തമിഴ് ഇന്‍ഡസ്ട്രിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് വിജയ് നായകനായ ജന നായകന്റെ റിലീസ് മാറ്റിവെച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം ചിത്രത്തിന് രണ്ടാഴ്ചത്തോളമായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലായിരുന്നു. നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ റിലീസ് മാറ്റാതെ അണിയറപ്രവര്‍ത്തകര്‍ക്ക് മറ്റ് വഴികളില്ലാതെ വരികയായിരുന്നു.
രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തി ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്ന വിജയ്ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ജന നായകന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ മണിരത്‌നം സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ഇരുവര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഇരുവര്‍ Photo: Cinema Chaat
ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്‌സെല്‍വന്‍ എന്ന കഥാപാത്രത്തോട് സ്വന്തം പാര്‍ട്ടിക്കാര്‍ സംസാരിക്കുന്ന രംഗമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാലിന്റെ ആനന്ദന്‍ എന്ന കഥാപാത്രം അഭിനയിച്ച സിനിമ തമിഴ്‌സെല്‍വന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതാണെന്നും അതിന്റെ റിലീസ് തടയണമെന്നുമാണ് പാര്‍ട്ടിയിലെ ആളുകള്‍ തമിഴ്‌സെല്‍വനോട് പറയുന്നത്.
‘റിലീസ് തടഞ്ഞാല്‍ നമുക്കാണ് ചീത്തപ്പേര്, മൂന്ന് മണിക്കൂറുള്ള സിനിമ കണ്ട് പേടിക്കുന്നവരാണോ നമ്മുടെ സര്‍ക്കാര്‍?’ എന്നാണ് തമിഴ്‌സെല്‍വന്‍ ചോദിക്കുന്നത്. 1997ല്‍ റിലീസായ ചിത്രത്തിലെ ഡയലോഗ് ഇന്നും പ്രസക്തമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അന്ന് മണിരത്‌നം എഴുതിയ ഡയലോഗിന്റെ പൊരുള്‍ ഇന്നും ഭരണാധികാരികള്‍ക്ക് മനസിലായില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പല പാര്‍ട്ടികളെയും പേടിപ്പിക്കുന്നുണ്ടെന്നും വിജയ് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിജയ്‌യെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും വര്‍ഷങ്ങളായി വിജയ്‌യുടെ സിനിമകള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മാത്രമല്ല, തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെയും വിജയ്‌യെ രാഷ്ട്രീയമായി നേരിടാന്‍ ജന നായകനെ ലക്ഷ്യം വെക്കുന്നുവെന്നും ആരോപണമുണ്ട്. സോളോ റിലീസ് പ്രഖ്യാപിച്ച ജന നായകനൊപ്പം റെഡ് ജയന്റ്‌സ് സഹനിര്‍മാതാക്കളായ പരാശക്തിയും റിലീസിനെത്തിക്കുന്നുണ്ട്. ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് ദളപതി ബോക്‌സ് ഓഫീസില്‍ തീപാറിക്കുമെന്നാണ് സിനിമാലോകം കരുതുന്നത്.