ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷം മുന്‍പ് തന്നെ അച്ഛന്‍ കര്‍ഷകനാണ്. 5000 ത്തോളം വാഴയും, ഒരേക്കറിനടുത്ത് നെല്ലും കൃഷി ചെയ്തിരുന്നവന്‍. Kerala Horticulture Development Program (KHDP) എന്ന പേരില്‍ അന്നുണ്ടായിരുന്ന, സര്‍ക്കാറിന് കീഴിലുള്ള പ്രോജക്ടിന്റെ മണ്ണാര്‍ക്കാട്ടെ സ്ഥാപകരില്‍ ഒരാള്‍.
പ്രധാനമായും വാഴകൃഷിക്കാര്‍ക്കും മറ്റു പച്ചക്കറി കൃഷിക്കാര്‍ക്കും വേണ്ടി ഉള്ള സ്ഥാപനമായിരുന്നു അത്. വിപണനവും, വായ്പാ സൗകര്യങ്ങളും, പഠനവും ഉള്‍പ്പെടെ മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്ന സ്ഥാപനമായിരുന്നു അത്. പാലക്കാട് ജില്ലയില്‍ ആദ്യമായി ടിഷ്യുകള്‍ച്ചര്‍ വാഴ കൃഷി ചെയ്തത് അച്ഛനാണ്. മണ്ണ് ടെസ്റ്റ് ചെയ്ത് മണ്ണിനെ അറിഞ്ഞ് വളപ്രയോഗം നടത്തി മികച്ച വിളവുണ്ടാക്കിയിരുന്നു. 1999ല്‍ പാലക്കാട് ജില്ലയിലെ മികച്ച ഗവേഷക കര്‍ഷകനായിരുന്നു പുള്ളി.
എന്നാല്‍, ആദ്യമൊക്കെ പാടത്ത് ചെറിയ രീതിയില്‍ തുടങ്ങിയ പന്നി, കുരങ്ങ്, മയില്‍ എന്നിവയുടെ ആക്രമണം പിന്നീട് വര്‍ദ്ധിച്ചു. മയില്‍ വാഴയില്‍ പറന്നിരിക്കും അധികം വൈകാതെ വാഴ ഒടിഞ്ഞ് പോകും. പന്നികള്‍ ഉഴുത് മറിച്ചിട്ടാണ് പോവുക. കുരങ്ങന്മാരുടെ ശല്യം വേറെ. 4 വര്‍ഷം കൊണ്ട് കൃഷി നടത്തി, വീടും ഉണ്ടായിരുന്ന സ്ഥലവും വില്‍ക്കേണ്ടി വന്നു 2004ല്‍, ലക്ഷങ്ങളുടെ ബാധ്യത വേറെ.

പ്രശോഭ് പങ്കുവെച്ച് അച്ഛന്‍റെ ചിത്രം
പക്ഷെ, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മനസ്സില്‍ വേറെ കുറേ ‘ബോധ്യ’ങ്ങളായിരുന്നു. ഭൂമിയുടെ അവകാശികളും, സുഗതകുമാരി ടീച്ചറുടെ ലേഖനങ്ങളും, ജോണ്‍ സിയുടെ ചിന്തകളും, ഒക്കെയായിട്ടങ്ങനെ. യാഥാര്‍ത്ഥ്യത്തിന്റെ മുകളില്‍ ചവിട്ടി നിന്ന് മനുഷ്യനുമായി ചങ്ങാത്തത്തിലേര്‍പ്പെടുന്ന മൃഗങ്ങളും, ചെറുബാല്യത്തിന് താങ്ങാനാകാത്ത കുറ്റബോധവും. വെട്ടാന്‍ കളയാന്‍ തുടങ്ങിയ മരത്തിനെ കെട്ടിപിടിച്ച ബിനോയ് വിശ്വത്തിന്റെ വാര്‍ത്തയൊക്കെ കണ്ട് കരഞ്ഞിട്ടുണ്ട്. എന്താണീ മനുഷ്യരിങ്ങനെ ക്രൂരരാകുന്നത് എന്നെത്രയോ വട്ടം ആലോചിച്ചിട്ടുണ്ട്.

