തിരുവനന്തപുരം: ആശുപത്രികളില്‍ സംഘടനകള്‍ രോഗികള്‍ക്ക് ആഹാരം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ആലപ്പുഴ മെഡിക്കല്‍ കൊളേജിലെ പ്രത്യേക സാഹചര്യത്തിലാണ് താന്‍ നേരത്തെ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞതായി മന്ത്രിയുടെ ഓഫീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആശുപത്രിക്ക് അകത്ത് ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ പൊതിച്ചോറ് വിതരണം ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് മുരളീധരന്‍ അടുത്തിടെ സ്വീകരിച്ചിരുന്നത്. ഭക്ഷണ വിതരണത്തിന് പകരം സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ന് (ജൂലൈ 19, ഞായര്‍) രാവിലെയും ആശുപത്രികളിലെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളുടെ ഇടപെടലിനെ മന്ത്രി എതിര്‍ത്തിരുന്നു. മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഭക്ഷണ വിതരണം നടത്തുന്ന സംഘടനകള്‍ ആശുപത്രിയില്‍ സ്ഥലം കൈയേറുന്നതിനാണ് എതിര്‍പ്പെന്നും ഭക്ഷണം വിതരണം ചെയ്യുന്നതിനല്ല എതിര്‍പ്പെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘ആലപ്പുഴയില്‍ ചില സംഘടനകള്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിര്‍പ്പ്, ആഹാരം കൊടുക്കുന്നതിനല്ല,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘ആശുപത്രിയില്‍ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി,’ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആശുപത്രി വളപ്പില്‍ കയറാന്‍ ഒരു സംഘടനയെയും അനുവദിക്കില്ല എന്നായിരുന്നു ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. ‘ഒരു കാരണവശാലും ആശുപത്രി വളപ്പില്‍ ആരെയും കയറാന്‍ അനുവദിക്കില്ല. ഒരു പാര്‍ട്ടിയെയും. അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ അകത്ത് വേണ്ട. പുറത്ത് നിന്ന് എന്തെങ്കിലും ആയിക്കോട്ടെ,’ എന്നായിരുന്നു ആ പരാമര്‍ശം.
ആശുപത്രിക്ക് അകത്ത് അധികാരം ആരോഗ്യമന്ത്രിക്കാണ്. ഡി.വൈ.എഫ്.ഐക്കല്ല. പുറത്ത് അവര്‍ വിതരണം ചെയ്‌തോട്ടെ. അകത്ത് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് കമ്യൂണിറ്റി കിച്ചന്‍ ഞങ്ങള്‍ ആദ്യ ഘട്ടം ആലപ്പുഴയില്‍ ആരംഭിക്കും. മറ്റ് സ്ഥലങ്ങളിലേക്കും ഞങ്ങള്‍ ചില സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഭക്ഷണ വിതരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹായിച്ചാല്‍ പ്രശ്‌നമുേേണ്ടാ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു കാരണവശാലും ആശുപത്രിക്ക് അകത്ത് സമ്മതിക്കില്ലെന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. അത് യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്നും അത് തീര്‍ച്ചയായും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlight: Press Release of the Health Minister of Keralam, K Muraleedharan on Meals Distribution in Hospital
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.