| Friday, 25th April 2025, 5:17 pm

തരുണ്‍ മൂര്‍ത്തി ഒളിപ്പിച്ചു വെച്ച മാണിക്യം... മോഹന്‍ലാലിനൊപ്പം പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച പ്രകാശ് വര്‍മ

അമര്‍നാഥ് എം.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുമിച്ച് ഒരു സിനിമയില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ച ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി എന്ന യുവ സംവിധായകന്റെ കൈയില്‍ മോഹന്‍ലാലിനെപ്പോലൊരു അഭിനയ പ്രതിഭയെ കിട്ടിയപ്പോള്‍ ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവമായി തുടരും മാറി.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഷണ്മുഖനൊപ്പം പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച കഥാപാത്രമാണ് ജോണ്‍ മാത്തന്‍. സിനിമ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്ന കണ്‍ഫ്യൂഷന്‍ ആദ്യാവസാനം ഉണ്ടായിരുന്നു. എന്‍ഡ് ടൈറ്റിലില്‍ കാസ്റ്റ് ലിസ്റ്റ് വന്നപ്പോള്‍ എല്ലാവരും തിരഞ്ഞത് ആ നടന്റെ പേരായിരുന്നു.

പ്രകാശ് വര്‍മ എന്ന പേര് പിന്നീട് പലരും ഇന്റര്‍നെറ്റില്‍ തിരയുകയായിരുന്നു. പരസ്യ ചിത്ര സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് പുതുമകള്‍ സമ്മാനിച്ചയാളാണ് പ്രകാശ് വര്‍മ. പരസ്യമേഖലയെ ഞെട്ടിച്ച വോഡഫോണ്‍ സൂസൂ, നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം എന്നിവക്ക് പിന്നില്‍ ഈ ആലപ്പുഴക്കാരനായിരുന്നു.

അഭിനേതാവെന്ന നിലയില്‍ പ്രകാശ് വര്‍മ ഇത്രക്ക് ഞെട്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സിനിമ തുടങ്ങി നാല്പതാം മിനിറ്റിലാണ് പ്രകാശ് വര്‍മയുടെ ജോണ്‍ മാത്തന്‍ എന്ന കഥാപാത്രം സ്‌ക്രീനില്‍ വരുന്നത്. മുഖത്ത് എപ്പോഴും ഒരു ചിരിയുള്ള കഥാപാത്രത്തെ ആദ്യം കാണുമ്പോള്‍ നല്ലൊരു കഥാപാത്രമായി എല്ലാവര്‍ക്കും തോന്നും.

എന്നാല്‍ അത് ആരെയും കഴുത്തറുക്കാന്‍ പോന്ന ചിരിയാണെന്ന് പോകെപ്പോകെയാണ് നമുക്ക് മനസിലാവുക. ഇന്റര്‍വെലിന് ശേഷം ആ കഥാപാത്രത്തെ സ്‌ക്രീനില്‍ കാണിക്കുന്ന ഓരോ മിനിറ്റും പ്രേക്ഷകര്‍ക്ക് അസ്വസ്ഥത സമ്മാനിക്കുന്ന കഥാപാത്രമായി ജോണ്‍ മാത്തന്‍ മാറുന്നുണ്ട്. ആ കഥാപാത്രത്തെ കൈയില്‍ കിട്ടിയാല്‍ ആരായാലും ഒന്ന് പൊട്ടിക്കുമെന്ന് ഉറപ്പാണ്.

തുടരും സിനിമയുടെ യഥാര്‍ത്ഥ ഴോണര്‍ ഒളിപ്പിച്ചുവെച്ചതുപോലെ തരുണ്‍ മൂര്‍ത്തി എല്ലാ അപ്‌ഡേറ്റിലും ഒളിപ്പിച്ചുവെച്ച ഒന്നായിരുന്നു ജോണ്‍ മാത്തന്‍ എന്ന കഥാപാത്രവും. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അഹങ്കാരം തലയിലേറ്റി നടക്കുന്ന ജോണ്‍ മാത്തന്‍ ഈയടുത്ത മലയാള സിനിമ കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രമാണ്. മലയാള സിനിമക്ക് കിട്ടിയ പുത്തന്‍ അഭിനയ വാഗ്ദാനമെന്ന് പ്രകാശ് വര്‍മയെ വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തി തോന്നേണ്ട കാര്യമില്ല.

Content Highlight: Prakash Varma’s performance in Thudarum movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more