ശവങ്ങള്‍ക്ക് മുകളിലെ 'ദല്ലാള്‍നൃത്തം'; ഇന്ത്യന്‍ മാധ്യമലോകത്തിന്റെ വര്‍ത്തമാനത്തെക്കുറിച്ച്
DISCOURSE
ശവങ്ങള്‍ക്ക് മുകളിലെ 'ദല്ലാള്‍നൃത്തം'; ഇന്ത്യന്‍ മാധ്യമലോകത്തിന്റെ വര്‍ത്തമാനത്തെക്കുറിച്ച്
പ്രേംചന്ദ്‌
Thursday, 30th September 2021, 4:54 pm
മഹാമാരി നിമിത്തമാക്കി മാധ്യമ മേധാവികള്‍ മാധ്യമ പ്രവര്‍ത്തകരെ അടിമുടി കൂച്ചുവിലങ്ങിട്ടു കഴിഞ്ഞു. പണി വേണമെങ്കില്‍ പറയുന്ന ശമ്പളത്തില്‍ പറയുന്ന സമയം പറയുന്ന പണി എടുത്തു കൊള്ളുക എന്നത് ചോദ്യം ചെയ്യാനാവാത്ത രീതിയായി മാറിക്കഴിഞ്ഞു. പിരിച്ചുവിടലിനെ അതിജീവിക്കാന്‍ മിക്കവാറും എല്ലാ വിലപേശല്‍ അധികാരവും തൊഴിലാളി വര്‍ഗ്ഗം അടിയറവ് പറഞ്ഞു കഴിഞ്ഞു.

അസം ആരെയും ഞെട്ടിക്കുന്നില്ല. പൊലീസ് വളഞ്ഞിട്ട് വെടിവച്ചു വീഴ്ത്തിയ ആള്‍ക്ക് മേല്‍ ഒരു ‘എംബഡ്ഡഡ് ഫോട്ടോഗ്രാഫര്‍’ നടത്തിയ ആനന്ദപ്രകടനം മറക്കാനാവില്ല. പഴയ വേട്ടക്കാല കഥകളിലെ വേട്ടക്കാരുടെ ആനന്ദത്തെ ഇരക്ക് മേലുള്ള അധികാരത്തിന്റെ നൃത്തച്ചുവടാക്കി മാറ്റിയ പ്രാകൃതത്വം അതില്‍ കാണാം. ഒരര്‍ത്ഥത്തില്‍ മാറിയ മാധ്യമ ബോധത്തിന്റെ അകക്കാമ്പിനെ അത് പ്രതിനിധീകരിക്കുന്നുണ്ട്.

പൊലീസ് വേട്ടയുടെ വിജയം സ്വന്തം വിജയമായി കണക്കാക്കുന്ന ഒരു ഉത്തമ ദല്ലാളിന്റെ വെളിപാടാണ് ആ ‘എംബഡ്ഡഡ് ഫോട്ടോഗ്രഫറു’ടെ ഭീകരനൃത്തച്ചുവടില്‍ തെളിഞ്ഞു കാണാനായത്. ദല്ലാള്‍നൃത്തം എന്നതിനെ വിളിക്കാം. പ്രത്യയശാസ്ത്രപരമായി എല്ലാവിധ അധികാരത്തിന്റെയും ഒരു ദല്ലാളായി പണിയെടുക്കുന്ന അവസ്ഥയിലേക്ക് മാധ്യമ പ്രവര്‍ത്തനം മാറിത്തീരുന്ന ദുരവസ്ഥയാണത്.

തുറന്നു കാട്ടലിനേക്കാളേറെ മറച്ചുപിടിക്കലിന്റെ ദൗത്യം നിര്‍വ്വഹിച്ചു പോരുന്ന എല്ലാ മാധ്യമങ്ങളിലും ഈ ദല്ലാള്‍നൃത്തം നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം. അതിന്റെ വിള്ളലുകളിലും ശൂന്യസ്ഥലങ്ങളിലും മാത്രമാണ് ഇപ്പോള്‍ പ്രത്യാശകളുള്ളത്. വാര്‍ത്തകളുള്ളത്. മറ്റിടങ്ങള്‍ അടഞ്ഞതാണ്, ഇരുണ്ടതാണ്.

