോഡ്
Sports News
കൊടുങ്കാറ്റായി പൃഥ്വി ഷാ; ഇരട്ടസെഞ്ച്വറിയില്‍ പിറന്നത് വമ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th October 2025, 2:12 pm

രഞ്ജി ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ. സെക്ടര്‍ സിക്‌സ്റ്റീന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണറായി ഇറങ്ങി 156 പന്തില്‍ അഞ്ച് സിക്‌സും 29 ഫോറും ഉള്‍പ്പെടെ 222 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. അച്ചടക്ക നടപടിക്ക് പുറമെ ഏറെ വിമര്‍ശനങ്ങളും നേരിട്ട പൃഥ്വി വമ്പന്‍ തിരിച്ചുവരവാണ് ഇരട്ട സെഞ്ച്വറിയിലൂടെ കാഴ്ചവെച്ചത്.

നേരിട്ട 141ാം പന്തിലാണ് പൃഥ്വി 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒരു റെക്കോഡും പിറന്നിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 200 പന്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് പൃഥ്വിക്ക് സാധിച്ചത്. രണ്ടാം തവണയാണ് താരം ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്നത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗാണ്. മൂന്ന് തവണയാണ് താരം ഇരട്ടസെഞ്ച്വറി നേടിയത്.

ഇതിന് പുറമെ മറ്റൊരു നേട്ടവും പൃഥ്വി ഷായുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഏറ്റവും വേഗതയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് പൃഥ്വിക്ക് വന്നു ചേര്‍ന്നത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ 123 പന്തില്‍ 200 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയാണ്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സിന് മഹാരാഷ്ട്ര ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 313 റണ്‍സിന് മഹാരാഷ്ട്ര പുറത്തായിരുന്നു. തുടര്‍ന്ന് 209 റണ്‍സിന് ചത്തീസ്ഗഢും ഓള്‍ ഔട്ട് ആയി.

രണ്ടാം ഇന്നിങ്‌സില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി സിദ്ദേഷ് വീര്‍ 83 പന്തില്‍ 62 റണ്‍സ് നേടിയിരുന്നു. റിതുരാജ് ഗെയ്ക്വാദ് 35 പന്തില്‍ 36* റണ്‍സും അര്‍ഷിന്‍ കുല്‍ക്കര്‍ണി 31 റണ്‍സുമാണ് ടീമിന് വേണ്ടി നേടിയത്.

അതേസമയം മഹാരാഷ്ട്രയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സിനായിരുന്നു പൃഥ്വി ഷാ പുറത്തായത്. ശേഷം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സൂപ്പര്‍ താരം റിതുരാജ് ഗെയ്ക്വാദാണ്. 168 പന്തില്‍ 116 റണ്‍സാണ് താരം നേടിയക്. സൗരഭ് നവാലെ 66 റണ്‍സും ടീമിനായി നേടി.

Content Highlight: Prithvi Shaw scores double century against Chhattisgarh in Ranji Trophy