| Wednesday, 7th May 2025, 9:55 pm

സിനിമയുടെ ഷൂട്ട് അവസാനിക്കുന്നതുവരെ എന്നെ ഒരു സഹോദരനെപ്പോലെ അദ്ദേഹം കെയര്‍ ചെയ്തു, വല്ലാത്തൊരു അനുഭവമായിരുന്നു അത്: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ. ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രകാശ് വര്‍മക്ക് സാധിച്ചു. ചില സീനുകളില്‍ മോഹന്‍ലാലിന് മുകളില്‍ നില്‍ക്കുകയായിരുന്നു പ്രകാശ് വര്‍മയുടെ ജോര്‍ജ് മാത്തന്‍.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രകാശ് വര്‍മ. ചിത്രത്തിന്റെ സെറ്റില്‍ താന്‍ എത്തിയതുമുതല്‍ തന്നെ ഒരുപാട് കെയര്‍ ചെയ്തത് മോഹന്‍ലാലായിരുന്നെന്ന് പ്രകാശ് വര്‍മ പറഞ്ഞു. മോഹന്‍ലാലിന്റെ ഒരു സംരക്ഷണവലയം എപ്പോഴും തന്റെ ചുറ്റിലുമുണ്ടായിരുന്നെന്നും അത് തനിക്ക് വല്ലാത്ത സന്തോഷം നല്‍കിയെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. ഒരു സഹോദരനെപ്പോലെ തന്നെ കൂടെ നിര്‍ത്താന്‍ മോഹന്‍ലാല്‍ ശ്രദ്ധിച്ചിരുന്നെന്നും പ്രകാശ് വര്‍മ പറഞ്ഞു.

ഫൈറ്റ് സീനുകളില്‍ തന്റെ ദേഹത്ത് തൊടാതിരിക്കാന്‍ മോഹന്‍ലാല്‍ വളരെയധികം ശ്രദ്ധിച്ചിരുന്നെന്നും അറിയാതെ ദേഹത്ത് തൊട്ടാല്‍ അപ്പോള്‍ തന്നെ അദ്ദേഹം സോറി പറയുമായിരുന്നെന്നും പ്രകാശ് വര്‍മ പറയുന്നു. മോഹന്‍ലാലിനെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന സമയത്ത് താനും വളരെയധികം നെര്‍വസായിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ തന്നെ ഓക്കെയാക്കിയെന്നും പ്രകാശ് വര്‍മ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സിനിമയുടെ സെറ്റില്‍ ഞാന്‍ എത്തിയപ്പോള്‍ മുതല്‍ എന്നെ കെയര്‍ ചെയ്തത് ലാലേട്ടനായിരുന്നു. എപ്പോഴും എന്റെ കാര്യത്തില്‍ ഒരു എക്‌സ്ട്രാ കെയര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്താ പറയുക, പുള്ളിയുടെ ഒരു സംരക്ഷണവലയത്തിലായിരുന്നു ഞാന്‍ മുഴുവന്‍ സമയവും. ഒരു സഹോദരനെപ്പോലെ എന്നെ എപ്പോഴും നോക്കിയിരുന്നു.

ഫൈറ്റ് സീനൊക്കെ എടുക്കുന്ന സമയത്ത് ലാല്‍ സാറിന് എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. ഇടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്യുന്ന സീനില്‍ എന്റെ ദേഹത്ത് അദ്ദേഹം തൊട്ടതുപോലുമില്ലായിരുന്നു. തിരിച്ച് ഞാന്‍ പുള്ളിയെ തല്ലുന്ന സമയത്ത് എനിക്ക് നല്ല നെര്‍വസ്‌നെസ്സ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്‍ കാരണം എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു പേടി,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma saying Mohanlal cared him during shoot of Thudarum movie

Latest Stories

We use cookies to give you the best possible experience. Learn more