മാധ്യമങ്ങള്‍ എന്നും പുറമെ പലതായി അഭിനയിക്കുന്നു. അത് നിലനില്‍പിന്റെ പ്രശ്നവുമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായും നെടുംതൂണായും ഒക്കെ. എന്നാല്‍ ഈ അഭിനയത്തിന്റെ ഗുണനിലവാരം അളക്കാനുള്ള ഒരു വിശകലനത്തിനോ വിമര്‍ശനത്തിനോ മാധ്യമങ്ങള്‍ ഒരിക്കലും അനുവദിക്കാറില്ല. പത്രത്തെയോ പത്രാധിപരെയോ വിമര്‍ശിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന മാധ്യമവിലക്കുകള്‍ ‘താലിബാന്‍’ മാതൃകയിലുള്ള കൈവെട്ട് തന്നെയാണ്.

ആ ശിക്ഷ ഭയന്ന് മാധ്യമങ്ങളെ, പത്രാധിപരെ വിമര്‍ശിക്കാതിരിക്കുക എന്നത് സാംസ്‌കാരിക രംഗത്തെ അതിജീവന തന്ത്രത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി സംസാരിക്കുമ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ ഉളളവര്‍ പോലും പൊതുവേദിയില്‍ അതൊരിക്കലും ഉന്നയിക്കാതിരിക്കാനുള്ള ജാഗ്രത കാത്തു സൂക്ഷിക്കാറുണ്ട്. ഒരു തരം ഇരട്ടജീവിതം അങ്ങനെ ലോക നീതിയായി മാറുന്നു.

മാധ്യമ വിമര്‍ശനത്തിനുള്ള ഒരു പൊതുഇടം ഇവിടെ ഒരിക്കലും വളര്‍ന്നില്ല. അച്ചടി മാധ്യമവും ദൃശ്യമാധ്യവും അതിനനുവദിച്ചിട്ടില്ല. മാധ്യമ വിമര്‍ശനത്തിനുള്ള ഒരു പംക്തി ‘മാധ്യമ’ത്തിന് ഉണ്ടെങ്കിലും അത് ഒരിക്കലും സ്വയം നോക്കാറില്ല. പുറത്തേക്കേ നോക്കൂ. സ്വയം വിമര്‍ശനം മാധ്യമ ലോകത്ത് വിരളമാണ്. സ്വന്തം ശരികളില്‍ മതിമറന്നിരിക്കുന്നതാണ് അതിന്റെ രീതി.

അസമിലെ പൊലീസ് വേട്ടയും ദല്ലാള്‍ നൃത്തവും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു മുന്‍പേജ് വാര്‍ത്തയായതേയില്ല. ചാനലുകള്‍ക്ക് അതൊരു അന്തിചര്‍ച്ചയായില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒറ്റപ്പെട്ട രോഷാകുലമായ പ്രതികരണങ്ങളുണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാല്‍ അതിന് ഒരു ഭൂകമ്പവും അഴിച്ചു വിടാനുള്ള ശേഷിയുണ്ടായിരുന്നില്ല. സുരക്ഷിതമായ അകലങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ നമുക്ക് സ്വീകാര്യമായിക്കഴിഞ്ഞു. കണ്ടില്ല എന്ന് നടിക്കല്‍ ഒരു അധികാരകലയാണ്.

അച്ചടി ദൃശ്യ മാധ്യമങ്ങളുടെ മുഖ്യധാരയെ അധികാരം സ്വാംശീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടെങ്കിലുമായി. ചില്ലറ അപവാദങ്ങളും ശൂന്യസ്ഥലങ്ങളും ഇല്ലെന്നല്ല. അതല്ല ആധിപത്യത്തിലുള്ള പ്രവണത. ‘എങ്കില്‍ നമുക്ക് മത്തങ്ങളെക്കുറിച്ച് സംസാരിക്കാം’ എന്ന് പറയുന്നത് പോലെ കേന്ദ്രത്തില്‍ നിന്നും തെന്നിമാറി അപ്രസക്തതകളെ പൊലിപ്പിപ്പിച്ചു നിര്‍ത്താന്‍ നാം അസാധാരണമായ മികവും മെയ്‌വഴക്കവും ആര്‍ജ്ജിച്ചു കഴിഞ്ഞു. ‘കഠിനം കുടിലമീ അപ്പം’ എന്ന് കവികള്‍ പാടും എന്നു മാത്രം. അത് കണ്ടില്ല എന്നു നടിക്കപ്പെടുകയും ചെയ്യും.

