സര്‍വ്വം മായയും പ്രകമ്പനവും; വ്യത്യസ്ത പ്രേതങ്ങളാല്‍ സജീവമായി മലയാളം സിനിമ
Malayalam Cinema
സര്‍വ്വം മായയും പ്രകമ്പനവും; വ്യത്യസ്ത പ്രേതങ്ങളാല്‍ സജീവമായി മലയാളം സിനിമ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th March 2026, 8:58 am

ബഡ്ജറ്റ് ചെറുതെങ്കിലും കണ്ടന്റ് ക്വാളിറ്റിയുടെ കാര്യത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന സിനിമാ മേഖലയാണ് മലയാളത്തിലേത്. ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികള്‍ ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാക്കാലത്തും മോളിവുഡ് അതിന്റെ വൈവിധ്യം നിലനിര്‍ത്താറുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാസ് ആക്ഷന്‍ ചിത്രം എമ്പുരാനും സൂപ്പര്‍ ഹീറോ ചിത്രമായ ലോകഃയും ഹൊറര്‍ ചിത്രം ഡിയസ് ഈറെയുമെല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്.

എന്നാല്‍ ഹൊറര്‍ ചിത്രങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ച മലയാളത്തില്‍ നിന്നും അടുത്തിടെ പുറത്തുവന്ന ഹൊറര്‍ കോമഡി ഴോണറുകളില്‍ പെടുന്ന രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയും വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനവും. ഇരു ചിത്രങ്ങളും പേടിസ്വപ്‌നമായ പ്രേതം എന്ന ആശയത്തെ എങ്ങനെ നര്‍മത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന ചിന്തയില്‍ വിജയിച്ചു എന്ന് നിസംശയം പറയാവുന്നവയാണ്.

സര്‍വ്വം മായ. Photo: Mathrubhumi English

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ നിവിന്‍ പോളി എന്ന നടന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ച് വരവ് കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ പ്രഭേന്ദു എന്ന നമ്പൂതിരി യുവാവായിട്ടായിരുന്നു നിവിന്‍ പോളിയെത്തിയത്. നിരീശ്വരവാദിയായ പ്രഭേന്ദു തന്റെ ദൈനംദിന ചെലവുകള്‍ക്കായി പൂജകള്‍ ചെയ്യാന്‍ പോകുന്നതും ഒരു സാഹചര്യത്തില്‍ ഡെലൂലു എന്ന യുവതിയുടെ ആത്മാവ് പ്രഭേന്ദുവിനൊപ്പം കൂടുന്നതുമാണ് കഥാപശ്ചാത്തലം.

സാധാരണ ആത്മാവ് എങ്ങനെയായിരിക്കുമെന്ന ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു സര്‍വ്വം മായയിലെ ഡെലൂലു എന്ന കഥാപാത്രം. ചുറ്റുമുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഓണ്‍ലൈനില്‍ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും തമാശകള്‍ കാണിക്കുകയും പ്രഭേന്ദുവിന്റെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിലെ പ്രേതകഥാപാത്രം. ഡെലൂലുവായി വേഷമിട്ട റിയ ഷിബുവിന്റെ പ്രകടനവും ചിത്രത്തെ പ്രേക്ഷക സ്വീകാര്യമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.

ഇതേ ആശയത്തില്‍ എന്നാല്‍ മറ്റൊരു കഥാപശ്ചാത്തലത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രകമ്പനം. സാഗര്‍ സൂര്യ, ഗണപതി, അല്‍ അമീന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ചിരിയുടെ മാലപടക്കം തീര്‍ത്താണ് തിയേറ്റര്‍ വിട്ടത്. മൂക്കില്‍പൊടിയുടെ പാത്രത്തിലാക്കിയ അച്ഛമ്മയുടെ ചിതാഭസ്മം കൂട്ടുകാരന്‍ എടുത്ത് വലിക്കുകയും തുടര്‍ന്ന് ആത്മാവ് ദേഹത്ത് കയറുന്നതുമാണ് ചിത്രത്തിലെ പ്രേതം വരുന്ന വഴി.

പ്രകമ്പനം. Photo: KOIMOI

ഒരു കോളേജ് ഹോസ്റ്റലില്‍ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ തുമ്മുമ്പോള്‍ മറ്റൊരാളായി മാറുന്ന പുണ്യാളന്‍ എന്ന കഥാപാത്രമായി സാഗര്‍ സൂര്യ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ആത്മാവിനെ പുണ്യാളന്റെ ദേഹത്ത് നിന്നും ഒഴിവാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം കണ്ണൂരിലെ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകമ്പനം ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച മലയാള ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്.

ഫീല്‍ ഗുഡ് കോമഡി ഹൊറര്‍ ചിത്രമായിരുന്നിട്ട് കൂടി 150 കോടിയോളം നേടി വന്‍ വിജയമാണ് സര്‍വ്വം മായ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. അജു വര്‍ഗീസ്-നിവിന്‍ കോംബിനേഷനും റിയ ഷിബുവെന്ന പുതുമുഖവും ചിത്രത്തെ അവിസ്മരണീയമാക്കി. മറുഭാഗത്ത് മത്സരിച്ചഭിനയിച്ചാണ് പ്രകമ്പനത്തിലെ ഓരോ കഥാപാത്രങ്ങളും കളം നിറഞ്ഞത്. താരതമേന്യ മികച്ച വിജയമാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

 

Content Highlight: Prakambanam and Sarvam Maya both Horror Comedy Films becomes hit in Malayalam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.