ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ പ്രവീണ്‍ ചക്രവര്‍ത്തിയുടെ ‘തമിഴ്‌നാടിനേക്കാള്‍ മെച്ചം യു.പി’യെന്ന പരാമര്‍ശത്തില്‍ എ.ഐ.സി.സിയ്ക്ക് പരാതി. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈയാണ് പരാതി നല്‍കിയത്.
തമിഴ്നാടിന്റെ കടബാധ്യതയെ കുറിച്ചുള്ള പ്രവീണ്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം അസ്വീകാര്യമാണെന്ന് സെല്‍വപെരുന്തഗൈ പറഞ്ഞു. പരാമര്‍ശം ഇന്ത്യാ മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പൊതുകടം നിയന്ത്രിക്കുന്നതില്‍ ഡി.എം.കെ ഭരിക്കുന്ന തമിഴ്‌നാടിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്,’ എന്നായിരുന്നു പ്രവീണ്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം. ഡി.എം.കെ ഭരണത്തില്‍ തമിഴ്‌നാട് വികസിച്ചുവെന്ന കനിമൊഴി എം.പിയുടെ പ്രതികരണത്തെ തള്ളിക്കൊണ്ടായിരുന്നു ചക്രവര്‍ത്തിയുടെ പ്രസ്താവന.
പിന്നാലെ ചക്രവര്‍ത്തിയുടെ അഭിപ്രായ പ്രകടനത്തിൽ ബി.ജെ.പി പിന്തുണ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചക്രവര്‍ത്തിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ പരാതിപ്പെട്ടത്.
പ്രവീണ്‍ ചക്രവര്‍ത്തിയുടെ നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഡി.എം.കെ നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം പ്രതികരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതില്ലെന്നും സ്വകാര്യ അജണ്ടകളുള്ള ആരുമായും ഇടപെഴുകരുതെന്നും തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജ പറഞ്ഞു.
തമിഴ്നാടിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുമായി നമുക്ക് വലിയൊരു യുദ്ധം ചെയ്യേണ്ടതുണ്ട്. അനാവശ്യമായ കാര്യങ്ങളില്‍ തലയിടേണ്ടതില്ല. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ്ങിന്റെയും ബി.ജെ.പി അനുകൂല പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് ചക്രവര്‍ത്തിയുടെ യു.പി പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ഗാന്ധി കുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുമുള്ള തരൂരിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ വിവാദത്തിലാക്കിയിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയെ അടക്കം തരൂര്‍ പിന്തുണച്ച് സംസാരിച്ചിരുന്നു. പി.എം ശ്രീയുടെ ധാരണാപത്രത്തില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതിനുപുറമെയാണ് ആര്‍.എസ്.എസിന്റെ സംഘടനാ ശക്തിയെ പ്രശംസിച്ച് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്. ആര്‍.എസ്.എസിന്റെ താഴെതട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ ന്യായീകരണവുമായെത്തിയ ദിഗ് വിജയ് രൂക്ഷവിമര്‍ശനമാണ് നേരിട്ടത്.
Content Highlight: Praveen Chakravarty says UP is better than Tamilnadu; Complaint to AICC