ഇതു തന്നെയല്ലേ എത്രയോ കാലമായി നടന്നു വരുന്നത് എന്നു ചോദിക്കാം. ശവത്തില്‍ ചവിട്ടിയും ചവിട്ടാതെയും നടന്ന വാര്‍ത്തകള്‍ ആ ചരിത്രം പറയും. അത് അധികാരത്തെയും പണത്തെയും പാടുന്നു. പ്രതിരോധങ്ങള്‍ക്ക് മേല്‍ ശവഘോഷയാത്രകള്‍ നടത്തുന്നു.

മനസ്സിലാക്കാന്‍ അത്ര പ്രയാസമുള്ള ഒരു കിടപ്പൊന്നുമല്ല ഇത്. സ്ഥിരജോലിയും സ്ഥിരശമ്പളവും ഇല്ലാതായതോടെ എന്തും ചെയ്യിക്കാനാവുന്ന ഒരടിമവര്‍ഗ്ഗത്തെ പടുത്തുയര്‍ത്തുകയെന്നത് എളുപ്പമായി. ഭൂമിയിലെ ജീവിതം തന്നെ ഇന്ന് കൊന്നു വീഴ്ത്തപ്പെട്ട ശവങ്ങള്‍ക്കിടയിലാണ്. മഹാമാരി നമ്മെ അടിമുടി അഴിച്ചുപണിയുന്നു. മാധ്യമങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

എത്രയോ അച്ചടി എഡിഷനുകള്‍ അടച്ചു പൂട്ടപ്പെട്ടു. ഓണ്‍ലൈന്‍ എഡിഷനുകള്‍ ഡോട്ട് കോം ഗ്രേവ് യാര്‍ഡുകളിലേക്ക് വലിച്ചെറിയപ്പെട്ടു. ചാനലുകള്‍ നിലച്ചു. 412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കേരളത്തിലെ 11 എണ്ണവും ഇതില്‍ പെടും. ഇതിന്റെ മറുവശം നിശബ്ദമായ കൂട്ടപിരിച്ചുവിടലാണ്. ഭീമമായ ഈ തൊഴില്‍ നഷ്ടം ജനാധിപത്യത്തെ എത്രമാത്രം ബാധിക്കും എന്ന ചോദ്യം പല തലത്തിലും ഉയര്‍ന്നു കഴിഞ്ഞു.

മാധ്യമങ്ങളുടെ അവസ്ഥ പറയാന്‍ പത്രപ്രവര്‍ത്തക യൂണിയന്റെ മുഖപത്രത്തിന് പോലും കഴിയില്ല. കാരണം ഏത് മാധ്യമത്തിനകത്തെയും പ്രശ്നങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരാതിരിക്കാന്‍
അതത് മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ബദ്ധശ്രദ്ധരാണ്. അങ്ങിനെ പുറത്തു വന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക യൂണിയന്‍ പ്രവര്‍ത്തകരെ തന്നെയാണ്. വേട്ട പല വേഷത്തില്‍ വരും.

മഹാമാരി നിമിത്തമാക്കി മാധ്യമ മേധാവികള്‍ മാധ്യമ പ്രവര്‍ത്തകരെ അടിമുടി കൂച്ചുവിലങ്ങിട്ടു കഴിഞ്ഞു. പണി വേണമെങ്കില്‍ പറയുന്ന ശമ്പളത്തില്‍ പറയുന്ന സമയം പറയുന്ന പണി എടുത്തു കൊള്ളുക എന്നത് ചോദ്യം ചെയ്യാനാവാത്ത രീതിയായി മാറിക്കഴിഞ്ഞു. പിരിച്ചുവിടലിനെ അതിജീവിക്കാന്‍ മിക്കവാറും എല്ലാ വിലപേശല്‍ അധികാരവും തൊഴിലാളി വര്‍ഗ്ഗം അടിയറവ് പറഞ്ഞു കഴിഞ്ഞു.

