ഐ.സി.സി വനിതാ ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരെയുള്ള സെമി ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റവാള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
ഫീല്‍ഡിങ്ങിനിടെ മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഫീല്‍ഡ് വിട്ടിരുന്നു. ഈ പരിക്ക് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിന് മുമ്പ് ഭേദമായേക്കില്ലെന്നാണ് വിവരം. ഒക്ടോബര്‍ 30നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് ശേഷം പ്രതിക റവാളിന്റെ പരിക്ക് വിലയിരുത്തുകയാണെന്നും ഉടനെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞിരുന്നു. പിന്നാലെ, താരത്തിന് മുട്ടിനും കണങ്കാലിനും പരിക്കുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. മെഡിക്കല്‍ സംഘം താരത്തിന്റെ പുരോഗതി നിരീക്ഷിക്കുകയാണെന്നും പറഞ്ഞിരുന്നു.
പ്രതിക ഏകദിന ലോകക്കപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ താരം രണ്ടാമതുണ്ട്. ഏഴ് മത്സരങ്ങളില്‍ കളിച്ച് ഇന്ത്യന്‍ ഓപ്പണര്‍ 308 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. 102.53 സ്‌ട്രൈക്ക് റേറ്റിലും 60.83 ശരാശരിയിലുമാണ് പ്രതിക ബാറ്റേന്തിയിരുന്നത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ഥാനയോടൊപ്പം പ്രതിക ഓപ്പണിങ്ങില്‍ മികച്ച തുടക്കം നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് താരത്തിന്റെ അഭാവം വലിയ തിരിച്ചടിയായേക്കും.
രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ വരുന്നത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ഒരു മത്സരം പോലും തോല്‍ക്കാതെ അപരാജിതരായാണ് ഓസ്‌ട്രേലിയ മത്സരത്തില്‍ ഇറങ്ങുന്നത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും മുന്‍ ചാമ്പ്യന്മാര്‍ക്കാണ്. അതേസമയം, പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരായ ഇന്ത്യ മൂന്ന് വീതം തോല്‍വിയും വിജയവും സ്വന്തമാക്കിയാണ് ഈ മത്സരത്തിനെത്തുന്നത്.
Content Highlight: Pratika Rawal likely to miss semi final against Australia in ICC Women ODI World Cup