| Sunday, 4th May 2025, 12:18 pm

തുടരും കണ്ട് ഫഹദ് ഫാസില്‍ പറഞ്ഞ ആ വാക്കുകള്‍; എന്റെ ഫോണിന് ഇപ്പോള്‍ വിശ്രമമില്ല: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് നിര്‍ണായകമായൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് പ്രകാശ് വര്‍മ. തുടരും സിനിമയില്‍ മോഹന്‍ ലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തെ വിറപ്പിച്ച വില്ലന്‍ കഥാപാത്രമായ സി.ഐ ജോര്‍ജായാണ് പ്രകാശ് വര്‍മ എത്തിയത്.

സി.ഐ ജോര്‍ജായി സ്‌ക്രീനില്‍ തിളങ്ങിയ അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. സിനിമ സ്‌ക്രീനില്‍ പുതുമുഖം ആണെങ്കിലും ഇന്ത്യന്‍ പരസ്യ നിര്‍മാണ രംഗത്തിലെ പ്രമുഖ മുഖം തന്നെയാണ് പ്രകാശ് വര്‍മ. ഷാരൂഖ് ഖാനെ ഉപയോഗിച്ച് അദ്ദേഹം ചിത്രീകരിച്ച ദുബായി ടൂറിസത്തിന്റെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിന് പിന്നാലെ തനിക്ക് ഫഹദ് ഫാസിലില്‍ നിന്ന് ലഭിച്ച പ്രശംസയെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദിന്റെ കഥാപാത്രമായ സൈക്കോ ഷമ്മിയൊക്കെ ഔട്ടായെന്നും ഇപ്പോള്‍ സി.ഐ. ജോര്‍ജാണ് പുതിയ താരമെന്നുമാണ് ഫഹദ് ഒരു സ്വകാര്യ സംഭാഷണത്തിനിടെ പ്രകാശ് വര്‍മയോട് പറഞ്ഞത്.

ഈ സിനിമ എത്രമാത്രം ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ ഉദാഹരണമാണ് ഫഹദിന്റെ ഈ പരാമര്‍ശമെന്നും ഇത്തരമൊരു സിനിമയില്‍ തന്നെപോലൊരു പുതുമുഖത്തെ ഏറെ നിര്‍ണായകമായ ജോര്‍ജ് എന്ന കഥാപാത്രം ഏല്‍പ്പിക്കുകയെന്നത് തരുണ്‍ മൂര്‍ത്തി ധൈര്യപൂര്‍വമെടുത്ത തീരുമാനമാണെന്നും പ്രകാശ് വര്‍മ പറയുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചേട്ടാ, സൈക്കോ ഷമ്മിയൊക്ക ഔട്ടായി, സി.ഐ ജോര്‍ജാണ് പുതിയ താരം. കഴിഞ്ഞ ദിവസം സ്വകാര്യ സംഭാഷണത്തിനിടെ സുഹൃത്തും നടനുമായ ഫഹദ് പറഞ്ഞ വാക്കുകളാണിത്. അത്രമാത്രം ജനങ്ങള്‍ സിനിമയെ ഏറ്റെടുത്തുവെന്നതില്‍ സന്തോഷം. എപ്പോഴും ഒരുപാടുപേര്‍ ഒരുമിച്ച് ഏറെ അധ്വാനിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ അത് ഏറ്റവും നന്നാകണമെന്ന് ആഗ്രഹിക്കും.

തുടരും എന്ന സിനിമ ചെയ്യുന്ന സമയത്ത് അതേപോലെത്തന്നെ ഇതൊരു മികച്ച സിനിമയാകണമെന്ന ആഗ്രഹവും പ്രാര്‍ഥനയും എനിക്കും ഉണ്ടായിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് മികച്ച സിനിമകള്‍ക്കുശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ കരിയറിലെ ഏറ്റവും പ്രധാനമായ സിനിമയായിരുന്നു തുടരും.

അതും മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളുമായി. അത്തരമൊരു സിനിമയില്‍ എന്നെപോലൊരു പുതുമുഖത്തെ ഏറെ നിര്‍ണായകമായ കഥാപാത്രം ഏല്‍പ്പിക്കുകയെന്നത് തരുണ്‍ ധൈര്യപൂര്‍വമെടുത്ത തീരുമാനമാണ്.

പ്രതീക്ഷിച്ചതിനെക്കാള്‍ എത്രയോ ഇരട്ടിയായി ഈ സിനിമയെ ജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എല്ലായിടത്തും കാണുന്നത്. എന്റെ ഫോണ്‍ വിശ്രമമില്ലാതെ പ്രേക്ഷകരുടെ സ്‌നേഹാശംസകള്‍ കൊണ്ട് നിറയുകയാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ജോര്‍ജ് എന്ന കഥാപാത്രം എന്നെ ഏല്‍പ്പിച്ച തരുണിന് അതിന്റെ എല്ലാ സന്തോഷവും അറിയിക്കുന്നു,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Praksh Varma talks about Fahad Fasil’s compliment about his perfomance in Thudarum movie

We use cookies to give you the best possible experience. Learn more