2020 മെയ് 16ന്റെ ചന്ദ്രിക ആഴ്ചപ്പതിപ്പ് ഇറക്കിയ ‘മാധ്യമങ്ങള്‍ക്ക് മരണമണി’ പ്രത്യേക ലക്കം ഈ വിഷയത്തെ ഗഹനമായി പരിശോധിക്കുന്ന അത്യപൂര്‍വ മാധ്യമയത്നമാണ്. മാധ്യമ മുഖ്യധാര മൊത്തം നിശബ്ദമായിരുന്നപ്പോള്‍ മുസ്ലിം ലീഗിന്റെ ചിട്ടവട്ടങ്ങള്‍ക്കകത്ത് നിന്നും പുറത്തിറങ്ങുന്ന ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നുമാണ് ഇത്തരമൊരു ധീരനീക്കം ഉണ്ടായത്. ചന്ദ്രിക ആഴ്ചപ്പതിന്റെ എഡിറ്റോറിയല്‍ വിഭാഗം ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

2020 മെയ് 16ന്റെ പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പ്

മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി ഉന്നയിച്ചുകൊണ്ട് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ മാധ്യമ പ്രവര്‍ത്തകനായ പി.എം. ജയന്‍ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. ജയന്റെ പോസ്റ്റ് ശ്രദ്ധിക്കുക:

‘വന്‍തോതില്‍ ജേര്‍ണലിസ്റ്റ് -നോണ്‍ ജേര്‍ണലിസ്റ്റുകള്‍ ഇന്ത്യയില്‍ കൊഴിഞ്ഞുപോയത് സംബന്ധിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കോണമി (CMIE) യുടെ പുതിയ ഡാറ്റയ്ക്ക് അതുകൊണ്ടുതന്നെ ഏറെ പ്രസക്തിയുണ്ട്. അവതാരകനും മാധ്യമപ്രവര്‍ത്തകനുമായ Aunindyo Chakravraty യാണ് CMIE യുടെ കണക്കുകളുമായി ഇന്ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 2016 സെപ്റ്റംബര്‍ മാസത്തില്‍ 10.30 ലക്ഷം ആള്‍ക്കാര്‍ ആണ് ഇന്ത്യയിലെ മാധ്യമ പ്രസാധന രംഗത്ത് ജോലി ചെയ്തിരുന്നതെങ്കില്‍ കൃത്യം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍, 2021 ഓഗസ്റ്റില്‍ അവരുടെ എണ്ണം 2.30 ലക്ഷം ആയി കുറഞ്ഞിരിക്കുന്നു. അതായത് 78% പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ രഹിതരാവുകയോ വേറെ തൊഴില്‍ തേടി പോകുകയോ ചെയ്തിരിക്കുന്നു എന്നര്‍ത്ഥം’

പി.എം. ജയന്‍

ഈ കൊഴിഞ്ഞുപോക്ക് യാദൃശ്ചികമല്ല. മാധ്യമ പ്രവര്‍ത്തനം ഒരു സ്ഥിരം തൊഴില്‍ അല്ലാതായി മാറിയതോടെ തുച്ഛശമ്പളത്തില്‍ എന്നും മുള്‍മുനയില്‍ പണിയെടുക്കുന്നവരുടെ ലോകമാണത്. സുരക്ഷിതമല്ലാത്ത മനസ്സുകള്‍ക്ക് തൊഴിലില്‍ റിസ്‌ക് എടുക്കാനാവില്ല. അതുകൊണ്ട് തന്നെ റിസ്‌ക് എടുത്തുള്ള മാധ്യമ പ്രവര്‍ത്തനം എന്നത് 98 ശതമാനവും ഇല്ലാതായി. ഒരു ലോണ്‍ പോലും എടുക്കാനാവാത്ത പണിയാണ് ഇന്നത്.

