| Thursday, 13th March 2025, 3:25 pm

സ്‌കൂളിലെ കുട്ടികള്‍ക്ക് ടീച്ചേര്‍സ് ഒരു ശല്യമായപ്പോള്‍ ഞാന്‍ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്; പ്രൊമോ വീഡിയോ പുറത്ത് വിട്ട് മരണമാസ്സ് ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരണമാസ്സ്. ബേസില്‍ ജോസഫ് നായകാനായെത്തുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, കള, വഴക്ക്, അദൃശ്യജാലകങ്ങള്‍ എന്നിവക്ക് ശേഷം ടൊവിനോ തോമസ് നിര്‍മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണമാസ്സിനുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ ഒരു പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വള്ളിക്കുന്ന് ചാനലിന് ബേസില്‍ നല്‍കുന്ന രസകരമായൊരു അഭിമുഖം തന്നെയാണ് പ്രെമോ വീഡിയോയുടെ ഹൈലൈറ്റ്. ആദ്യവസാനം പക്കാ എന്റെര്‍റ്റൈനെര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി, പുളിയനം പൗലോസ്, അനിഷ്മ അനില്‍കുമാര്‍, ബിപിന്‍ ചന്ദ്രന്‍ എന്നിവരാണ് മരണമാസ്സില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

ബ്ലീച്ച് ചെയ്ത മുടിയും ജാക്കറ്റും വെട്ടുവീണ പുരികവുമായി ഇതുവരെ കാണാത്ത പുത്തന്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ബേസില്‍ മരണമാസ്സില്‍ എത്തുന്നത്. നേരത്തെ ബേസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

വിഷു റിലീസായി ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും. ബേസില്‍ നായകനായി കഴിഞ്ഞ വിഷു റിലീസായി എത്തിയ ചിത്രമായിരുന്നു ഗുരുവായൂരമ്പലനടയില്‍. 90 കോടിക്ക് മുകളിലായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ വിഷുക്കാലത്തും ബേസില്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Content highlight: Premo Video Of Maranamass Movie is Out

We use cookies to give you the best possible experience. Learn more