ഒരുപാട് വര്‍ഷക്കാലം ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങളിലും നിറഞ്ഞുനിന്ന നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രശാന്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം പ്രശാന്തിനെ തേടിയെത്തി. കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷപ്രേതം എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് പ്രശാന്ത് തെളിയിച്ചു.
മോഹന്‍ലാലിന് ശേഷം അഭിനയത്തില്‍ തനിക്ക് ഒറിജിനാലിറ്റി തോന്നിയ നടനാണ് മണികണ്ഠന്‍ പട്ടാമ്പിയെന്ന് പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു. മീശ മാധവന്‍ എന്ന സിനിമയിലെ ‘വെടിവഴിപാട് വിളിച്ച് പറയാതിരിക്കാന്‍ പറ്റോ’ എന്ന സീന്‍ കണ്ടപ്പോള്‍ മണികണ്ഠന്‍ പട്ടാമ്പി സ്ഥിരമായി അവിടെ അനൗണ്‍സ് ചെയ്യുന്ന ആളാണ് എന്ന് താന്‍ കരുതിയിരുന്നുവെന്നും പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
ആ സീന്‍ ഇന്നും ഓര്‍ത്തിരിക്കാന്‍ കാരണം താടി ചൊരിയുന്ന മണികണ്ഠന്റെ ചെറിയൊരു ആംഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി നെക്സ്റ്റ് 14 മിന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്സാണ്ടര്‍.
‘ഞങ്ങള്‍ ഗള്‍ഫില്‍ നിന്ന് ഒരു രണ്ടാം ക്ലാസ് ഒക്കെ ആയപ്പോള്‍ നാട്ടിലെത്തി. ആ വന്ന സമയത്ത് പപ്പ കുറെ സിനിമ കാസെറ്റും കൂടെ വാങ്ങിയിട്ടാണ് വന്നത്. സത്യന്‍ അന്തിക്കാടിന്റെ സിനിമകളാണ് അതില്‍ കൂടുതലും ഉണ്ടായിരുന്നത്.
അതെല്ലാം കണ്ടിട്ട് പപ്പാ പറഞ്ഞത് ‘മോഹന്‍ലാലിന്റെ ആക്ടിങ് എന്തൊരു ഒറിജിനാലിറ്റി’ ആണ് എന്നാണ്. ആ ഒറിജിനാലിറ്റി എന്ന വാക്ക് എന്റെ മനസില്‍ അന്ന് രജിസ്റ്റര്‍ ആയിട്ടുണ്ട്. അന്നുമുതലേ എന്ത് ചെയ്താലും നാടകീയത ഒഴിവാക്കി ഒറിജിനാലിറ്റി കൊണ്ടുവരന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സിനിമയില്‍ എനിക്ക് ഈ ബള്‍ബ് കത്തിയത് ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമാണ്.
മോഹന്‍ലാലിന് ശേഷം ഞാന്‍ ഒബ്‌സര്‍വ് ചെയ്ത നടനാണ് മണികണ്ഠന്‍ പട്ടാമ്പി. മീശമാധവന്‍ എന്ന സിനിമയില്‍ ‘വെടിവഴിപാട് വിളിച്ച് പറയാതിരിക്കാന്‍ പറ്റോ’ എന്ന ഡയലോഗ് നമ്മള്‍ ശ്രദ്ധിച്ചത് ആ ഒരു ഒറിജിനാലിറ്റി കൊണ്ടാണ്.
സിനിമ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് അത് അനൗണ്‍സ് ചെയ്യുന്ന അവിടെയുള്ള ആളാണെന്നാണ്. എന്തുകൊണ്ടാണ് നമുക്ക് അത്രയും നാച്ചുറല്‍ ആയിട്ട് അവിടെ തോന്നിയതെന്ന് വെച്ചാല്‍ അയാള്‍ താടി ചൊറിയുന്ന ചെറിയൊരു ആംഗ്യമാണ്,’ പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
Content Highlight: Prashanth Alexander talks about Manikandan Pattambi