മാധ്യമപ്രവര്‍ത്തകനായ Aunindyo Chakravraty ട്വിറ്ററില്‍ പങ്കുവെച്ച CMIE യുടെ കണക്കുകള്‍

പ്രസ്സ് ക്ലബ്ബുകള്‍ നടത്തുന്ന ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇക്കാര്യത്തില്‍ മാരകമായ ഫലമാണുണ്ടാക്കിയത്. കുറഞ്ഞ വിലക്ക് വാങ്ങാന്‍ കിട്ടുന്ന ആവശ്യത്തില്‍ കൂടുതല്‍ ജേര്‍ണലിസ്റ്റുകളെയാണ് അത് സൃഷ്ടിച്ചത്. കമ്പോളത്തില്‍ അത് ജേണലിസ്റ്റുകളുടെ വിലയിടിച്ചു. ജേര്‍ണലിസം കോഴ്സുകള്‍ തുടങ്ങുകയെന്ന ബാധ്യതയില്‍ നിന്നും സര്‍ക്കാറും യൂണിവേഴ്സിറ്റികളും പിന്മാറി. നഷ്ടം ജേണലിസ്റ്റുകള്‍ക്ക് തന്നെയായിരുന്നു. സ്വന്തം വേരറുക്കുന്ന പണിയായിരുന്നു പ്രസ്സ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍.

മിക്കവാറും മാധ്യമങ്ങളില്‍ മഹാമാരിക്ക് മുമ്പ് തന്നെ പ്രമോഷനും അവസരങ്ങളും മാനേജ്മെന്റിന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം കിട്ടുന്ന ഒന്നായി മാറിയിരുന്നു. അന്യായങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള സ്ഥലം മാറ്റങ്ങളായിരുന്നു. മാധ്യമരംഗം അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിക്കവാറും ഒരു ഉയര്‍ച്ചയും ഇല്ലാത്ത മേഖലയായി ഇത് പരിണമിച്ചിട്ടുണ്ട്. (മാനേജ്മെന്റിന്റെ ഇഷ്ടക്കാര്‍ക്ക് ഒഴിച്ച്).

മഹാമാരി ഒരു മറയാണിന്ന്. ജേണലിസ്റ്റ് വേജ് ബോര്‍ഡിന്റെ മരണം മുഴുവന്‍ മാധ്യമ ജീവനക്കാരെയും അവകാശ രഹിതരാക്കിക്കഴിഞ്ഞു. എല്ലാ വിഭാഗത്തിലും ഇരട്ടിപ്പണിയാണിപ്പോള്‍. എന്നും രാത്രിപ്പണിയെടുക്കുന്നവരും ഒരിക്കലും സമയത്തിന് വീട്ടിലെത്താനാവാത്തവരും തുച്ഛമായ ശമ്പളം കിട്ടുന്നവരുമായ തൊഴില്‍ മേഖലയില്‍ നിന്നും മനുഷ്യര്‍ കൊഴിഞ്ഞു പോകുന്നതില്‍ ഒരത്ഭുതവുമില്ല.

പ്രതിരോധത്തിന് ഇനി എന്ത് എന്നത് വലിയ ചോദ്യമാണ്. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടച്ചുപൂട്ടി ഇനിയും ജേണലിസ്റ്റുകളെ ചുരുങ്ങിയ വിലക്ക് ഉല്‍പാദീപ്പിച്ച്‌ കമ്പോളത്തിലേക്ക് തള്ളിവിടുന്ന പണി പ്രസ്സ് ക്ലബ്ബുകള്‍ നിര്‍ത്തണം.

ഈ രംഗത്ത് എന്ത് നടക്കുന്നു എന്ന് ലോകം അറിയേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമാണ് പ്രത്യാശ തരുന്ന ഇടം. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ പത്രങ്ങളിലും ജീവനക്കാരുടെ സാമൂഹ്യ മാധ്യമ ഇടപാട് നിരീക്ഷിക്കാന്‍ സ്ഥാപനത്തിനകത്ത് പൊലീസുകാരുണ്ട്. സാംസ്‌കാരിക രാഷ്ട്രീയ നായകര്‍ക്കെല്ലാം അച്ചടി ചാനല്‍ മാധ്യമങ്ങളെ വേണ്ടതുകൊണ്ട് അവര്‍ ഒരിക്കലും വിമര്‍ശനങ്ങളുമായി രംഗത്തു വരാനിടയില്ല.

