കഴിഞ്ഞവര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ട മലയാളസിനിമയായിരുന്നു ഭ്രമയുഗം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. വെറും അഞ്ച് കഥാപാത്രങ്ങളെ മാത്രം വെച്ചുകൊണ്ട് പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഭ്രമയുഗം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു.
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഭ്രമയുഗത്തിന്റെ അതേ ക്രൂവിനെയും പ്രൊഡക്ഷന്‍ ഹൗസിനെയും വെച്ച് ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മാര്‍ച്ചില്‍ നടന്നിരുന്നു. പ്രണവ് മോഹന്‍ലാലാണ് രാഹുല്‍ സദാശിവന്റെ പുതിയ ചിത്രത്തിലെ നായകന്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡീയസ് ഈറേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ലാറ്റിന്‍ വാക്കായ ഡീയസ് ഈറേ 13ാം നൂറ്റാണ്ടിലെ ഒരു ഗാനത്തിലെ ഭാഗമാണ്. ക്രോധത്തിന്റെ ദിനം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
മുന്‍ ചിത്രങ്ങള്‍ പോലെ ഹൊറര്‍ ഴോണറിലാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേ ഒരുക്കിയത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും പ്രണവ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്ന പ്രണവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടകര, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്. വെറും 35 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന് ശേഷം ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഭ്രമയുഗത്തിലെ മന സെറ്റിട്ട് വിസ്മയിപ്പിച്ച ജ്യോതിഷ് ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഷഫീക് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിക്കുമ്പോള്‍ ഭ്രമയുഗത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകള്‍ ഒരുക്കിയ ഷഹ്നാദ് ജലാല്‍ ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
Content Highlight: Pranav Mohanlal Rahul Sadasivan project titled as Dies Irae