അവര്‍ മാലിന്യത്തില്‍ കഴിയുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് ഓണക്കോടിയില്‍ അഴുക്കുപുരളാതെ നടക്കാന്‍ കഴിയുന്നത്
DISCOURSE
അവര്‍ മാലിന്യത്തില്‍ കഴിയുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് ഓണക്കോടിയില്‍ അഴുക്കുപുരളാതെ നടക്കാന്‍ കഴിയുന്നത്
പ്രമോദ് പുഴങ്കര
Tuesday, 6th September 2022, 3:45 pm

താത്ക്കാലിക/കരാര്‍ തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള അധികാരം തൊഴിലാളികള്‍ക്ക് മേല്‍ തൊഴിലുടമക്കുള്ള ഏറ്റവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ അധികാരമാണ്. അത്തരത്തിലൊരു അധികാരം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നഗരസഭാ മേയര്‍ എടുത്തുപയോഗിക്കുന്നത് കേരളത്തിലാണെന്ന വാര്‍ത്ത ‘ലോകത്താദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ’ എന്ന അയവിറക്കലിന്റെ ഒപ്പമാണെന്നത് ആദ്യം ദുരന്തമാണെന്ന് തോന്നുമെങ്കിലും ഒന്ന് കുടഞ്ഞുനിവര്‍ത്തി വിരിച്ചിട്ടാല്‍ അയത്‌നലളിതമായി നടന്നുകൊണ്ടിരിക്കുന്ന ഉള്ളടക്കമാറ്റത്തിന്റെ ചെറിയ പ്രത്യക്ഷങ്ങള്‍ മാത്രമാണെന്ന് മനസിലാകും.

തിരുവനന്തപുരം മേയര്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് എന്നത് ഒരു പ്രശ്‌നോത്തരി മത്സരത്തിനപ്പുറം പോകാനുള്ള സാധ്യതയില്ലാത്ത ഒന്നായി മാറുന്നത് വ്യക്തിപരമായി അവരുടെ കുഴപ്പമല്ല, മറിച്ച് അവര്‍ കൈകാര്യം ചെയ്യുന്ന അധികാരത്തിന്റെ സ്വഭാവം കൊണ്ടും അതിലേക്ക് അവരെ നിയോഗിക്കുന്ന രാഷ്ട്രീയാധികാരത്തിന്റെ ജനാധിപത്യവിരുദ്ധതകൊണ്ടുമാണ്. കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ കാര്യത്തില്‍ നമ്മളത് കണ്ടതാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

ഓണാഘോഷത്തിന് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം വലിച്ചെറിഞ്ഞു എന്ന വാര്‍ത്ത നമ്മളില്‍ ‘ആഹാ, അത്രക്കഹങ്കാരമോ അവറ്റകള്‍ക്ക്’ എന്ന തോന്നലുണ്ടാക്കാന്‍ പാകത്തില്‍ വരുത്തുന്നത് കേരളത്തിലെ ജാതി, വര്‍ഗ ബോധത്തിന്റെ ഉറപ്പുള്ള പിന്തിരിപ്പന്‍ അടിത്തറയില്‍നിന്നുമാണ്. ഓണത്തിനെന്നല്ല ഏതൊരു ആഘോഷത്തിനും ഉത്സവത്തിനുമായാലും സര്‍ക്കാര്‍ കാര്യാലയങ്ങളും സേവനങ്ങളും പ്രവര്‍ത്തിദിവസങ്ങളില്‍ ജോലി സമയത്തിലല്ലാതെയും ഒഴിച്ചുകൂടാനാകാത്ത അവസരത്തില്‍ പൊതുജനസേവനങ്ങളും ജോലിയും തടസപ്പെടാത്ത തരത്തില്‍ ക്രമീകരിച്ചും മാത്രമേ നടത്താവൂ എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഓണവും വിഷുവൊന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുള്ളതുകൊണ്ട് ഓണത്തിനായി മാത്രം എന്തെങ്കിലും കെടുകാര്യസ്ഥ്യതയും ഉത്തരവാദിത്തമില്ലാമയും സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഉണ്ടാകും എന്ന് കരുതാന്‍ വയ്യ. ഓണമായതുകൊണ്ട് പൂര്‍വാധികം ഭംഗിയോടെ അവര്‍ പതിവുകള്‍ ആവര്‍ത്തിക്കുന്നു എന്ന് കരുതുകയേ നിവൃത്തിയുള്ളു. യാതൊരു പരാതിക്കും മാറ്റം വരുത്താന്‍ കഴിയാത്തവിധത്തില്‍ ഭദ്രവും അതാര്യവുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ലോകം.

