തുടരും സിനിമയില്‍ മോഹന്‍ലാലുമായുള്ള ഫൈറ്റ് രംഗങ്ങളെ കുറിച്ചും ശോഭനയെ ഉപദ്രവിക്കുന്ന സീനിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പ്രകാശ് വര്‍മ.
ആക്ഷന്‍ രംഗങ്ങളൊന്നും മുന്‍പ് ചെയ്യാത്തതുകൊണ്ട് ഉറപ്പായും ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും താന്‍ കാരണം ആര്‍ക്കും ഒരു അപകടവും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥന ഉണ്ടായിരുന്നെന്നും പ്രകാശ് വര്‍മ പറയുന്നു.
മോഹന്‍ലാലുമൊത്തുള്ള ഫൈറ്റ് രംഗങ്ങളില്‍ അദ്ദേഹം തന്നെ ഒന്ന് തൊട്ടിട്ടുപോലുമില്ലെന്നും അത്രയേറെ കൃത്യതയോടെയാണ് അദ്ദേഹം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുകയെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് വര്‍മ പറയുന്നു.
‘ ഒട്ടും തന്നെ കംഫര്‍ട്ട് ആയിരുന്നില്ല ഞാന്‍. കാരണം നമ്മള്‍ ഇതൊന്നും ഒട്ടും ചെയ്തിട്ടുള്ള കാര്യമല്ല. അങ്ങനത്തെ ഷൂട്ടിങ് എക്‌സ്പീരിയന്‍സിന്റെ ഭാഗമായിട്ടുണ്ടെന്നല്ലാതെ ഇങ്ങനെയൊരു കാര്യം ആദ്യമായിട്ട് ചെയ്യുകയാണ്.
വളരെ പേടിച്ചിരുന്നു ഞാന്‍. ചില ആക്ടേസൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ആ ക്യാരക്ടറിലേക്ക് കയറി വല്ലാതെ ബിഹേവ് ചെയ്തുപോകുന്നതിനെ കുറിച്ചൊക്കെ.
ഈശ്വരാ ഞാനിതില്‍ കയറിയിട്ട് ഞാനായിട്ട് ഒരാളുടെ സമയം കളയുകയോ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അത് എന്നെ ഭയങ്കരമായി എഫ്കട് ചെയ്യും. ഒരാളുടെ സ്‌പേസില്‍ പോയി ഞാനായി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അത് എന്നെ വല്ലാതെ ബാധിക്കും. ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാകരുത്, സമയം കളയരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.
പിന്നെ ഫിസിക്കലായി നമ്മള്‍ ഒരാളെ ഹേര്‍ട്ട് ചെയ്യേണ്ടി വന്നാലുള്ള അവസ്ഥ. അവരൊക്കെ സീനിയര്‍ ആക്ടേഴ്‌സ് ആണ്. ആ പേടിയുണ്ടായിരുന്നു.
ലാലേട്ടന്റെ കൂടെയുള്ള ഫൈറ്റില്‍ അദ്ദേഹം എന്നെ ഭയങ്കരമായി പ്രൊട്ടക്ട് ചെയ്തു. ക്യാമറയില്‍ പവര്‍ തോന്നുമെങ്കിലും അദ്ദേഹം നമ്മളെ തൊടില്ല.
പല സമയത്തും അദ്ദേഹം എന്നെ പ്രൊട്ടക്ട് ചെയ്തു. ഇവിടെ നിന്നാല്‍ മതി. ചെറുതായി മൂവ് ചെയ്താല്‍ മതി എന്നൊക്കെ പറയും. ഞാന്‍ വീഴരുത് എനിക്ക് ഒന്നും പറ്റരുത് എന്ന രീതിയില്‍ അദ്ദേഹം നമ്മളെ ഫീല്‍ ചെയ്യിപ്പിക്കും.
ഒരു ബിഗ് ബ്രദര്‍ ഫീലാണ് എനിക്ക് തോന്നിയത്. ഞാന്‍ ചവിട്ടുന്ന സീനിലൊക്കെ പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് അദ്ദേഹത്തിന് വേദന പറ്റുന്ന രീതിയില്‍ ഒന്നും ഉണ്ടായിട്ടില്ല. കാല് പൊക്കി കയ്യില്‍ ചവിട്ടിയതില്‍ കുറച്ച് പ്രഷര്‍ ഉണ്ടായിരുന്നു. അതൊരു പ്രശ്‌നമായിട്ട് അദ്ദേഹം പറഞ്ഞിട്ടില്ല. ഉണ്ടെങ്കിലും അദ്ദേഹം അത് പറയില്ല.
പിന്നെ ശോഭനാമാമിനൊപ്പം ചെയ്യുന്ന സീനില്‍ നല്ല പേടിയുണ്ടായിരുന്നു. എന്റെ ഒരു കയ്യില്‍ ലാത്തിയുണ്ട്. ഒരു കാലില്‍ അവരെ ചവിട്ടി വെച്ചിരിക്കുകയാണ്.
വേറൊരു കൈ കൊണ്ട് ലാത്തി കൊണ്ട് ഉപദ്രവിക്കുന്നു. ആ സമയത്തൊക്കെ എന്തും സംഭവിക്കാം. നമ്മള്‍ ഒന്ന് പ്രസ് ചെയ്യുകയോ അങ്ങനെയൊക്കെ.
Content Highlight: Prakash Varma about Action sequence with Mohanlal and shobhana