| Tuesday, 13th May 2025, 6:31 pm

മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ്; ഏറ്റവും ഇഷ്ടമുള്ള സിനിമ ആ മമ്മൂട്ടി ചിത്രമാണ്: പ്രസന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രസന്ന വെങ്കിടേശന്‍. ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചുകൊണ്ട് പ്രസന്ന മലയാള സിനിമയിലേക്കും ചുവടുറപ്പിച്ചു.

തന്നെ എക്കാലവും മോഹിപ്പിച്ച ഇന്‍ഡസ്ട്രിയാണ് മലയാളം എന്ന് പ്രസന്ന പറയുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള സൗഹൃദമാണ് തന്നെ മലയാളത്തിലേക്ക് എത്തിച്ചതെന്നും അമരം ആണ് തന്റെ പ്രിയപ്പെട്ട മലയാളം സിനിമയെന്നും അദ്ദേഹം പറഞ്ഞു.

‘നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള സൗഹൃദമാണ് എന്നെ മലയാളത്തിലേക്ക് എത്തിച്ചത്. ‘ട്രാഫിക്കി’ന്റെ തമിഴില്‍ ചാക്കോച്ചന്റെ റോളിലേക്കാണ് ആദ്യം വിളിച്ചത്. അത്തരം സിനിമ തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് അന്നെനിക്കു സംശയമായിരുന്നു. അപ്പോള്‍ അദ്ദേഹം മറ്റൊരു ഓഫര്‍ വച്ചു, ‘ചാപ്പാ കുരിശി’ന്റെ തമിഴ് റീമേക്കില്‍ ഫഹദിന്റെ റോള്‍ നല്‍കാം എന്ന്.

സാധാരണ നിര്‍മാതാക്കള്‍ അങ്ങനെ വാക്ക് പാലിക്കാറൊന്നുമില്ല. എന്നാല്‍ ആ വാക്കും പാലിച്ചു. ഇപ്പോള്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗം തന്നെയാണ് അദ്ദേഹം. ആരുമായി എളുപ്പം അടുക്കാത്ത സ്‌നേഹ പോലും ലിസ്റ്റിന്റെ അടുത്ത സുഹൃത്താണ്.

മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ്. ‘കസ്തൂരിമാന്‍’ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ഞാനാണ് ചെയ്തത്. തമിഴിലും നായിക മീര ജാസ്മിന്‍ തന്നെയായിരുന്നു. ലോഹിതദാസ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ചിത്രവുമാണത്.

സിദ്ദിഖ് സാര്‍ ആദ്യമായി തമിഴില്‍ സംവിധാനം ചെയ്ത ‘സാധു മിരണ്ടാലില്‍’ ഞാനും കാവ്യാ മാധവനുമായിരുന്നു പ്രധാന റോളുകളില്‍. ‘അഴകിയ തീയേ’യില്‍ നവ്യാ നായര്‍ ആയിരുന്നു എന്റെ നായിക. ‘അമര’മാണ് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള ചിത്രം. ലോഹിതദാസ് സാറിന്റെ സിനിമ ചെയ്തതോടെ അഭിനയത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി.

‘കിരീട’വും ‘ഭൂതക്കണ്ണാടി’യും ‘കുമ്പളങ്ങി നൈറ്റ്‌സും’ വരെ എത്രയെത്ര അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് മലയാളത്തിലുള്ളത്. മലയാളത്തില്‍ ഒരു അവസരത്തിനായി ഏറെ ആഗ്രഹിച്ചിരുന്നു,’ പ്രസന്ന പറഞ്ഞു.

Content Highlight: Prasanna Venkatesan Talks About Malayalam Film Industry

We use cookies to give you the best possible experience. Learn more