എന്നാല്‍ അത്തരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നാലയലത്ത് പോലും തിരുത്തലുകളുമായി പോകാത്ത മേയറടക്കമുള്ള രാഷ്ട്രീയ നേതൃത്വം തങ്ങളുടെ അധികാരമികവ് കാട്ടാന്‍ നാല് താത്ക്കാലിക തൊഴിലാളികളെയും ശുചീകരണ തൊഴിലാളികളെയും കണ്ടെത്തുന്നത് ഒട്ടും യാദൃച്ഛികമോ നിഷ്‌ക്കളങ്കമോ അല്ല. ഭക്ഷണം കളഞ്ഞു എന്നൊക്കെയുള്ള മേയറുടെ ധാര്‍മികരോഷം വലിയ തമാശയാണ്. പൊതുഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചാണ് മേയറടക്കമുള്ള രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ ദൈനംദിന ജീവിതം പോലും. ലോക കേരള സഭ എന്ന ധനിക പ്രവാസിമുതലാളിമാര്‍ക്ക് നേരിട്ട് ഭരണസംവിധാനത്തിലേക്ക് ഇരിപ്പിടം നല്‍കിയ പുത്തന്‍ രാജസഭയിലെ ഭക്ഷണചെലവിലെ ധൂര്‍ത്തിനെക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍ മുതലാളിമാരും അവരുടെ രാഷ്ട്രീയാരാധക സംഘങ്ങളുംകൂടി അങ്ങനെയൊക്കെ പറയാമോ എന്ന പ്രതിഷേധവുമായാണ് വന്നത്.

കേരളത്തിലെ ഇടതുപക്ഷ ഭരണരാഷ്ട്രീയ നേതൃത്വം അതിന്റെ ബാഹ്യമായ തൊഴിലാളിവര്‍ഗ രാഷ്ട്രീയ വാചകമടിപോലും അതിവേഗം കുടഞ്ഞുകളയുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടാണ് തൊഴില്‍ സമരങ്ങളോ തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള തടസങ്ങളോ അല്ല കേരളത്തില്‍ വ്യവസായസംരഭങ്ങള്‍ വരാത്തതിനുള്ള കാരണമെന്ന് വളരെ വ്യക്തമാണെങ്കിലും വ്യവസായശാലകളുടെ മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയകക്ഷികളുടെ കൊടി എന്ന് സി.പി.ഐ.എം കേന്ദ്ര സമിതി അംഗം കൂടിയായ വ്യവസായമന്ത്രി പറയുമ്പോള്‍ അതിന്റെ സമയ, സന്ദര്‍ഭ, ചരിത്ര സാംഗത്യം എന്താണെന്ന് ചോദിക്കാന്‍ ആരും ആ കക്ഷിയിലെന്നല്ല കേരളത്തിന്റെ ഇടതുപക്ഷ പൊതുസംവാദ സമൂഹത്തില്‍പ്പോലും ഇല്ലാതെപ്പോകുന്നത്. അത്രയേറെ സ്വാഭാവികമായി മിടുക്കന്മാരുടെ അതിജീവനത്തിലേക്ക് സമൂഹത്തെ എടുത്തുവെച്ചുകഴിഞ്ഞു.

