ജനുവരി 9 ന് ജന നായകന്റെ റിലീസ് ഡേറ്റ് അടുക്കുംതോറും ഒരേ സമയം സന്തോഷവും വിഷമവും നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുകയാണ് തമിഴ് സിനിമാ ആരാധകര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള നായകനടനായ വിജയ് രാഷ്ട്രീയ പ്രവേശത്തോടെ കളം വിടുമ്പോള്‍ വലിയ വിടവാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കപ്പെടുന്നത്.
മലേഷ്യയിലെ ബുകിത് ജലീല്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന ജന നായകന്‍ ഓഡിയോ ലോഞ്ച് സിനിമ അവസാനിപ്പിക്കുന്ന വിജയ്‌യോടുള്ള സ്‌നേഹം കാണിക്കാനുള്ള വേദിയായി സഹപ്രവര്‍ത്തകരും ആരാധകരും മാറ്റിയിരുന്നു. 85000 ലധികം വരുന്ന കാണികള്‍ ഒരുമിച്ച് താരത്തിന് വേണ്ടി ഒന്നിച്ച് ഗാനം ആലപിച്ചതും തമിഴിലെ കൊറിയോഗ്രാഫര്‍മാര്‍ ചേര്‍ന്ന് താരത്തിന് വേണ്ടി നൃത്തം ചെയ്തതുമടക്കം അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു മലേഷ്യ സാക്ഷ്യം വഹിച്ചത്.
വിജയ്. Photo: India TV News
കഴിഞ്ഞ ദിവസം യുവനടി പ്രീതി മുകുന്ദനും വിജയ്‌യുടെ സിനിമയില്‍ നിന്നുമുള്ള വിടവാങ്ങലിനെക്കുറിച്ച് വാചാലയായിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി മുകുന്ദന്‍ വിജയ്‌യെ ക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്.
‘ഷൂട്ടിങ്ങിലായതു കൊണ്ട് മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചിന് പോകാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ എന്ത് തന്നെയായാലും ജന നായകന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കാണണം. ഒരു തലമുറയെ മൊത്തം സ്വാധീനിച്ച ആളാണ് അദ്ദേഹം. എന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകളും സിനിമകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്,’ താരം പറഞ്ഞു.
വിജയ്‌യുടെ തുപ്പാക്കിയും, ഗില്ലിയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പടമെന്നും അദ്ദേഹത്തിന്റെ ഏറ്റവും ചിരിപ്പിച്ച സിനിമയാണ് ശിവകാശിയെന്നും പ്രീതി പറഞ്ഞു. വിജയ് സാറിന്റെ അഭാവം സിനിമാ മേഖലക്ക് വലിയ മിസ്സായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രീതി മുകുന്ദന്‍. Photo: screen grab/ Firefly Films/ youtube.com
സായി അഭ്യങ്കര്‍ സംഗീതം നല്‍കിയ ആസൈ കൂട ഗാനത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ആദ്യ ചിത്രം തെലുങ്കിലെ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ഓം ഭീം ബുഷായിരുന്നു. മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രീതി നായികയായ നിവിന്‍ പോളി ചിത്രം സര്‍വ്വം മായ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയില്‍ അജു വര്‍ഗീസ്, റിയ ഷിബു, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Priety Mukundhan talks about actor vijay’s last film jana nayagan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.