72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2024ല്‍ പുറത്തിറങ്ങിയ സിനിമകളെയാണ് ഇക്കുറി അവാര്‍ഡിന് പരിഗണിക്കുന്നത്. മലയാളി സംവിധായകന്‍ ജയരാജാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകള്‍ അവസാന റൗണ്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024ല്‍ മലയാളികളെ വിസ്മയിപ്പിച്ച ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളാണ് അവസാന റൗണ്ടിലെത്തിയ മലയാളം എന്‍ട്രികള്‍. കപ്പിനും ചുണ്ടിനുമിടയില്‍ പലകുറി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായ മമ്മൂട്ടി ഇത്തവണയും അവസാന റൗണ്ടില്‍ മറ്റുള്ളവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. ഭാഷാതിര്‍ത്തികള്‍ കടന്ന് പലരെയും വിസ്മയിപ്പിച്ച ചാത്തനിലൂടെ കരിയറിലെ ഏഴാമത്തെ സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി തന്റെ ഷെല്‍ഫിലെത്തിച്ചിരുന്നു. ദേശീയ അവാര്‍ഡ് കൂടി സ്വന്തമാക്കി ‘ചാത്തന്‍സേവ’ അവസാനിപ്പിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വന്‍ കോമഡിയായി മാറുന്ന ദേശീയ അവാര്‍ഡില്‍ അധികം പ്രതീക്ഷ വെക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര ഗംഭീര പെര്‍ഫോമന്‍സായാലും അതിനെയൊന്നും പരിഗണിക്കില്ലെന്നും പുഷ്പ പോലുള്ള ‘ചവറ്’ കൊമേഷ്‌സ്യല്‍ സിനിമകളിലെ പ്രകടനമാണ് അവാര്‍ഡിന് പരിഗണിക്കുകയെന്നും ചില പോസ്റ്റുകളുണ്ട്.
പുഷ്പ 2 പുഷ്പ 2 photo: Screen grab/ Mythri Movie Makers
ജയ് ഭീം, സര്‍ദാര്‍ ഉദ്ധം പോലുള്ള സിനിമകളെ അവഗണിച്ച് അല്ലു അര്‍ജുന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയവരാണ് ദേശീയ അവാര്‍ഡ് കമ്മിറ്റിയെന്നാണ് വിമര്‍ശനം. 2024ലെ സിനിമകളില്‍ പുഷ്പ 2വും ഉണ്ടെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനെ തഴഞ്ഞ് ജവാനിലെ ഷാരൂഖ് ഖാനെ മികച്ച നടനാക്കിയ അവാര്‍ഡ് ജൂറിയെയും ഓര്‍മപ്പെടുത്തുന്നുണ്ട്.
കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങി വിഷം വമിപ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമകളെ പുരസ്‌കരിക്കുന്ന അവാര്‍ഡ് ജൂറിക്ക് ഇത്തവണയും അതിനുള്ള സിനിമയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്വതന്ത്ര വീര്‍ സവര്‍ക്കറിന് എന്തെങ്കിലും അവാര്‍ഡ് കിട്ടുമെന്നും പലരും അഭിപ്രായപ്പെടുന്നു.
സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ Photo: Theatrical Poster
മമ്മൂട്ടിയെക്കൂടാതെ ചിയാന്‍ വിക്രം (തങ്കലാന്‍), വിജയ് സേതുപതി (മഹാരാജ), കാര്‍ത്തി (മെയ്യഴഗന്‍) എന്നിവരില്‍ ആര്‍ക്കെങ്കിലും അവാര്‍ഡ് ലഭിക്കണമെന്നും സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്.
The National Awards have been a complete joke since 2023, so don’t be surprised if #AlluArjun wins another National Award for Pushpa 2pic.twitter.com/iufpQds2VQ