തൊഴില്‍ശാലക്ക് മുന്നില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ താക്കീതും അവകാശപ്രഖ്യാപനവുമായി കുത്താനുള്ളതാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയം പറയുന്ന സംഘടനയുടെ കൊടി. ഒരു തൊഴില്‍ശാല ഉയരുമ്പോള്‍ ഒപ്പം തൊഴിലാളി സംഘടനയും അവരുടെ കൊടിയും ഉയരണം. അത് പാടില്ല എന്ന് പറയുന്നത് മുതാലളിയുടെ ആവശ്യമാണ്. അത്തരമൊരാവശ്യം ഭരണമികവെന്ന പേരില്‍ തൊഴിലാളികളുടെ രാഷ്ട്രീയകക്ഷിയുടെ കൈകളിലൂടെ കടത്തിക്കൊണ്ടുവരുന്നൊരു നേതൃത്വമുള്ളപ്പോള്‍ തിരുവനന്തപുരം മേയര്‍ അതിന്റെ ആവേശത്തോടെയുള്ള അനുകരണം മാത്രമാണ് നടത്തുന്നത്.

വര്‍ഗരാഷ്ട്രീയം നഷ്ടപ്പെട്ടൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റേതുകക്ഷിയെയും പോലെ നേതൃപൂജയുടെയും അധികാരസ്ഥാനങ്ങളിലേക്കുള്ള ഏണിപ്പടികളുടെയും കുറുക്കുവഴികള്‍ തെളിഞ്ഞുകിടക്കും. അതുകൊണ്ടാണ് സ്തുതിപാഠകരുടെ കാരണഭൂതത്തിരുവാതിര തകര്‍ത്തുകളിക്കുമ്പോള്‍ ‘മുഖ്യമന്ത്രിയുടെ കാലില്‍ നീര്, ഹാ എന്തൊരു ത്യാഗം’ എന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിടാന്‍ തിരുവനന്തപുരം മേയര്‍ മറക്കാഞ്ഞത്.
അതായത് താത്ക്കാലിക ജീവനക്കാരെ പ്രതിഷേധസമരത്തിന്റെ പേരില്‍ പിരിച്ചുവിട്ട തിരുവനന്തപുരം മേയറുടെ നടപടി അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയാധികാരസംഘത്തിന്റെ പൊതുസ്വഭാവമാണ്.

സാധാരണക്കാരായ മനുഷ്യരെ രാഷ്ട്രീയാധികാരത്തിന്റെ പുറത്ത് നിര്‍ത്തുന്ന, അവര്‍ക്ക് ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും ശേഷിപ്പുകള്‍ എറിഞ്ഞുകൊടുക്കുന്ന പുത്തന്‍വര്‍ഗത്തിന്റെ പ്രതിനിധിയായതുകൊണ്ടാണ് മേയര്‍ക്ക് നാല് താത്ക്കാലികത്തൊഴിലാളികളെ പിരിച്ചുവിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാഞ്ഞത്. ഇങ്ങനെ പിരിച്ചുവിടരുത് എന്നാവശ്യപ്പെട്ടാണ് ദേശീയ പണിമുടക്കൊക്കെ നടത്താറുള്ളത് എന്ന് മറന്നതില്‍ തെറ്റില്ല, അതൊക്കെ ആചാരവും അനുഷ്ഠാനവുമായി മാത്രം നടത്തുന്ന അവധിയുത്സവങ്ങളാണ് എന്ന പതിവാലസ്യത്തിലേക്ക് എത്തിക്കുകയാണ്.

തൊഴിലാളികളുടെ അധ്വാനമാണ് മുതലാളിയുടെ ഓണം. അവര്‍ മാലിന്യത്തില്‍ പുളഞ്ഞുകഴിയുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് വൃത്തിയായി ഓണക്കോടിയില്‍ അഴുക്കുപുരളാതെ നടക്കാന്‍ കഴിയുന്നത്. സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാരുടെ ഓണാഘോഷത്തിന് മുഖ്യമന്ത്രിയും പത്‌നിയുമായിരുന്നു പോലും മുഖ്യാതിഥികള്‍. ജോലിസമയത്താണോ എന്നറിയില്ല!

