കേരളത്തിലെ പാറകളെ മാമോദീസ മുക്കരുത്
FB Notification
കേരളത്തിലെ പാറകളെ മാമോദീസ മുക്കരുത്
പ്രമോദ് പുഴങ്കര
Sunday, 24th April 2022, 4:29 pm
പള്ളിയും സ്‌കൂളുമൊക്കെ പണിയാനാണ് പാറ പൊട്ടിച്ചതെന്നാണ് ബിഷപ്പിന്റെ വാദം. പരസ്യമായി ക്രിസ്ത്യന്‍ മതവര്‍ഗീയതയുടെ പ്രചാരകരും പ്രഘോഷകരുമായ സഭ പാറമടയുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ വിശ്വാസത്തിന്റെ മേഖലയില്‍ ഇടപെട്ട് നില്‍ക്കേണ്ട ഒരു മതസംഘം പാറമട മാഫിയയായി മാറിയാല്‍ അത് ചര്‍ച്ച ചെയ്യുന്നതുപോയിട്ട് ആ വാര്‍ത്തയൊന്നു കാണണമെങ്കില്‍ നിങ്ങള്‍ പരതിനടക്കേണ്ടി വരും.

‘പത്രോസേ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ സഭ പണിതുയര്‍ത്തും’ എന്ന് പറഞ്ഞത് ഇത്രമേല്‍ വിശ്വാസത്തോടെ രണ്ടായിരം കൊല്ലങ്ങള്‍ക്കിപ്പുറം പാറമട വ്യാപാരം നടത്തി പാറപൊട്ടിച്ചു പള്ളി പണിയുമെന്ന് ക്രിസ്തു കരുതിയിരിക്കുമോ?

ക്രിസ്തുവല്ല ക്രിസ്ത്യാനി സഭ. പാറയില്‍ മാത്രമല്ല മണലിലും പള്ളി പണിയുമെന്നും വിശ്വാസം സംരക്ഷിക്കാന്‍ മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ സീറ്റ് വേണമെന്നും അറിയുന്നവരാണ് സഭ. അതുകൊണ്ട് ബിഷപ്പാവുക എന്നാല്‍ കേരളത്തിലെ ഏറ്റവും മിടുക്കനായ കച്ചവടക്കാരനാവുക എന്നാണര്‍ത്ഥം.

താമരശ്ശേരി ബിഷപ്പ് പോള്‍ ഇഞ്ചനാനിയും പുഷ്പഗിരി ചെറുപുഷ്പം പള്ളി വികാരി മാത്യു തക്കടിയിലും 23,53,013 രൂപ സര്‍ക്കാരിലേക്ക് പിഴയായി അടയ്ക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനെ പറ്റിച്ച് പാറപൊട്ടിച്ചു വിറ്റതിനാണ് പിഴ. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കാര്‍ പിഴയിടാന്‍ തീരുമാനിച്ചത്.

എന്തായാലും പരിസ്ഥിതി വാദികളല്ല Catholic Laymen’s Association എന്നൊരു സംഘടനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കോടതിയില്‍ പോയത്. അതുകൊണ്ടാശ്വാസമുണ്ട്. അല്ലെങ്കില്‍ സീറോ മലബാര്‍ പാറമട നാനാവിധ കക്ഷികള്‍ വിശ്വാസസംരക്ഷണ, പാറമട സംരക്ഷണ വൈകാരിക വിലാപങ്ങളും രോഷവുമായി ഇറങ്ങിയേനെ.

താമരശ്ശേരി ബിഷപ്പ് പോള്‍ ഇഞ്ചനാനി

പള്ളിയും സ്‌കൂളുമൊക്കെ പണിയാനാണ് പാറ പൊട്ടിച്ചതെന്നാണ് ബിഷപ്പിന്റെ വാദം. ആഹാ! താമരശ്ശേരി ബിഷപ്പേ, നീ പാറയാകുന്നു, ഇഷ്ടം പോലെ പൊട്ടിക്കൂ പള്ളി പണിയൂ ആരുണ്ടിവിടെ ചോദിക്കാന്‍ എന്നാണ് നാം കേള്‍ക്കേണ്ടത്. കാനോന്‍ നിയമമാണ് പള്ളിവക പാറമടകള്‍ക്ക് ബാധകം എന്ന് പറഞ്ഞില്ലല്ലോ.

