| Tuesday, 6th May 2025, 6:26 pm

ലാലേട്ടന്‍ എനിക്ക് ഏട്ടനെ പോലെ; എന്റെ ദേഹത്ത് തൊടില്ല, പക്ഷേ ക്യാമറയില്‍ പവര്‍ഫുള്‍ കിക്കായിരിക്കും:പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കി.

ചിത്രത്തില്‍ എല്ലാവരയും ഞെട്ടിച്ച കഥാപാത്രമായിരുന്നു വില്ലനായെത്തിയ ജോര്‍ജ് മാത്തന്‍. പുതുമുഖ താരമായ പ്രകാശ് വര്‍മയാണ് ജോര്‍ജ് മാത്തനായി വേഷമിട്ടത്. മോഹന്‍ലാലിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന പെര്‍ഫോമന്‍സായിരുന്നു പ്രകാശ് വര്‍മയുടേത്. ദുബായ് ടൂറിസം, വോഡഫോണ്‍ സൂസൂ തുടങ്ങിയ പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് പ്രകാശ് വര്‍മ.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. ആക്ഷന്‍ സീനുകളിലും ഫൈറ്റ് സീനുകളിലും മറ്റും മോഹല്‍ലാല്‍ തന്നെ ഒരുപാട് സംരക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നുവെന്ന് പ്രകാശ് പറയുന്നു. ആക്ഷന്‍ സീനുകള്‍ ക്യാമറയില്‍ നല്ല പവര്‍ഫുള്‍ ആയി തോന്നുമെന്നും എന്നാല്‍ മോഹന്‍ലാല്‍ തന്റെ ദേഹത്ത് തൊടില്ലെന്നും അദ്ദേഹം പറയുന്നു.

തന്നെ വേദനിപ്പിക്കാതിരിക്കാന്‍ ഒരുപാട് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ തനിക്ക് ഒരു വലിയ ഏട്ടനെ പോലെയാണ് എപ്പോഴും തോന്നാറുള്ളതെന്നും പ്രകാശ് വര്‍മ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടന്റെ കൂടെയുള്ള സീക്വന്‍സാണെങ്കില്‍ എന്നെ ഭയങ്കരമായി പ്രൊട്ടക്ക്റ്റ് ചെയ്യുന്ന അവസ്ഥയാണ് ലാലേട്ടന്റെ അടുത്ത് നിന്ന് ഫീല്‍ ചെയ്തത്. എത്രയൊക്കെ സങ്കീര്‍ണമായ ആക്ഷന്‍ സീനുകളാണെങ്കിലും നമ്മള്‍ക്ക് നല്ല പവര്‍ ക്യാമറയില്‍ തോന്നും. പക്ഷേ ലാലേട്ടന്‍ എന്റെ ദേഹത്ത് തൊടില്ല. എന്റെ ദേഹത്ത് തൊട്ടിട്ടില്ല. എന്നെ കൃത്യമായിട്ട് പലകാര്യത്തിലും സംരക്ഷിച്ച് പോയിട്ടുണ്ട്.

പല സമയത്തും. ഞാന്‍ വീഴരുത്, എന്നെ വേദനിപ്പിക്കരുത്് എന്ന് എപ്പോഴും നമ്മളെ അദ്ദേഹം ഫീല്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്കൊരു ബിഗ് ബ്രദര്‍ ആണ് ലാലേട്ടന്‍. എന്നെ കെട്ടിപിടിച്ച് സംരക്ഷിക്കുന്ന ഒരാള്‍ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma is talking about Mohanlal.

We use cookies to give you the best possible experience. Learn more