ചുരുങ്ങിയ കാലം കൊണ്ടും കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ടും മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് അഖില ഭാര്‍ഗവന്‍. സോഷ്യല്‍ മീഡിയ റീലുകളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട അഖില 2022ല്‍ പുറത്തിറങ്ങി വൈറലായ അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2023ല്‍ പുറത്തിറങ്ങിയ ആന്റണി വര്‍ഗീസ് നായകനായ പൂവന്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അഖില, അയല്‍വാശി, സൂക്ഷമദര്‍ശിനി എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

പ്രേമലു. Photo: X.com
എന്നാല്‍ താരത്തിന്റെ കരിയറിന് വലിയ ബൂസ്റ്റ് നല്‍കിയ ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ പ്രേമലുവിലെ കാര്‍ത്തിക എന്ന കഥാപാത്രം അഖിലയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന്റെ സ്വാഭാവിക അഭിനയ ശൈലിയും കോമഡി ടൈമിങ്ങും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയായിരുന്നു.
അഖിലയുടേതായി തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. അഖിലയ്ക്ക് പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന്‍ ഗിരീഷാണ്. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രേമലുവിന് ശേഷം മറ്റ് സിനിമകളൊന്നും തന്റേതായി പുറത്തിറങ്ങാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് അഖില.
‘പ്രേമലുവിന് ശേഷം ഞാന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ചൂസിയായതല്ല. അതിന് ശേഷം പടം ചെയ്‌തെങ്കിലും അതിറങ്ങാന്‍ ഡിലേ ആയതാണ്. അതുപോലെ തന്ന ചില ഏറ്റെടുത്ത ചിത്രങ്ങള്‍ ഓണാവാനും സമയമെടുത്തു. അതുകൊണ്ട് ഏകദേശം ഒരു രണ്ട് വര്‍ഷത്തെ അതിഭീകര ഗ്യാപ്പിലൂടെ ഞാന്‍ പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: District
ഞാന്‍ അഭിനയിച്ച അവറാച്ചന്‍ എന്ന ചിത്രം സൂക്ഷമദര്‍ശിനി കഴിഞ്ഞ ഉടനെ ഷൂട്ട് ചെയ്തതാണ്. 2024-25ലായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. പക്ഷേ ഈ വര്‍ഷം സെപ്റ്റംബറിലാണ് ഇറങ്ങാന്‍ പോകുന്നത്. അങ്ങനെ രണ്ട് ചിത്രങ്ങള്‍ ഭയങ്കരമായി ഡിലേ വന്നുപോയി,’ അഖില പറഞ്ഞു.
Content Highlight: Premalu Fame Akhila Bharghavan talks about her career gap after Premalu