എന്തായാലും താമരശ്ശേരി രൂപതയുടെ വിശ്വാസസംരക്ഷണ വ്യാപാരം ഇപ്പോള്‍ത്തുടങ്ങിയതല്ല. എക്കാലവും അവിശ്വാസികള്‍ക്കും വിഗ്രഹാരാധകര്‍ക്കും എതിരെ പാറപോലെ ഉറച്ചുനില്‍ക്കുകയും വിശ്വാസത്തിന്റെ വാളെടുക്കുകയും ചെയ്തവരാണ് താമരശ്ശേരി രൂപത. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ വനംവകുപ്പിന്റെ കാര്യാലയം കത്തിക്കാനുള്ള ബുദ്ധി കാണിച്ച ഒന്നാന്തരം വിദ്വാന്മാര്‍.

ഗാഡ്ഗിലിന്റെ പേരില്‍ കേരളത്തില്‍ നടന്ന വ്യാജപ്രചാരണങ്ങള്‍ക്കും അതിന്റെ പേരില്‍ നൂറേക്കര്‍ കൂടുതല്‍ കയ്യേറാനുള്ള ജന്മാവകാശത്തിനുമായി നിലകൊണ്ട ചരിത്രം അവര്‍ക്കൊപ്പമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ കുടിയൊഴിഞ്ഞുപോകണം എന്നൊക്കെ അലറിവിളിച്ച സഭാ നേതാക്കന്മാരുടെ യഥാര്‍ത്ഥ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നുണ്ട്. കുറച്ചു പാറമട വ്യാപാരമുണ്ട്, കര്‍ത്താവായിട്ട് അനുഗ്രഹിച്ചുതന്നതാണ്. ന്യൂനപക്ഷാവകാശത്തിന്റെ ഭരണഘടനാ ബലമാണ്. തൊട്ടുപോകരുത്! ഇത്രേയുള്ളൂ ന്യായം!

ക്രിസ്ത്യാനി പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകുന്നുവെന്ന് ‘ലവ് ജിഹാദ്’ ആരോപണം ഉയര്‍ത്തി മുന്നില്‍ വന്നതും സഭയാണ്. താമരശ്ശേരി രൂപതയുടെ കീഴിലാണ് വിഖ്യാത മാര്‍ക്‌സിസ്റ്റ് ജോര്‍ജ് തോമസിനെ നൊമ്പരപ്പെടുത്തിയ കന്യാസ്ത്രീകളടക്കം അണിനിരന്ന ലവ് ജിഹാദ് വിരുദ്ധ യാത്ര നടന്നത്. മാര്‍ക്‌സിസ്റ്റുകാരനായിരുന്ന മത്തായി ചാക്കോയോട് മരണത്തില്‍ പൊറുത്ത സഭ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും പ്രാര്‍ത്ഥനയുമായി വന്നു അളിഞ്ഞ നാടകം കളിച്ചതും ഇവിടെയാണ്.

ഇത്രയും പരസ്യമായി ക്രിസ്ത്യന്‍ മതവര്‍ഗീയതയുടെ പ്രചാരകരും പ്രഘോഷകരുമായ ഇവര്‍ പാറമടയുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്നതില്‍ അത്ഭുതമില്ല. മതവര്‍ഗീയത തുറന്നുതരുന്ന വ്യാപാരസാധ്യതകള്‍ അനന്തമാണ്. ഏത് വിശ്വാസിക്ക് വേണ്ടിയാണ് കത്തോലിക്കാ സഭ പൊരുതുന്നത് എന്നിപ്പോള്‍ ഒരു ധാരണയാകാന്‍ തുടങ്ങിയിട്ടുണ്ട്. കേരള സമൂഹത്തിലെ ഏറ്റവും അപകടകരമായ വര്‍ഗീയത ഏറ്റവും സംഘടിതമായി രൂപപ്പെടുത്തിയവരാണ് നസ്രാണി സഭകള്‍. അതിന്റെ അലറിവിളിച്ചുള്ള ആറാട്ടാണ് ലവ് ജിഹാദടക്കമുള്ള വിഷയങ്ങളില്‍ കണ്ടത്.

