റീത്തക്ക് ശേഷം വന്ന പാവം ഡെലൂലൂ, പാര്‍വതിയെ ആരും മറന്നുകാണാനിടയില്ല
Malayalam Cinema
റീത്തക്ക് ശേഷം വന്ന പാവം ഡെലൂലൂ, പാര്‍വതിയെ ആരും മറന്നുകാണാനിടയില്ല
അമര്‍നാഥ് എം.
Saturday, 17th January 2026, 12:45 pm

തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് നിവിന്‍ പോളി നായകനായ സര്‍വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം 130 കോടിയിലേറെ നേടിക്കഴിഞ്ഞു. ഫീല്‍ ഗുഡ് ഹൊറര്‍ ഴോണറിലെത്തിയ ചിത്രം ഫാമിലി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിവിന്‍ പോളിക്കൊപ്പം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കഥാപാത്രമാണ് റിയ ഷിബു അവതരിപ്പിച്ച ഡെലൂലു/ മായ.

കണ്ടുശീലിച്ച പ്രേതങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഡെലൂലു. മനുഷ്യരെ കണ്ടാല്‍ പേടിയാകുന്ന പ്രേതം വ്യത്യസ്തമായ അനുഭവമായിരുന്നു. സ്വാഭാവികമായ പ്രകടനം കൊണ്ട് ഡെലൂലു സിനിമയിലുടനീളം സ്‌കോര്‍ ചെയ്തു. എന്നാല്‍ റിയയുടെ ഡെലൂലുവിന് മുമ്പ് മലയാളികളുടെ മനസില്‍ ഇടംപിടിച്ച മറ്റൊരു പ്രേതമുണ്ട്.

ഒരു മുറൈ വന്ത് പാര്‍ത്തായ Photo: Pinterest

ഉണ്ണി മുകുന്ദനെ നായകനാക്കി സാജന്‍ കെ. മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലും ഡെലൂലുവിനെപ്പോലെ ഒരു കഥാപാത്രമുണ്ട്. പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിച്ച പാര്‍വതി എന്ന കഥാപാത്രം അന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു. ഡെലൂലുവിന്റെ അത്ര കൂളല്ലെങ്കിലും പാര്‍വതിയും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു.

മലയാളത്തില്‍ പ്രയാഗ ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഒരു മുറൈ വന്ത് പാര്‍ത്തായ. ഉണ്ണി മുകുന്ദന്‍, പ്രയാഗ കോമ്പോ പ്രേക്ഷകര്‍ക്ക് പുതിയ ഫീലായിരുന്നു സമ്മാനിച്ചത്. ചിത്രത്തിലെ ‘അരികില്‍ പതിയെ’ എന്ന ഗാനം ഇന്നും വൈറലാണ്. റിയയുടെ ഡെലൂലുവിന് മുമ്പ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ആത്മാവെന്ന് പാര്‍വതിയെ വിശേഷിപ്പിക്കാം.

സര്‍വം മായ Photo: Nivin Pauly/ Facebook

പ്രയാഗയുടെ കരിയറില്‍ ഏറ്റവും ഫാന്‍ ഫോളോയിങ്ങുള്ള കഥാപാത്രമാണ് പാര്‍വതി. സാമ്പത്തികമായി വലിയ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. 2016 സമ്മര്‍ വെക്കേഷനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് അടിതെറ്റി. ഇപ്പോഴിതാ സര്‍വം മായ ഹിറ്റായതിന് പിന്നാലെ വീണ്ടും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലെ റീത്ത, ഒരു മുറൈ വന്ത് പാര്‍ത്തായയിലെ പാര്‍വതി, കൂടെയിലെ ജെനി എന്നീ കഥാപാത്രങ്ങള്‍ മോളിവുഡിലെ വ്യത്യസ്തരായ ആത്മാക്കളാണ്. ഡെലൂലുവിന്റെ അത്ര പോപ്പുലാരിറ്റിയില്ലെങ്കിലും ഈ കഥാപാത്രങ്ങളെയെല്ലാം മോളിവുഡിലെ മികച്ച ശ്രമങ്ങളായി കണക്കാക്കാം.

Content Highlight: Prayaga Martin’s character in Orur Murai Vanthu Parthaya discussing after Sarvam Maya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം