സര്‍വ്വം മായയിലൂടെ വലിയ തിരിച്ചുവരവ് നടത്തിയ നിവിന്‍ പോളി വന്നതിനെക്കാള്‍ വേഗത്തില്‍ തിരിച്ചുപോയ ചിത്രങ്ങളാണ് ബേബി ഗേളുംപ്രതിഛായയും. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ബേബി ഗേള്‍ വലിയ വിമര്‍ശനം നേരിട്ടപ്പോള്‍ പ്രതിഛായ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളം വിടുകയായിരുന്നു.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിഛായ പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങിയത്. കേരള രാഷ്ട്രീയത്തിലെ ഉള്‍ക്കളികളെക്കുറിച്ച് പറഞ്ഞ ചിത്രം പ്രേക്ഷകരില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാതെയാണ് കടന്നുപോയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
തിയേറ്ററിലെ അതേ പ്രതികരണം തന്നെയാണ് ഒ.ടി.ടിയിലും പ്രതിഛായക്ക് ലഭിക്കുന്നത്. കാലങ്ങളായി മലയാളസിനിമ പിന്തുടരുന്ന സകല ക്ലീഷേകളും ആവര്‍ത്തിച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പ്രതിഛായ ഒരുക്കിയത്. കേരള മുഖ്യമന്ത്രിയായ വര്‍ഗീസിനെതിരെ വലിയൊരു ആരോപണം ഉയരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നിവിന്‍ പോളി അവതരിപ്പിച്ച ജോണ്‍ വര്‍ഗീസ് എന്ന കഥാപാത്രം ഷറഫുദ്ദീന്റെ രവി എന്ന കഥാപാത്രവുമായി സംസാരിക്കുന്ന സീന്‍ പിന്‍ഗാമിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ഫേസ്ബുക്കിലെ ഷിറ്റിയര്‍ മലയാളം മൂവി ഡീറ്റെയില്‍സ് എന്ന പേജ് അഭിപ്രായപ്പെടുന്നു. പത്രസമ്മേളനം കഴിഞ്ഞുള്ള സീനില്‍ ജോണ്‍ വര്‍ഗീസ് രവിയോട് ‘ഇത് ഞാന്‍ ഊരിവെച്ചാല്‍ പിന്നെ എനിക്ക് ഒരൊറ്റ ഐഡന്റിറ്റിയേ ഉള്ളൂ. പിന്‍ഗാമി, എന്റെ അപ്പന് വേണ്ടി മറുപടി പറയാന്‍ വന്ന പിന്‍ഗാമി’ എന്നാണ് ഡയലോഗ്.
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയിലൊരുങ്ങിയ പിന്‍ഗാമി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്യാപ്റ്റന്‍ വിജയ് മേനോന്‍ ക്ലൈമാക്‌സില്‍ പ്രധാന വില്ലനോട് ഇതേ ഡയലോഗ് പറയുന്നുണ്ട്. ‘എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാന്‍ വന്ന പിന്‍ഗാമി’ എന്ന ഡയലോഗ് വലിയ മാറ്റമൊന്നുമില്ലാതെയാണ് പ്രതിഛായയില്‍ ഉപയോഗിച്ചത്.
സര്‍വ്വം മായക്ക് ശേഷം തിരിച്ചുവന്നു എന്ന പ്രതീതി ജനിപ്പിച്ച നിവിന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. എന്നാല്‍ പ്രതിഛായയും ബേബി ഗേളും സര്‍വ്വം മായക്ക് മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണെന്നും ഇനിയുള്ള സിനിമകള്‍ പ്രതീക്ഷ നല്‍കുന്നവയാണെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റാണ് നിവിന്റെ അടുത്ത ചിത്രം.
Content Highlight: Prathichaya getting negative response after OTT release