കുടുംബത്തിലേക്ക് കയറിയാല്‍ തീര്‍ത്തേക്കണം, ഒരു മാസത്തെ ഗ്യാപ്പില്‍ തമിഴിലും തെലുങ്കിലും ഞെട്ടിച്ച ആക്ഷന്‍ ലേഡീസ്
Indian Cinema
കുടുംബത്തിലേക്ക് കയറിയാല്‍ തീര്‍ത്തേക്കണം, ഒരു മാസത്തെ ഗ്യാപ്പില്‍ തമിഴിലും തെലുങ്കിലും ഞെട്ടിച്ച ആക്ഷന്‍ ലേഡീസ്
അമര്‍നാഥ് എം.
Wednesday, 22nd July 2026, 3:14 pm

ആക്ഷന്‍ സിനിമകള്‍ക്ക് എല്ലായ്‌പ്പോഴും പ്രത്യേക ഫാന്‍ബേസ് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ട്. ഏത് ഭാഷയിലെയും ആക്ഷന്‍ സിനിമകള്‍ തേടിപ്പിടിച്ച് കാണുന്നവരാണ് ഇവരില്‍ പലരും. കഥ പലപ്പോഴും പഴയതാണെങ്കിലും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും ആക്ഷന്‍ സീനുകളുടെ മേക്കിങ്ങുമാണ് പലരെയും ഞെട്ടിക്കുന്നത്.

നായകന്മാരുടെ ഫൈറ്റിനെക്കാള്‍ നായികമാരുടെ ഫൈറ്റിന് സെപ്പറേറ്റ് ഓഡിയന്‍സ് തന്നെയുണ്ട്. നല്ല കഥയും അതിനൊത്ത ആക്ഷനും കിട്ടിയാല്‍ പടം ബ്ലോക്ക്ബസ്റ്ററാക്കുമെന്ന് പലപ്പോഴായി സിനിമാപ്രേമികള്‍ തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായ രണ്ട് സിനിമകളാണ് ഇപ്പോള്‍ ചര്‍ച്ച. തമിഴ് ചിത്രം ബ്ലാസ്റ്റും തെലുങ്ക് ചിത്രം മാ ഇന്‍ടി ബങ്കാരവും റീലുകള്‍ ഭരിക്കുകയാണ്.

നവാഗതനായ സുബാഷ് രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ്, നന്ദിനി റെഡ്ഡി അണിയിച്ചൊരുക്കിയ മാ ഇന്‍ടി ബങ്കാരം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെയാണ് നേടിയത്. ഒ.ടി.ടിയിലെത്തിയതിന് ശേഷം രണ്ട് സിനിമകളിലെയും ആക്ഷന്‍ സീനുകളുടെ എഡിറ്റ് വീഡിയോ വൈറലായിരിക്കുകയാണ്. ക്ലീഷേ കഥയാണെങ്കിലും ചിത്രത്തിന്റെ മേക്കിങ് ഗംഭീരമാണ്.

സ്വന്തം കുടുംബത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ കയറിവരുന്ന ഗുണ്ടകളെ നേരിടുന്നവരാണ് ബ്ലാസ്റ്റില്‍ പ്രീതിയുടെയും അഭിരാമിയുടെയും കഥാപാത്രങ്ങള്‍. ആക്ഷന്‍ സീനുകളില്‍ പ്രീതിയുടെ മെയ്‌വഴക്കം പലരെയും അത്ഭുതപ്പെടുത്തി. ആക്ഷന്‍ കിങ് അര്‍ജുനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത പ്രീതിയെ ആക്ഷന്‍ പ്രിന്‍സസ്സ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

കല്യാണത്തിന് ശേഷം ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്കെത്തുന്ന സ്വര്‍ണയെ അവളുടെ ഭൂതകാലത്തിലെ ഓര്‍മകള്‍ വേട്ടയാടുന്നതാണ് മാ ഇന്‍ടി ബങ്കാരത്തിന്റെ കഥ. വീരം, ബാഷ തുടങ്ങിയ സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥയാണെങ്കിലും സമന്തയുടെ പെര്‍ഫോമന്‍സ് സിനിമയെ ഗംഭീരമാക്കുന്നുണ്ട്. ആക്ഷന്‍ സീനുകളിലും സമന്ത ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് കമന്റുകള്‍.

പ്രീതിയും സമന്തയും കൈയടി നേടുകയും ബോക്‌സ് ഓഫീസില്‍ തിളങ്ങുകയും ചെയ്യുമ്പോഴും പലരും ഇവരെ താരതമ്യം ചെയ്യുന്നത് കല്യാണി പ്രിയദര്‍ശനുമായാണ്. ലോകഃയിലെ നീലി എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച കല്യാണി ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോഡും തൂക്കിയിട്ടുണ്ട്. ഫീമെയില്‍ ലീഡ് ആക്ഷന്‍ സിനിമകള്‍ ഇനിയും ധാരാളം വരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Priety Mukundhan and Samantha’s action clips viral in Social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം