| Saturday, 19th April 2025, 9:57 am

'ദിലീഷ് പോത്തന്റെ ലണ്ടന്‍ സ്റ്റാറ്റസ്'; പ്രേമലു 2 വിന്റെ കഥ തുടങ്ങുന്നത് ലണ്ടനില്‍? : മറുപടിയുമായി ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു എന്ന ചിത്രത്തിന് ശേഷം മലയാളികളുടെ മനസില്‍ ആദിയായി ജീവിക്കുകയാണ് നടന്‍ ശ്യാം മോഹന്‍. പ്രേമലുവില്‍ ഏറ്റവുമധികം ക്ലിക്കായ കഥാപാത്രവും ആളുകള്‍ ആഘോഷിച്ച കഥാപാത്രവുമായിരുന്നു ആദി.

പ്രേമലു 2 വരുമ്പോള്‍ എന്തെല്ലാം സസ്‌പെന്‍സുകളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

പ്രേമലു 2 വിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍ ശ്യാം മോഹന്‍. പ്രേമലു 2 തുടങ്ങുന്നത് ലണ്ടനില്‍ നിന്നാണോ എന്ന ചോദ്യം അടുത്തിടെയായി ഉയരുന്നുണ്ടെന്നും അതിനൊരു കാരണമുണ്ടെന്നും ശ്യാം മോഹന്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം.

‘ എനിക്ക് തോന്നുന്നത് അടുത്തിടെ ആള്‍ക്കാര്‍ തിയേറ്ററില്‍ റിപ്പീറ്റ് കണ്ട ഒരു ചിത്രമാണ് പ്രേമലു എന്നാണ്. കൊല്ലത്തുള്ള ഒരു കുട്ടി 21 തവണയാണ് പ്രേമലു കണ്ടത്.

പുള്ളിക്കാരി ഭയങ്കര ഫാനാണ്. ഓരോ തവണ പോയി കാണുമ്പോഴും നമ്മളെ ടാഗ് ചെയ്യും. ഞങ്ങള്‍ ആരോ അത് ശ്രദ്ധിച്ചിട്ട് ഭാവന സ്റ്റുഡിയോസിനോട് പറഞ്ഞു. അതിന് ശേഷം പുള്ളിക്കാരിക്ക് എത്ര തവണ വേണമെങ്കിലും തിയേറ്ററില്‍ പോയി ഫ്രീയായിട്ട് സിനിമ കാണാമെന്ന് പറഞ്ഞ് അവര്‍ ഒരു പാസ് കൊടുത്തു.

പ്രേമലു 2 ഈ വര്‍ഷം റിലീസാകും എന്നാണ് ഞങ്ങളൊക്കെ വിചാരിക്കുന്നത്. ജൂണില്‍ ഷൂട്ടുണ്ടാകും എന്നാണ് പറയുന്നത്. എപ്പോഴാണ്, എങ്ങനെയാണ് എന്നൊന്നും പറഞ്ഞിട്ടില്ല.

ദിലീഷേട്ടനും അടുത്തിടെ ഒഫീഷ്യലി പറഞ്ഞിരുന്നു ജൂണില്‍ തുടങ്ങുമെന്ന്. ഞങ്ങള്‍ ദിലീഷേട്ടന്റെ സ്റ്റാറ്റസാണ് നോക്കുന്നത്. അദ്ദേഹം എവിടെയെങ്കിലും പോകുന്നുണ്ടോ എന്നൊക്കെ. അങ്ങനെ ലണ്ടനില്‍ പോയ സ്റ്റാറ്റസ് കണ്ടു. അപ്പോള്‍ ലണ്ടനില്‍ എന്തോ ഉണ്ടാകും എന്ന് കരുതി. അത്രയേ ഞങ്ങള്‍ക്കും അറിയുകയുള്ളൂ.

പ്രേമലു 2 വിനെ കുറിച്ച് എനിക്കറിയാം. പക്ഷേ ഞാന്‍ പറയില്ല. ഇന്‍സ്റ്റഗ്രാമില്‍ എന്നോട് കുറേ പേര്‍ ചോദിക്കുന്നുണ്ട് ദിലീഷ് ലണ്ടനില്‍ പോയ സ്‌റ്റോറി കണ്ടല്ലോ അപ്പോള്‍ ലണ്ടനിലാണോ ഷൂട്ട് എന്നൊക്കെ. അറിയില്ല ബ്രോ പുള്ളിയോട് തന്നെ ചോദിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്.

പിന്നെ മമ്മൂക്ക പണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് സിനിമയുടെ സീക്രട്ട് ഒരുപാട് പുറത്തായി കഴിഞ്ഞാല്‍ പിന്നെ സിനിമ കാണാനൊരു ആകാംക്ഷ ഉണ്ടാവില്ല എന്ന്. അത് ശരിയാണ്.

ഒന്നും പറയാതെ ഇറക്കുമ്പോള്‍ ഭയങ്കര ഫ്രഷായിരിക്കും. ചില സിനിമകള്‍ ഇറങ്ങുന്നതിന് മുന്‍പേ മേക്കിങ് വീഡിയോ ഒക്കെ ഇറക്കും. ഈ സീന്‍ നമ്മള്‍ ഇങ്ങനെയാണ് ചെയ്തത് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ആ സിനിമ കാണാന്‍ എന്താണൊരു സുഖമുണ്ടാകുക,’ ശ്യാം മോഹന്‍ പറഞ്ഞു.

Content Highlight: Premalu 2’s story begins in London Shyam Mohan responds

We use cookies to give you the best possible experience. Learn more