തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയിലര്‍. പരാജയചിത്രങ്ങള്‍ക്ക് പിന്നാലെ രജിനികാന്തും നെല്‍സണും ഒന്നിച്ചപ്പോള്‍ ബോക്സ് ഓഫീസ് റെക്കോഡുകള്‍ പഴങ്കഥയാവുകയായിരുന്നു. 600 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ചിത്രത്തിലെ മലയാളി സാന്നിധ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആദ്യ ഭാഗത്തില്‍ പത്ത് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട് കൈയടികള്‍ വാരിക്കൂട്ടിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയപൂര്‍വം സിനിമയുടെ ലൊക്കേഷനില്‍ നെല്‍സണ്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
വീര ധീര സൂരന്‍ എന്ന വിക്രം ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് കാഴ്ചവെച്ച സുരാജ് വെഞ്ഞാറമൂടും മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സുരാജ് പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരാജിന്റെ ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പോര്‍ തൊഴില്‍ എന്ന ചിത്രത്തിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സുനില്‍ സുഖദയാണ് ജയിലര്‍ 2വിലെ മറ്റൊരു മലയാളി സാന്നിധ്യം. മലയാളത്തില്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്നു സുനില്‍ സുഖദ വില്ലനായി ഞെട്ടിച്ച ചിത്രമായിരുന്നു പോര്‍ തൊഴില്‍. രണ്ടാമത്തെ തമിഴ് ചിത്രത്തിലും സുനില്‍ സുഖദക്ക് മികച്ച കഥാപാത്രം തന്നെയാകുമെന്നാണ് കരുതുന്നത്.
തമിഴില്‍ ഇതിനോടകം നിറസാന്നിധ്യമായ സുജിത് ശങ്കറും ജയിലര്‍ 2വിലുണ്ട്. അജിത് നായകനായ നേര്‍ക്കൊണ്ട പാര്‍വൈയിലൂടെയാണ് സുജിത് തമിഴ് സിനിമയുടെ ഭാഗമായത്. സൂര്യ നായകനായ റെട്രോയിലും സുജിത് മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന വിനീത് തട്ടില്‍, അന്ന രാജന്‍ എന്നിവര്‍ ജയിലര്‍ 2വിലൂടെ തമിഴില്‍ അരങ്ങേറുന്നു.
കോമഡി നടനായി കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കോട്ടയം നസീറും ജയിലര്‍ 2വിലുണ്ട്. തമിഴ് താരങ്ങളെക്കാള്‍ മലയാളത്തിലെ നടന്മാര്‍ കൂടുതലുള്ളതുകൊണ്ട് ജയിലര്‍ 2വിനെ മലയാളസിനിമയായി പ്രഖ്യാപിച്ചുകൂടെ എന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമാണ്. നിലവില്‍ ജയിലര്‍ 2 കോഴിക്കോട് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: Presence of Malayali artists in Jailer discussing in social media