എന്നാല്‍ ഇത്തരത്തിലുള്ള ഓരോ ക്രിസ്ത്യന്‍ മതവര്‍ഗീയ പരിപാടിയെയും സ്വാഭാവികമായി സമൂഹം സ്വീകരിക്കുന്നതിനുള്ള ഒരു സാമൂഹ്യാന്തരീക്ഷം കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ഉണ്ടാക്കിയിരുന്നു. പള്ളിവികാരി മാന്യനും മൊയ്‌ല്യാര്‍ കോമാളി കഥാപാത്രവുമാകുന്ന കല അങ്ങനെയാണ് ഉണ്ടായത്.

കയ്യേറ്റവും കച്ചവടവും വര്‍ഗീയതയും അടങ്ങുന്ന മതമിശ്രിതം കാലാകാലങ്ങളായി ലാഭത്തില്‍ വില്‍ക്കുന്ന നസ്രാണി സഭകള്‍ക്ക് ഇനിയത്രത്തോളം സുരക്ഷിതമായ സാമൂഹ്യ കാലാവസ്ഥ കിട്ടാനിടയില്ല. കാരണം കേരളത്തിലെ ഏറ്റവും ഹീനവും അപകടകരവുമായ വര്‍ഗീയ പ്രചാരണത്തിന്റെ, ലവ് ജിഹാദടക്കമുള്ള പ്രചാരണ അജണ്ടകളുടെ ഗൂഢലക്ഷ്യം ജനങ്ങള്‍ മനസിലാക്കുകയാണ്.

കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് പാറമട നടത്തി പിഴയടക്കാന്‍ ഇത്തരവ് കിട്ടിയാല്‍ എന്നത്തേയും പിറ്റേന്നത്തേയും ചര്‍ച്ചകള്‍ മുഴുവന്‍ അതായിരിക്കും. എന്നാല്‍ വിശ്വാസത്തിന്റെ മേഖലയില്‍ ഇടപെട്ട് നില്‍ക്കേണ്ട ഒരു മതസംഘം പാറമട മാഫിയയായി മാറിയാല്‍ അത് ചര്‍ച്ച ചെയ്യുന്നതുപോയിട്ട് ആ വാര്‍ത്തയൊന്നു കാണണമെങ്കില്‍ നിങ്ങള്‍ പരതിനടക്കേണ്ടി വരും. അതാണ് കേരളത്തിലെ നസ്രാണിസഭകളെന്ന, വിശ്വാസത്തിന്റെ പേരില്‍ നാനാവിധ വ്യാപാരങ്ങളുടെ മാഫിയാസംഘമായി മാറിയിരിക്കുന്ന കൃസ്ത്യന്‍ സഭകളുടെ ബലം.

താമരശ്ശേരി ബിഷപ്പും കള്ളപ്പാതിരിമാരും പള്ളി പണിയുന്നതില്‍ വിരോധമൊന്നുമില്ല. പക്ഷെ അതിന് കേരളത്തിലെ നിയമങ്ങളെല്ലാം വളഞ്ഞുനില്‍ക്കണമെന്നും അല്ലാത്തവയെ ക്രിസ്തീയവിശ്വാസം കൊണ്ട് വളയ്ക്കുമെന്നും ഭീഷണിപ്പെടുത്തുമ്പോഴാണ് പ്രശ്‌നം. കേരളത്തിലെ പാറകളെ മാമോദീസ മുക്കരുത്.

Content Highlight: Pramod Puzhankara on Thamarassery diocese Remigiose Inchananiyil and vicar of Little Flower Church at Pushpagiri being fined for unauthorised quarrying

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