തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.
ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു അദ്ദേഹമെത്തിയത്.
തുടരും എന്ന ചിത്രത്തിലെ തന്റെ ആദ്യ സീന്‍ എടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. താനും മോഹന്‍ലാലും ഒന്നിച്ചുള്ള തന്റെ ഇന്‍ട്രോ സീനാണ് ആദ്യം എടുത്തതെന്നും അപ്പോള്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ‘ഗുണ്ടയാണോ’ എന്ന ഡയലോഗ് താന്‍ മോഹന്‍ലാലിനോട് ചോദിച്ചുവെന്നും പ്രകാശ് വര്‍മ പറയുന്നു.
അതുകേട്ടപ്പോള്‍ മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു സ്പാര്‍ക്ക് കണ്ടെന്നും അത് കഥാപാത്രമായ ഷണ്മുഖന്റെ റിയാക്ഷന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.
‘എന്റെ ആദ്യത്തെ ഷോട്ട് തന്നെ സിനിമയിലെ എന്റെ ഇന്‍ട്രോ സീന്‍ ആയിരുന്നു. ലാലേട്ടന്റെ കൂടെയുള്ളത്. ഞാന്‍ വാഷ് റൂമില്‍ നിന്ന് ഇറങ്ങി കസേരയില്‍ വന്നിരിക്കുന്നതൊക്കെയുള്ള സീന്‍. ഞാന്‍ വന്നിട്ട് ഗുണ്ടായാണോ, ഇടിക്കോ എന്നൊന്നും ചോദിക്കുന്നത് സ്‌ക്രിപ്റ്റിലില്ല.
തരുണ്‍ പറഞ്ഞു നമുക്ക് റിഹേഴ്‌സല്‍ ഒന്നും വേണ്ട, നേരെ ടേക്ക് പോകാമെന്ന്. അപ്പോള്‍ ഞാന്‍ ഗുണ്ടയാണോ എന്നൊന്നും ചോദിക്കുമെന്ന കാര്യം ലാലേട്ടനറിയില്ല. അങ്ങനെ ആ ഷോട്ട് എടുക്കുമ്പോള്‍ ഞാന്‍ ‘ഗുണ്ടയാണോ’ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ കണ്ണില്‍ ഒരു സ്പാര്‍ക്ക് ഉണ്ടായി. അത് വളരെ ബ്യുട്ടിഫുള്ളാ.
ആദ്യമായിട്ട് കേള്‍ക്കുകയാണെങ്കിലും ഷണ്മുഖന്‍ എന്ന കഥാപാത്രമായിട്ട് ഉള്ള സ്പാര്‍ക്കാണ്. അത് മോഹന്‍ലാലിന്റെ റിയാക്ഷന്‍ അല്ല. ഷണ്മുഖന്റേതാണ്,’ പ്രകാശ് വര്‍മ പറയുന്നു.
Content Highlight: Prakash Varma Talks About Mohanlal In Thudarum Movie