ബ്രിട്ടനില്‍ കുട്ടികളുടെ തൊഴില്‍ പ്രായം ഒമ്പത് വയസായി നിജപ്പെടുത്തിയത് 1833-ലെ Factory Act -ലാണ്. 9 വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികളെ 9 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുപ്പിക്കരുത് എന്ന നിയമവും അന്നുതൊട്ടാണ് വന്നത്. ഒമ്പത് വയസുള്ള കുട്ടി ദിവസം ഒമ്പത് മണിക്കൂര്‍ പണിയെടുക്കും എന്നത് ഇന്ന് നമുക്ക് മനുഷ്യത്വവിരുദ്ധമായി തോന്നുന്നത് ഔദാര്യമല്ല അവകാശമാണ് എന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ സമരഭരിതമായ പതിറ്റാണ്ടുകള്‍ കൊണ്ടാണ്. അതില്‍ ഭക്ഷണം മാത്രമല്ല തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്, രക്തവും മാംസവും ജീവനുമായിരുന്നു.
മാഞ്ചസ്റ്ററിലെ തൊഴില്‍ശാലകള്‍ കണ്ട Alex de Tocqueville അതിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്; ‘…From this filthy sewr pure gold flows. Here humnity attains its most complete devolopment and its most brutish; here civilisaton works its miracles, and civilised man is turned back almost into a savage.’
നിങ്ങളെങ്ങനെയാണ് കാണുന്നത് എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. ഇംഗ്‌ളണ്ടിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ ഒരു ഏംഗല്‍സ് കാണുമ്പോള്‍ അതൊരു വിമോചന രാഷ്ട്രീയമാകുന്നു. ലോകത്തെ തൊഴിലാളികളുടെയും അടിച്ചമര്‍ത്തവപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ ഏംഗല്‍സും മാര്‍ക്സും കാണുമ്പോള്‍ അതൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാകുന്നു. മൂലധനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വിമര്‍ശനമാകുന്നു.

ആയിരക്കണക്കിന് വിപ്ലവകാരികളും കമ്മ്യൂണിസ്റ്റുകാരും ആ പ്രശ്‌നങ്ങളെ കാണുമ്പോള്‍ അത് മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെയും മേധാവിത്തത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന കലാപങ്ങളും വിപ്ലവങ്ങളുമാകുന്നു. എന്നാല്‍ വിഴിഞ്ഞവും അദാനിയും വികസനത്തിന്റെ കോര്‍പ്പറേറ്റ് പദ്ധതികളും ആശ്ലേഷിച്ചവര്‍ക്കിടയില്‍ തിരുവനന്തപുരം മേയര്‍ തൊഴിലാളികളെ കാണുന്ന കാഴ്ച ആ പാര്‍ട്ടിയില്‍ അവരുടെ ഭാവി ഭദ്രവും ഉത്തരോത്തരം അഭിവൃദ്ധി നിറഞ്ഞതുമാണെന്ന് തെളിയിക്കുന്നു.
പ്രശ്‌നം വായുടേതല്ല തലയുടേതാണ് എന്ന് മനസിലാക്കാത്തവരും മനസിലായാലും ആ തിരിച്ചറിവിന്റെ ഭാരം പേറാന്‍ ക്ലേശിക്കുന്നവരും വര്‍ത്തമാനത്തിലെ വ്യാകരണപ്പിഴവുകള്‍ മാത്രമായി ഇതിനെയൊക്കെക്കണ്ട് ഇനിയും ഇതൊക്കെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കും.

Content Highlights: Pramod Puzhankara’s Write up about Thiruvananthapuram Municipal Corporation sanitation workers protest

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