ഒരിക്കല്‍ ചൂട് വെള്ളത്തില്‍ വീണതാ ഇനി പച്ചവെള്ളം കണ്ടാലും പേടിക്കും; മമിതയെ പ്രാങ്ക് ചെയ്ത് അവതാരക
Malayalam Cinema
ഒരിക്കല്‍ ചൂട് വെള്ളത്തില്‍ വീണതാ ഇനി പച്ചവെള്ളം കണ്ടാലും പേടിക്കും; മമിതയെ പ്രാങ്ക് ചെയ്ത് അവതാരക
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th April 2026, 11:56 am

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് മമിത ബൈജു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മമിത സൂപ്പര്‍ ശരണ്യ പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയത്. പിന്നീട് ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെയായിരുന്നു താരം സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ മുന്നേറ്റം നടത്തിയിരുന്നത്. പിന്നാലെ തമിഴില്‍ പുറത്തിറങ്ങിയ പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് താരത്തിന് അന്യഭാഷയിലും വലിയ പ്രശസ്തി നേടി നല്‍കുകയായിരുന്നു.

മമിത ബൈജു. Photo: The Indian Express

എന്നാല്‍ സിനിമയ്ക്ക് പുറത്ത് താരത്തിന് വലിയ രീതിയില്‍ ട്രോള്‍ നോടിക്കൊടുത്ത സംഭവമായിരുന്നു വിജയ് ചിത്രം ജന നായകന്റെ മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ച്. പരിപാടിക്കിടെ വിജയ്‌യെ പ്രകീര്‍ത്തിച്ചു കൊണ്ട് താരം പാടിയ ഗാനമാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. വിജയ് ചിത്രം അഴകിയ തമിഴ് മകനിലെ നാളെ നാളെ എന്ന ഗാനമായിരുന്നു താരം പാടിയിരുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയ കണ്ട ഏറ്റവും വലിയ ട്രോളുകളില്‍ ഒന്നായും ഇത് മാറിയിരുന്നു.

ഇപ്പോഴിതാ മമിത അഭിനയിക്കുന്ന പുതിയ ചിത്രം കരയുടെ ഇവന്റിനിടെ താരത്തോട് പാട്ട് പാടാന്‍ അവതാരക ആവശ്യപ്പെടുന്നതും എന്നാല്‍ ഏത് വിധേനയെങ്കിലും ഇതില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്ന മമിത ബൈജുവിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവതാരകയോട് ദയവ് ചെയ്ത് വെറുതെ വിടാന്‍ പറയുന്ന മമിതയെ വീഡിയോയില്‍ കാണാം. എന്നാല്‍ വെറുതെ പറഞ്ഞതാണെന്നും ഇത് വെറുമൊരു പ്രാങ്ക് ആയിരുന്നുമെന്നാണ് അവതാരക താരത്തോട് പറഞ്ഞത്. സൂപ്പര്‍ താരം ധനുഷിനടുത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം.

കര. Photo: The Indian Express

വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത് ധനുഷ് പ്രധാനവേഷത്തിലെത്തുന്ന കരയില്‍ താരത്തിന്റെ നായികയായാണ് മമിത വേഷമിടുന്നത്. മമിതയുടെ കരിയറില്‍ ഇതുവരെ കാണാത്ത മേക്കോവറില്‍ ഒരു റൂറല്‍ ഗെറ്റപ്പിലാണ് താരം വേഷമിടുന്നത്. മമിതയ്ക്ക് പുറമെ മലയാളി താരങ്ങളായ ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജ രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ സഹോദരിയായി അഭിനയിച്ച ജനനായകനും സൂര്യയുടെ നായികയായി വേഷമിടുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സുമാണ് മമിതയുടെതായി തമിഴില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന മറ്റ് തമിഴ് ചിത്രങ്ങള്‍.

Content Highlight: Prank on Mamitha baiju by anchor at Kara Event

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.