മാധ്യമങ്ങളുടെ സാഹിത്യ അവാര്‍ഡുകളും ഭാവിയിലേക്ക് വച്ചുകെട്ടിയ ഒരു കെണിയാണ്. വിമര്‍ശനങ്ങളുമായി ആര് ഇടപെട്ടാലും അവര്‍ക്ക് വിലക്ക് വരും. തോറ്റ ജനത എന്ന സുബ്രഹ്മണ്യദാസിന്റെ പ്രയോഗം പ്രസക്തമായ ഇടമാണിവിടം. ചര്‍ച്ച വളര്‍ത്താന്‍ പത്രങ്ങളെ ആശ്രയിക്കാത്ത തലമുറക്ക് പറ്റുമായിരിക്കും. മിഠായിത്തെരുവിലെ അസംഘടിത തൊഴിലാളികളുടെ അവസ്ഥയിലേക്കാണ് മാധ്യമ പ്രവര്‍ത്തകര്‍ പതിച്ചിട്ടുള്ളത്. അവര്‍ക്കിടയിലെ കുറച്ച് ഉത്തമ ദല്ലാളിമാര്‍ക്ക് മാത്രം കുറച്ച് ഗുണം കിട്ടും എന്ന് മാത്രം.

സ്ഥിരം തൊഴില്‍ ഇല്ലാതാക്കിയ മണ്ഡലമായതോടെ ഇനിയെങ്കിലും പത്രപ്രവര്‍ത്തക യൂണിയന്‍ സാമൂഹ്യ മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ മാധ്യമ പ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തയ്യാറാകേണ്ടതാണ്. മുഖ്യധാരയുടെ മൗനങ്ങളില്‍ പണിയെടുക്കുന്ന അവരാണ് ജനാധിപത്യത്തിന്റെ ഭാവിയില്‍ പ്രത്യാശ ഉയര്‍ത്തുന്ന വിഭാഗം.

വന്‍മൂലധനത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് തന്നെ ആപേക്ഷികമായി അത്തരം മാധ്യമങ്ങള്‍ക്കേ പല പ്രമേയങ്ങളും ഉന്നയിക്കാന്‍ പോലും ഇന്ന് കഴിയൂ. പരസ്യങ്ങള്‍ അത്ര വലിയ അധികാര കേന്ദ്രമാണിന്ന്. കൂടാതെ ഒരേ സമയം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെയും രാജ്യത്തെ പ്രധാന മൂലധനശക്തികളെയും ഒരിക്കലും പിണക്കാതിരിക്കുന്ന ഒത്തുതീര്‍പ്പ് എന്ന നയം മുഖ്യധാരാ മാധ്യമങ്ങളെ ‘എംബഡ്ഡഡ്’ അഥവാ ദല്ലാള്‍ ആക്കി മാറ്റുന്നു.

‘വായില്‍ എല്ലുള്ള പട്ടി/നായ കുരയ്ക്കില്ല’ – ആഫ്രിക്കന്‍ എന്ന പഴമൊഴി ഇവിടെ അതീവ പ്രസക്തമാണ്. ജനാധിപത്യത്തിന്റെ കാവല്‍നായ എന്ന പദവിയൊക്കെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് പഴയത് പോലെ അവകാശപ്പെടാനാകില്ല. പഴയ ആഫ്രിക്കന്‍ പഴമൊഴി ഇന്ന് വളര്‍ന്നു കഴിഞ്ഞു. വായില്‍ എല്ലില്ലെങ്കിലും എല്ല് കിട്ടുമെന്ന മോഹം പോലും പട്ടിയെ / നായയെ അനുസരണയുള്ളതും കുരയ്ക്കാനാവാത്തതുമാക്കുന്നു.

പുതിയ മുതലാളിത്തം വിതയ്ക്കുന്ന മോഹവലയം അതാണ്. ജനാധിപത്യത്തിന് ഈ മാധ്യമ അപചയം ഒരു മഹാവിപത്താണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിരോധം ഒരു വലിയ വെല്ലുവിളിയും. വെട്ടിവീഴ്ത്തപ്പെട്ട ശവങ്ങള്‍ക്ക് മേല്‍ അരങ്ങേറുന്ന ദല്ലാള്‍നൃത്തങ്ങള്‍ മഹാമാരിയേക്കാള്‍ വലിയ മഹാമാരിയുടെ സൂചകവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Premchand criticises unlawful activities in Assam & challenges of Indian media

പ്രേംചന്ദ്‌
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