മുംബൈ: ഏതൊരു സ്ഥലത്തും മതപരമായ പ്രാര്‍ത്ഥന നടത്തുന്നത് മൗലികാവകാശമല്ലെന്ന് ബോംബൈ ഹൈക്കോടതി.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിസ്‌ക്കരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ടാക്‌സി യൂണിയന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള വിധിയിലായിരുന്നു കോടതി നിരീക്ഷണം.
സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയില്ലെന്നും എവിടെയും നിസ്‌ക്കരിക്കുന്നത് മതപരമായ അവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ബി.പി കൊളബവല്ല, ജസ്റ്റിസ് ഫിര്‍ദോഷ് പുനിവല്ല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്.
വിമാനത്താവള പരിസരത്ത് മുമ്പ് ഒരു താത്കാലിക ഷെഡ് ഉണ്ടായിരുന്നുവെന്നും അവിടെ തങ്ങള്‍ നിസ്‌ക്കരിച്ചിരുന്നതായും ഹരജിക്കാര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അധികൃതര്‍ അത് പൊളിച്ചുമാറ്റി, അതേ സ്ഥലത്തോ അടുത്തുളള മറ്റേതെങ്കിലും സ്ഥലത്തോ നിസ്‌ക്കരിക്കന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.
ഇത് അനുവദിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി കഴിഞ്ഞഴാഴ്ച എയര്‍പ്പോട്ട് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ മറ്റ് ഏഴ് സ്ഥലങ്ങള്‍ പരിശോധിച്ചെന്നും ഈ സ്ഥലങ്ങളെല്ലാം അതീവ സുരക്ഷാ മേഖലകളാണെന്നും അവിടെ ആളുകള്‍ കൂട്ടം കൂടുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും അധികൃതരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്ക്, വിമാനത്താവള വികസന പദ്ധതികള്‍ എന്നിവയും തടസങ്ങളായി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹരജി തളളുകയായിരുന്നു.
ഹരജിക്കാര്‍ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തേണ്ടിവരുമെന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അവര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്ന ഒരു മദ്രസ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
‘ലോകത്ത് ഒരിടത്തും ഇതുപോലൊന്ന് ഞങ്ങള്‍ കണ്ടിട്ടില്ല. വിമാനത്താവളത്തിന് സമീപം ഇതുപോലൊന്ന് ഉണ്ടാകാന്‍ പാടില്ല. ഒരേ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തണമെന്ന് ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല.
നിങ്ങള്‍ക്ക് സ്ഥലം തീരുമാനിക്കാന്‍ കഴിയില്ല. നാളെ നിങ്ങള്‍ ഓവല്‍ മൈതാനത്തിന്റെ (ദക്ഷിണ മുംബൈയിലെ ഒരു വിനോദ മൈതാനം) നടുവില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്ന് പറയും. അത് സാധ്യമല്ല,’ കോടതി പറഞ്ഞു.
റമദാന്‍ മാസം ഹരജിക്കാരുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, എവിടെയും പ്രാര്‍ത്ഥന നടത്തുന്നത് മതപരമായ അവകാശമല്ലെന്നും കോടതി പറഞ്ഞു.
‘ഒരു ദിവസം അഞ്ച് നേരം പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് ആരും നിങ്ങളെ തടയുന്നില്ല, പക്ഷേ അത് എവിടെയും സംഭവിക്കാന്‍ പാടില്ല. സുരക്ഷാ ആശങ്കകള്‍ ഗുരുതരമാണ്,’ ഹൈക്കോടതി പറഞ്ഞു.
ഇപ്പോള്‍ വിഷയത്തില്‍ ഒരു ആശ്വാസവും നല്‍കാന്‍ കഴിയില്ലെങ്കില്ലും ഭാവിയില്‍ ടെര്‍മിനല്‍ 1 കെട്ടിടം പുനര്‍വികസിപ്പിക്കുമ്പോള്‍ പ്രാര്‍ത്ഥാനാ മുറികള്‍ അനുവദിക്കുന്നതിനായി അപേക്ഷ നല്‍കാമെന്നും കോടതി ഹരജിക്കാരോട് പറഞ്ഞു.
‘ഭാവിയില്‍ വിമാനത്താവള ടെര്‍മിനല്‍ പുനര്‍വികസനം ചെയ്യുമ്പോള്‍, ഈ പ്രശ്‌നം നിലനില്‍ക്കാതിരിക്കാന്‍ ഒരു സ്ഥലം അനുവദിച്ചേക്കാം. കാരണം, ഹര്‍ജിക്കാര്‍ (ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍) മുംബൈയില്‍ നിന്ന് വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്,’ കോടതി വിധിയില്‍ പറയുന്നു.
Content Highlight: Praying anywhere is not a fundamental religious right; safety is paramount: Bombay High Court
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.