വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായും ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
‘ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഫ്രീയായി തുറക്കുന്നതിന് ഇപ്പോള്‍ പൂര്‍ണമായും അംഗീകാരം നല്‍കുന്നു. അതോടൊപ്പം യു.എസിന്റെ നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നു. ലോകത്തിലെ കപ്പലുകളെ നിങ്ങളുടെ എഞ്ചിനുകള്‍ തയ്യാറാക്കുക എണ്ണ ഒഴുകട്ടെ,’ ട്രംപ് പറഞ്ഞു.
ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗാരിബാബദിയും ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രംപിന്റെ 80ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഈ മഹത്തായ കരാര്‍ മുഴുവന്‍ മേഖലയ്ക്കും സാമാാധാനവും സുരക്ഷയും നല്‍കുമെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ അമേരിക്കയ്‌ക്കെതിരായ വിജയത്തിന്റെ ഫലം എന്നാണ് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കരാറിനെ വിശേഷിപ്പിച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലേയും സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുന്നുവെന്നും ജൂണ്‍ 19 വെള്ളിയാഴ്ച ധാരാണാപത്രത്തില്‍ ഒപ്പുവെക്കുമെന്നും ഇറാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ എല്ലാ മേഖലകളെയും ഉള്‍കൊള്ളുന്നതായിരിക്കണമെന്നും ദേശീയ താത്പര്യങ്ങള്‍ സുരക്ഷിതമാക്കണമെന്നും ഇറാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലാഡില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പുവെക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും സമാധാന കരാരില്‍ എത്തിച്ചേര്‍ന്നതായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ കൈവരിച്ചതായി സന്തോഷം അറിയിക്കുന്നു,’ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്താക്രമണം ആരംഭിച്ചത്.
Content Highlight: Prepare the engines of the ships of the world, let the oil flow; Trump announces Iran-US peace deal: Iran confirms
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.