| Friday, 23rd May 2025, 1:54 pm

സിനിമ കണ്ട് ഭദ്രന്‍ സാര്‍ വിളിച്ചിട്ട് എന്നോടൊരു കാര്യം പറഞ്ഞു, ഇന്‍ട്രെസ്റ്റിങ് ആണെന്ന് എനിക്ക് തോന്നി: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് നിര്‍ണായകമായൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് പ്രകാശ് വര്‍മ. തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ഷണ്മുഖത്തെ വിറപ്പിച്ച വില്ലന്‍ കഥാപാത്രമായ സി.ഐ ജോര്‍ജായാണ് പ്രകാശ് വര്‍മ എത്തിയത്.

ഇപ്പോള്‍ തുടരും ഹിറ്റായതിന് ശേഷം പുതിയ റോളുകളിലേക്ക് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പ്രകാശ് വര്‍മ. 

ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്ന് പ്രകാശ് വര്‍മ പറയുന്നു. എന്നാല്‍ തന്നെ വിളിക്കുന്ന റോളുകളിലൊക്കെ തന്നെ താന്‍ എന്ന നടനെ കൂടുതല്‍ മനസിലാക്കാന്‍ പറ്റുന്നതാവണമെന്നും എങ്കില്‍ മാത്രമെ താന്‍ ഓരോ റോളുകള്‍ ചെയ്യുകയുള്ളുവെന്നും പ്രകാശ് വര്‍മ പറയുന്നു. തന്നെ ഫിലിം മേക്കര്‍ ഭദ്രന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞ ഒരുകാര്യം തനിക്ക് വളരെ ഇന്റട്രസ്റ്റിങായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഗറ്റീവ് റോളും മറ്റ് പൊലീസ് വേഷങ്ങളും നിങ്ങള്‍ ചെയ്യണമെന്നും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും നല്ലതെന്ന് ഭദ്രന്‍ തന്നോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഉറക്കം കെടുത്തുന്ന തരത്തിലൊരു കഥാപാത്രമാണെങ്കില്‍ താന്‍ അത് തീര്‍ച്ചയായും ചെയ്യുമെന്നും പ്രകാശ് വര്‍മ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധാരാളം കോളുകള്‍ നടക്കുന്നുണ്ട്, ധാരാളം സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ എന്നെ വിളിക്കുന്ന ഈ റോളുകളിലേക്കൊക്കെ എന്നെ കുറച്ചുകൂടെ മനസിലാക്കാന്‍ പറ്റുന്നതാണ് എന്ന് തോന്നിയാല്‍ മാത്രമെ ഞാന്‍ ചെയ്യുകയുള്ളൂ. ഫിലിം മേക്കര്‍ ഭദ്രന്‍ സാര്‍ എന്നെ വിളിച്ചിട്ടൊരു കാര്യം പറഞ്ഞിരുന്നു. വളരെ ഇന്‍ട്രെസ്റ്റിങ് ആയൊരു പോയിന്റാണ് സാര്‍ പറഞ്ഞത്. സാര്‍ പറഞ്ഞു, ‘പൊലീസുകാരനാണെങ്കിലും നെഗറ്റീവാണെങ്കില്‍ തന്നെയും എനിക്ക് തോന്നുന്നു നിങ്ങള്‍ അത് ചെയ്യണം, കാരണം അതിലും ഒരു വെറൈറ്റി കൊണ്ടുവരാന്‍ പറ്റുമെങ്കിലാണ് അതില്‍ ഒരു ഇന്‍ട്രെസ്റ്റിങ് വാല്യൂ ഉണ്ടാകുക’.എന്ന്

പക്ഷേ അങ്ങനെയൊക്കെ എഴുതി വരുന്ന ഒരു ക്യാരക്ടറായിരിക്കണം. അദ്ദേഹം അത് പറഞ്ഞപ്പോള്‍ എനിക്ക് നല്ലൊരു രസകരമായ ആങ്കിളായിട്ട് തോന്നി അത്. പക്ഷേ എന്നെ സംബന്ധിച്ച് ഇപ്പോള്‍ കുറെ സിനിമയില്‍ അഭിനയിക്കാം എന്നൊരു മൈന്‍ഡ് ഫ്രെയിമില്‍ അല്ല ഞാന്‍. രാത്രി എന്റെ ഉറക്കം കളയുന്നതുപോലുള്ള ഒരു കഥാപാത്രമാണെങ്കില്‍ ഞാന്‍ അത് ചെയ്യും,’ പ്രകാശ് വര്‍മ പറയുന്നു.

Content highlight: Prakash Varma is responding to the question of whether he has been called for new roles after the  hit of thudarum

We use cookies to give you the best possible experience. Learn more